കാനഡയും യുഎസും അകലുന്നു; പുതിയ പാത തേടുമെന്ന് പ്രധാനമന്ത്രി കാർണി

Mail This Article
ഹൂസ്റ്റൺ∙ അമേരിക്കയുമായുള്ള പതിറ്റാണ്ടുകൾ നീണ്ട ബന്ധം അവസാനിപ്പിച്ച് പുതിയൊരു പാതയിലേക്ക് നീങ്ങാൻ കാനഡ ഒരുങ്ങുന്നതായുള്ള സൂചനകൾ പുറത്തുവരുന്നു. ഈ സുപ്രധാന തീരുമാനം ലോക രാഷ്ട്രീയത്തിലും സാമ്പത്തിക രംഗത്തും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. അമേരിക്കയുമായുള്ള ദീർഘകാല ബന്ധം അവസാനിക്കുന്നതിൽ തനിക്ക് നിരാശയുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി രാജ്യത്തെ പൗരന്മാരോട് തുറന്നുപറഞ്ഞു. എന്നാൽ യാഥാർഥ്യം അംഗീകരിച്ച് മുന്നോട്ട് പോകേണ്ടത് അനിവാര്യമാണെന്ന സന്ദേശവും അദ്ദേഹം നൽകി.
ഹാർവാർഡ്, ഓക്സ്ഫോഡ് സർവകലാശാലകളിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ കാർണി, കാനഡയുടെ ഈ നിർണായക തീരുമാനം അമേരിക്കയെ കൃത്യമായി അറിയിക്കുമെന്ന് കനേഡിയൻ ജനതയ്ക്ക് ഉറപ്പുനൽകി. കാനഡയിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി ജയം നേടിയ ശേഷം നടന്ന പ്രസംഗത്തിലും കാർണി ട്രംപിനെ രൂക്ഷമായി വിമർശിച്ചു. കാനഡയും അമേരിക്കയും തമ്മിലുള്ള സഹകരണത്തിന്റെ പഴയ യുഗം അവസാനിച്ചുവെന്ന് കാർണി പ്രഖ്യാപിച്ചു.
അമേരിക്കയെ അമിതമായി ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കും. കാനഡയെ തന്റെ രാജ്യത്തിന്റെ 51-ാമത്തെ സംസ്ഥാനമാക്കാൻ ട്രംപ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും, കാനഡയുടെ പരമാധികാരത്തെ പലപ്പോഴും അവഗണിക്കുകയും പ്രധാനമന്ത്രിയെ 'ഗവർണർ' എന്ന് വിളിക്കുകയും ചെയ്തതായും കാർണി ആരോപിച്ചു. ഗ്രീൻലാൻഡ് വാങ്ങാൻ ശ്രമിക്കുന്നതുപോലെ കാനഡയെയും 'വാങ്ങാൻ' ട്രംപ് നിർദ്ദേശിച്ചു.
ട്രംപിന്റെ പക്ഷത്തുനിന്നുണ്ടായ പ്രകോപനപരമായ നടപടികൾക്കെതിരെ കാനഡ ശക്തമായി പ്രതികരിച്ചു. കലിഫോർണിയ, ഓറിഗൻ, വാഷിങ്‌ടൻ, മിനസോഡ എന്നീ സംസ്ഥാനങ്ങളെ 'വാങ്ങാൻ' ഒരു വിപരീത നിർദ്ദേശം കാനഡ മുന്നോട്ട് വെച്ചു. ഇതിന് മറുപടിയായി ട്രംപ് കാനഡയ്ക്കെതിരെ കടുത്ത വ്യാപാര നികുതികൾ ഏർപ്പെടുത്തി. എന്നാൽ ഈ പ്രതിസന്ധിയിൽ നിന്ന് കാനഡ കൂടുതൽ കരുത്തോടെ ഉയർത്തെഴുന്നേൽക്കുമെന്നും, ട്രംപിന്റെ ഏത് ശ്രമത്തെയും ചെറുക്കാൻ തങ്ങൾ തയ്യാറാണെന്നും കാർണി തന്റെ വിജയ പ്രസംഗത്തിൽ വ്യക്തമാക്കി.