ഒഹായോയിലെ യുവതിയുടെ കൊലപാതകത്തിൽ അമിഷ് യുവാവ് അറസ്റ്റിൽ; ഞെട്ടൽ മാറാതെ അമിഷ് സമൂഹം

Mail This Article
ഒഹായോ∙ പുറംലോകവുമായി കാര്യമായി ബന്ധം പുലർത്താതെ കഴിയുന്ന അമിഷ് ജനതയെ ഞെട്ടിച്ച് കൊണ്ട് 18 വയസ്സുകാരനായ യുവാവ് അറസ്റ്റിൽ. അമിഷ് സമൂഹത്തിലെ അംഗമായ സാമുവൽ ഹോച്ച്സ്റ്റെറ്റ്‌ലർ 28 വയസ്സുകാരിയായ റോസന്ന കിൻസിങറുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതാണ് അമിഷ് സമൂഹത്തെ ഞെട്ടിച്ചത്.
കെന്റക്കി സ്വദേശിയായ സാമുവൽ ഹോച്ച്സ്റ്റെറ്റ്‌ലറിനെ തിങ്കളാഴ്ചയാണ് ഒഹായോയിൽ താമസിച്ചിരുന്നു റോസന്നയുടെ മരണത്തിൽ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ സാമുവേലിന് ഒരു മില്യൻ ഡോളറിന്റെ ബോണ്ടിൽ ജാമ്യം അനുവദിച്ചിരുന്നു. ഇത് അടയ്ക്കാൻ സാധിക്കാത്തതിനാൽ ഇയാൾ ഇപ്പോഴും ജയിലിൽ തുടരുകയാണ്. ഒഹായോയിലെ ഗാലിയ കൗണ്ടി ജയിലിൽ കഴിയുന്ന ഇയാളുടെ മഗ്ഷോട്ട് പുറത്തുവന്നിട്ടുണ്ട്
മാർച്ച് 13നാണ് റോസന്നയെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ കേസിൽ സാമുവൽ ഹോച്ച്സ്റ്റെറ്റ്‌ലറിലേക്ക് അന്വേഷണം എങ്ങനെ എത്തിച്ചേർന്നു എന്നത് സംബന്ധിച്ച് മെയ്ഗ്സ് കൗണ്ടി ഷെരീഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. ഒട്ടറെ പേരെ ചോദ്യം ചെയ്തു. റോസന്നയുടെ വീട്ടിൽ നിന്ന് തെളിവുകൾ ശേഖരിച്ചു. ഇതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് അധികൃതർ പറഞ്ഞു.
റോസന്നയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോണ്ട്ഗോമറി കൗണ്ടി കൊറോണർ ഓഫിസിലേക്ക് അയച്ചിരുന്നു. എന്നാൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണത്തെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.