ADVERTISEMENT

ഡാലസ് ∙ ഫ്ലോറിഡയിൽ ഭർത്താവിനും 17 മാസം പ്രായമുള്ള മകൾക്കുമൊപ്പം താമസിക്കുകയായിരുന്ന ക്യൂബൻ യുവതിയെ നാടുകടത്തി. ഹെയ്ഡി സാഞ്ചസ് എന്ന യുവതിയെയാണ് അധികൃതർ കുടുംബത്തിൽ നിന്ന് വേർപെടുത്തി അവരുടെ നാടായ ക്യൂബയിലേക്ക് നാടുകടത്തിയത്.

കഴിഞ്ഞ ഏപ്രിലിൽ ഇമ്മിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് അധികൃതരാണ് ഹെയ്ഡി സാഞ്ചസിനെ വിളിപ്പിച്ചത്. പിറ്റേ ദിവസത്തേക്ക് മാറ്റിവെച്ച കൂടിക്കാഴ്ച സാധാരണ നടപടിക്രമമാണെന്ന് കരുതി ഭർത്താവ് കാർലോസ് വാലെ, മകൾ, അഭിഭാഷകൻ എന്നിവർക്കൊപ്പമാണ് യുവതി എത്തിയത്. എന്നാൽ, ഐസിഇ ഏജന്റുമാർ കസ്റ്റഡിയിലെടുക്കുകയും മകളെ അഭിഭാഷകന് കൈമാറാൻ ആവശ്യപ്പെട്ട ശേഷം ക്യൂബയിലേക്ക് ഉടൻ നാടുകടത്തുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.

' മകളെ കൊണ്ടുപോകാനുള്ള അവസരം അവർ എനിക്ക് നൽകിയില്ല. കുട്ടിയുടെ അച്ഛനോട് വന്ന് കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെടൂ' – ഇങ്ങനെയാണ് അവർ പറഞ്ഞതെന്ന് ഹെയ്ഡി സാഞ്ചസ് പറയുന്നു. ചോദ്യം ചെയ്യൽ നടക്കുന്ന മുറിയിലേക്ക് ഭർത്താവ് കാർലോസ് വാലെയെ പ്രവേശിപ്പിച്ചില്ല. നാടുകടത്തുകയാണെന്ന് അറിയിച്ചപ്പോഴും ഭാര്യയെ കാണാനോ മകളെ അദ്ദേഹത്തിന് കൈമാറാനോ ഐസിഇ ഏജന്റുമാർ അനുവദിച്ചില്ലെന്ന് കാർലോസ് വാലെ വ്യക്തമാക്കി. പകരം, മകളുടെ ഉത്തരവാദിത്തം അഭിഭാഷകൻ ഏറ്റെടുക്കുകയായിരുന്നു.

ട്രംപിന്റെ ആദ്യ ഭരണകാലത്തെ "Remain in Mexico" പ്രോഗ്രാം നിലവിലുണ്ടായിരുന്ന 2019ലാണ് സാഞ്ചസ് മെക്സിക്കോയിൽ നിന്ന് യുഎസിലേക്ക് എത്തിയത്. ക്യൂബൻ കുടിയേറ്റക്കാരെ തട്ടിക്കൊണ്ടുപോവുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്ന മെക്സിക്കൻ കാർട്ടലുകളെ ഭയന്നാണ് അതിർത്തി കടന്നതെന്നും തന്റെ ജീവൻ അപകടത്തിലാണെന്നും യുഎസ് ഇമ്മിഗ്രേഷൻ ഉദ്യോഗസ്ഥരോട് യുവതി പറഞ്ഞിരുന്നു. തുടർന്ന് യുഎസിൽ തങ്ങാൻ അവരെ അനുവദിക്കുകയായിരുന്നു. ഒൻപത് മാസത്തോളം ഇമ്മിഗ്രേഷൻ കസ്റ്റഡിയിൽ കഴിഞ്ഞ ശേഷം വിട്ടയച്ച യുവതിക്ക് ഫ്ലോറിഡയിലെ റ്റാംപയിലുള്ള കുടുംബത്തോടൊപ്പം താമസിക്കാൻ അനുമതി ലഭിച്ചിരുന്നു. നാടുകടത്തൽ നടപടികൾ തടയാൻ ശ്രമിച്ചെങ്കിലും അധികാരികൾ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് യുവതിയുടെ അഭിഭാഷകൻ പറയുന്നു.

'അമ്മയെ വിളിച്ച് കു‍ഞ്ഞ് കരച്ചിലാണ്. ചെറിയ കുഞ്ഞാണ്. ആരോഗ്യപ്രശ്നങ്ങളും ഉണ്ട്. ഫോണിൽ കണക്ട് ചെയ്യാൻ വൈഫൈയ്ക്ക് പോലും ബുദ്ധിമുട്ടുന്നു' - യുവതിയുടെ ഭർത്താവ് കാർലോസ് വാലെ പറയുന്നു.

English Summary:

Cuban Mother Deported from US by ICE, Separated from 17-Month-Old Daughter and American Husband

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com