ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ തിരുവുത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു

Mail This Article
ഹൂസ്റ്റൺ∙ ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ 2025ലെ തിരുവുത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു. കേരളീയ ക്ഷേത്ര ആചാരങ്ങളുടെ പൈതൃകം വിളിച്ചോതുന്ന ചടങ്ങുകളിൽ വിശ്വാസികൾ പങ്കുചേർന്നു.
പുലർച്ചെ പള്ളിയുണർത്തലോടെ ആരംഭിച്ച ആഘോഷങ്ങളിൽ ചെണ്ടമേളവും ധൂപവും ഭക്തിസാന്ദ്രമായ അന്തരീക്ഷം തീർത്തു. ഉച്ചയ്ക്ക് ശ്രീ ഭൂതബലി ഭഗവാന്റെ സ്വർഗ്ഗീയ സേവകർക്കുള്ള പ്രാർഥനകളോടെ നടന്നു. മന്ത്രാക്ഷരങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നപ്പോൾ ഭക്തർ ആത്മീയ ഐക്യത്തിൽ ലയിച്ചു. സന്ധ്യയോടെ വിളക്കുകളും ചെണ്ടമേളവും ഭക്തിഗാനങ്ങളുമായി ശ്രീ ഗുരുവായൂരപ്പൻ എഴുന്നള്ളിപ്പ് നടന്നു. തുടർന്ന് ആറാട്ട് ചടങ്ങുകൾ നടന്നു.

കൊടിയിറക്കൽ ദിനത്തിൽ പല്ലാവൂർ ശ്രീധരൻ, പല്ലശ്ശന ശ്രീജിത്ത് മാരാർ, മനോജ് മാരാർ എന്നിവരുടെ തായമ്പക ആസ്വാദകരുടെ മനം കവർന്നു. സമാപന സമ്മേളനത്തിൽ രാഷ്ട്രീയ, സാംസ്കാരിക, സമുദായ രംഗത്തെ പ്രമുഖർ പങ്കെടുത്തു. ക്ഷേത്ര പ്രസിഡന്റ് ഡോ. സുബിൻ ബാലകൃഷ്ണൻ, സെക്രട്ടറി വിനോദ് നായർ, ട്രസ്റ്റി ചെയർമാൻ സുനിൽ നായർ എന്നിവർ സംസാരിച്ചു.
ഉത്സവത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നത് വർണ്ണാഭമായ വെടിക്കെട്ടാണ്. പിന്നണി ഗായകൻ ഉണ്ണി മേനോൻ നയിച്ച സംഗീത പരിപാടിയും ഭക്തർക്ക് ആനന്ദം പകർന്നു.

വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും സാംസ്കാരിക ഐക്യത്തിന്റെയും പ്രതീകമായി ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം നിലകൊള്ളുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്ത∙ ശങ്കരൻകുട്ടി ഹൂസ്റ്റൺ.