എൻ.കെ. ലൂക്കോസ് മെമ്മോറിയൽ നാഷനൽ വോളിബോൾ ടൂർണമെന്റ് ന്യൂയോർക്കിൽ ഓഗസ്റ്റ് 24 ന്

Mail This Article
ന്യൂയോർക്ക് ∙ വോളിബോൾ താരമായിരുന്ന എൻ. കെ. ലൂക്കോസിന്റെ സ്മരണാർഥം വർഷംതോറും അമേരിക്കയിലും കാനഡയിലുമായി നടത്തിവരുന്ന 18-ാമത് എൻ. കെ. ലൂക്കോസ് മെമ്മോറിയൽ നാഷനൽ വോളിബോൾ ടൂർണമെന്റ് ഓഗസ്റ്റ് മാസം 24 ന് ന്യൂയോർക്ക് ക്വീൻസ്കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ (Queens College – Fitzgerald Gym, 65-30 Kissena Blvd, Flushing, NY 11367) നടത്തപ്പെടുന്നു. ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക (ഫോമാ - FOMAA) ന്യൂയോർക്ക് മെട്രോ റീജനാണ് ഈ വർഷത്തെ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.
കഴിഞ്ഞവർഷം പതിനേഴാമത് ടൂർണമെന്റ് കാനഡ നയാഗ്രയിലുള്ള പാന്തേഴ്സ്ക്ലബ്ബായിരുന്നു ആതിഥേയത്വം വഹിച്ചത്. ലൂക്കോസ്നടുപറമ്പിൽ ഫൗണ്ടേഷനാണ് എല്ലാ വർഷവും പ്രസ്തുത വാർഷിക നാഷനൽ ടൂർണമെന്റ് നടത്തിപ്പിന്റെ ഉത്തരവാദിത്വം. ഓരോ വർഷവും അമേരിക്കയിലെ ഓരോ സംസ്ഥാനത്ത് വച്ചാണ് ടൂർണമെന്റ് നടത്താറുള്ളത്. യുവാക്കളുടെ പങ്കാളിത്വത്തിനും അവരുടെ ഭാവി ഉന്നമനത്തിനുമായി രൂപീകരിക്കപ്പെട്ട ഫോമാ മെട്രോ റീജൻ യൂത്ത് ഫോറമാണ് ടൂർണമെന്റ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്.
കഴിഞ്ഞദിവസം ന്യൂയോർക്ക് സന്തൂർ റസ്റ്ററന്റിൽ റീജനൽ വൈസ് പ്രസിഡന്റ് മാത്യുജോഷ്വയുടെ അധ്യക്ഷതയിൽ ചേർന്ന ഫോമാമെട്രോ റീജൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. 2008-ൽ രൂപീകൃതമായ ഫോമാ എന്ന സംഘടന യുവാക്കളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും യുവാക്കളെ ലഹരിമരുന്നുകളുടെ ഉപയോഗത്തിൽ നിന്നും പിൻതിരിപ്പിക്കുന്നതിനും ഉദ്ദേശിച്ചാണ് സ്പോർട്സ് ആക്ടിവിറ്റികൾക്ക് ഊന്നൽ നൽകി പ്രവർത്തിക്കുന്നത്. എന്നാൽ ഇതുപോലൊരു വോളിബോൾ ടൂർണമെന്റ് ന്യൂയോർക്ക് മെട്രോ റീജൻ ആദ്യമായാണ് സംഘടിപ്പിക്കുന്നത്. ടൂർണമെന്റിന്റെ നടത്തിപ്പിനായി ഒരു പ്രത്യേക കമ്മറ്റിയും രൂപീകരിച്ചു.
വോളിബോൾ ടൂർണമെൻറ് കമ്മിറ്റി കൺവീനറായി ബിഞ്ചുജോൺ, കോർഡിനേറ്ററായി അലക്സ്സിബി, അംഗങ്ങളായി റിനോജ് കോരുത്, തോമസ് പ്രകാശ്, ഷാജി വർഗ്ഗീസ്, തോമസ്കോലടി എന്നിവരെ യോഗം ഏകകണ്ഡേന തിരഞ്ഞെടുത്തു. ടൂർണ്ണമെന്റിനോടനുബന്ധിച്ച് ഒരു സുവനീർ പ്രകാശനം ചെയ്യുന്നതിനും തീരുമാനിച്ചു. സുവനീർ കമ്മിറ്റി കൺവീനറായി മാത്യുക്കുട്ടി ഈശോ, കോർഡിനേറ്ററായി സജി എബ്രഹാം, അംഗങ്ങളായി തോമസ് പൈക്കാട്ട്, ജെസ്വിൻ ശാമുവേൽ ലാലി കളപുരക്കൽ, ഷേർളി പ്രകാശ്, ബിബിൻ മാത്യു എന്നിവരെയും യോഗം തിരഞ്ഞെടുത്തു.
വോളിബോൾ ടൂർണമെന്റിന്റെ നടത്തിപ്പിലേക്കായി സാമ്പത്തിക ആവശ്യങ്ങൾക്ക് സ്പോൺസർമാരെ കണ്ടെത്തുന്നതിന് രണ്ടുസബ് കമ്മിറ്റികളെയും ചുമതലപ്പെടുത്തി. ഏകദേശം പന്ത്രണ്ടോളം ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുവാൻ സാധ്യത ഉള്ളതായി ടൂർണമെന്റ് സബ് കമ്മിറ്റി കൺവീനർ ബിഞ്ചു ജോൺ പ്രസ്താവിച്ചു. വിശദവിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്. കൂടുതൽവിവരങ്ങൾക്ക്: Mathew Joshua, RVP – (516) 761-2406 , Mathew K Joshua (Bobby), Regional Secretary – (646) 261-6314, Binchu John, Tournament Convener – (646) 584-6859, Alex Sibi, Tournament Coordinator -(347) 285-5732, Mathewkutty Easow, Souvenir Convener – (516) 455-8596, Saji Abraham, Souvenir Coordinator – (917) 617-3959.