ആഘോഷത്തിന്റെ വേറിട്ട രാവൊരുക്കി 'എച്ച്എംഎ സെസ്റ്റ്'

Mail This Article
മിസ്സിസാഗ ∙ പഴയ തലമുറയേയും പുതുതലമുറയേയും ഒരുപോലെ കയ്യിലെടുത്ത് ഹാൾട്ടൻ മലയാളി അസോസിയേഷൻ സെസ്റ്റിന്റെ ആഘോഷരാവ്. തലമുറകളെ ബന്ധിപ്പിക്കുന്ന കണ്ണിയായതാകട്ടെ അക്കര കാഴ്ചകളിലൂടെ സുപരിചിതനായ ജോസുകുട്ടി എന്ന ജോർജ് തേക്കിന്മൂട്ടിൽ.
കുടുംബാംഗമായി മാറിയ 'തേക്കിന്മൂട്ടിലിനൊപ്പം' ചിത്രങ്ങളെടുക്കാനും സ്വന്തം ജീവിതത്തിലെ 'അക്കരകാഴ്ചകൾ' അനുഭവങ്ങൾ പങ്കുവെയ്ക്കാനും മുതിർന്നവരും കൗമാരക്കാരും ചുറ്റും കൂടിയതും കൗതുകകാഴ്ച ആയി.
കാലം ഇത്രയും കഴിഞ്ഞിട്ടും ചിരിയുടെ അലയൊലികൾ ഒരുക്കുന്ന വ്യക്തിത്വത്തിന്റെ സാന്നിധ്യവും നൃത്ത- സംഗീത പരിപാടികളും കൂട്ടായ്മയ്ക്ക് കൊഴുപ്പേകി. കിഡ്സ് കാർണിവലോടെയായിരുന്നു തുടക്കം. അഞ്ഞൂറിലേറെപ്പേർ അടങ്ങിയ സദസ്സിനെ നാല് ഗ്രൂപ്പുകളായി തിരിച്ച് ലൈവ് മത്സരങ്ങളും നടത്തി.

ഓം, കെ എൽ കമ്പനി, ടീം ഡാസ്ലിങ് എന്നിവരുടെ നൃത്ത പരിപാടികളും ശ്രദ്ധേയമായി. അഖിൽ വിജയകുമാർ, വിഷ്ണു സുരേഷ്, വർഷ വിജയൻ, കിയെറ ഡെന്നിസ് എന്നിവരുടെ ഗാനങ്ങളും അരവിന്ദ് രവിവർമ, യദു കൃഷ്ണ, പോൾ ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഗീതപരിപാടിയുമെല്ലാം ഒരുക്കിയത് ശ്രുതി സാഗരമാണ്.
പ്രസിഡന്റ് രഞ്ജിത്ത് ശ്രീകുമാർ, വൈസ് പ്രസിഡന്റ് സുജ രാജൻ, സെക്രട്ടറി സതിഷ് പത്തുപില്ല്യത്ത്, ട്രഷറർ ജയകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജാക്ക്സൺ ജോസ്, നിമിഷ ജോയ് എന്നിവരായിരുന്നു അവതാരകർ. റിയൽറ്റർ മനോജ് കരാത്ത ആയിരുന്നു മുഖ്യ പ്രായോജകൻ. റിത്മിക് റൂട്ട്സിന്റെ ആഫ്രിക്കൻ വാദ്യവും പേർപ്പിൾ ഡീയുടെ ഡിജെയും എച്ച് എം എ സെസ്റ്റ് ഷോയ്ക്ക് ആഘോഷരാവിന്റെ പൊലിമ പകർന്നു.