തീവ്രവാദത്തിനെതിരെ ശക്തമായി പോരാടണം: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്

Mail This Article
ഷിക്കാഗോ ∙ ജമ്മു കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ മരിച്ചവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. കത്തോലിക്കാ സഭയുടെ ആധ്യാത്മിക നേതാവായിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിലും അതിയായ ദുഃഖവും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്റർ സംഘടിപ്പിച്ച യോഗത്തിൽ എല്ലാവരും പങ്കുവച്ചു.
പ്രസിഡന്റ് സതീശൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അദ്ദേഹം ഭീകരതയ്ക്കു എതിരേയുള്ള പോരാട്ടത്തിന് ഭാരത സർക്കാരിനോടൊപ്പമെന്ന് പറഞ്ഞു. നിരപരാധികളായ ടൂറിസ്റ്റുകളെ മതം ചോദിച്ച് ഉറപ്പുവരുത്തിയതിനുശേഷം ക്രൂരമായി കൊന്നുതള്ളിയ ഭീകരന്മാർക്കു ശക്തമായ തിരിച്ചടി നൽകണമെന്നും ഇനിയും ഇതുപോലെയുള്ള ഭീകര പ്രവർത്തനങ്ങൾ ഭാവിയിൽ ഉണ്ടാകാതെയിരിക്കത്തക്കവണ്ണമുള്ള പ്രഹരം അവർക്കു നൽകണമെന്നും ചെയർമാൻ തോമസ് മാത്യു പറഞ്ഞു.
കുറേ നാളുകളായി വളരെ സന്തോഷത്തോടുകൂടി ജീവിതം മുന്നോട്ടു നയിച്ചുകൊണ്ടിരുന്ന കാശ്മീർ ജനതയുടെ ഉറക്കം കെടുത്തിയ നീചൻമാർക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും ഇനിയിതാവർത്തിക്കുവാനുള്ള അവസരം ഉണ്ടാകുവാൻ പാടില്ലെന്നും ട്രഷറാർ വിപിൻ രാജ് പറഞ്ഞു.
കൂടാതെ തദവസരത്തിൽ ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് സന്തോഷ് നായർ, ഡിട്രോയിറ്റ് ചാപ്റ്റർ പ്രസിഡന്റ് ഡോ. മാത്യു വർഗീസ്, ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് തോമസ് ഓലിയാംകുന്നേൽ, ഉഷാ ജോർജ്, സ്റ്റീഫൻ ലൂക്കോസ്, തമ്പി മാത്യു, ഏ. സി. ജോർജ്, പി. വി. ചെറിയാൻ, ജോസ് പന്തളം, ബിജു കണ്ടത്തിൽ തുടങ്ങിയവരും ഭീകരവാദത്തിനെതിരെ ശക്തമായി അപലപിക്കുകയും ഭീകരവാദത്തെ ഉൻമൂലനം ചെയ്യുവാൻ ഭാരതത്തോടൊപ്പം കൈകോർക്കുന്നുവെന്ന് പറയുകയും ചെയ്തു. അതോടൊപ്പം തന്നെ ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിലുള്ള അനുശോചനം അറിയിക്കുകയും ചെയ്തു.
ജനറൽ സെക്രട്ടറി സജി കരിമ്പനൂർ നന്ദി അറിയിക്കുകയും ഭീകരവാദത്തിനെതിരെ ശക്തമായി പ്രതികരിക്കുകയും ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിലുള്ള അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.