‘18 ശതമാനം ടിപ് വേണം’; യുഎസിൽ ഭക്ഷണം കഴിച്ചു മടങ്ങിയ ആളെ പിന്തുടർന്ന് അസഭ്യം പറഞ്ഞ് ഹോട്ടലുടമ

Mail This Article
ഇല്ലിനോയ് ∙ അമേരിക്കയിലെ ഇല്ലിനോയിൽ ടിപ്പ് നൽകാത്തതിന് ഉപഭോക്താവിനെ ഹോട്ടലുടമ പിന്തുടർന്ന് അസഭ്യം പറഞ്ഞു. ടേബിൾ ടു സ്റ്റിക്സ് എന്ന റാമൻ ഹോട്ടലിന്റെ ഉടമയായ കെന്നി ചൗ ആണ് 19.89 ഡോളറിന്റെ ഭക്ഷണം കഴിച്ച് 20 ഡോളർ നൽകിയ ശേഷം ടിപ്പ് നൽകാതെ പോയ ഉപഭോക്താവിനെ പിന്തുടർന്ന് അസഭ്യം പറഞ്ഞത്. 18 ശതമാനം ടിപ് വേണമെന്നും ചൗ ആവശ്യപ്പെട്ടു
ക്യാപ്റ്റിൽ ജെന്റിൽമാൻ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചൗ ഉപഭോക്താവിനെ അസഭ്യം പറയുന്ന വിഡിയോ പുറത്തുവന്നത്. ശാന്തനായി നിൽക്കുന്ന ഉപഭോക്താവ്, കടയുടമയോട് പിന്നോട്ട് പോകാൻ ആവർത്തിച്ച് ആവശ്യപ്പെടുന്നതും വിഡിയോയിൽ കാണാം.
"ഞാൻ എന്റെ ഭക്ഷണത്തിന് പണം നൽകി. 20 ഡോളർ തന്നു. ഞാൻ വാങ്ങിയതിനേക്കാൾ കൂടുതൽ എന്തിനാണ് ചോദിക്കുന്നത്?. നിങ്ങൾക്ക് എന്താണ് വേണ്ടത്? ഞാൻ എന്റെ ഭക്ഷണത്തിന്റെ പൈസ തന്നല്ലോ!" എന്നും ഉപഭോക്താവ് ചോദിക്കുന്നത് വിഡിയോയിൽ ദൃശ്യമാണ്.
എന്നാൽ ഇതിന് മറുപടിയായി ചൗ വളരെ മോശം ഭാഷയാണ് ഉപയോഗിച്ചത്. ഈ സംഭവം പുറത്തറിഞ്ഞതോടെ ഹോട്ടലിനെതിരെ നിരവധി മോശം അഭിപ്രായങ്ങൾ ഓൺലൈനിലൂടെ വരാൻ തുടങ്ങി. തുടർന്ന് കടയ്ക്ക് മുന്നിലും പ്രതിഷേധങ്ങൾ അരേങ്ങറി.
സംഭവം വിവാദമായതോടെ ചൗ ക്ഷമാപണം നടത്തി. തന്റെ നിയന്ത്രണം വിട്ട നിമിഷമായിരുന്നു അതെന്ന് ചൗ അറിയിച്ചു. കൂടാതെ, ചൗ ഉപഭോക്താവിന്റെ സഹോദരന് സൗജന്യ ഭക്ഷണം അയച്ചുകൊടുക്കുകയും ഒരു ക്ഷമാപണ കത്ത് നൽകുകയും ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.