ബ്യൂട്ടി ഇൻഫ്ലുവൻസർ വലേറിയ മാർക്വസ് കൊല്ലപ്പെട്ടു; ഫെമിസൈഡ് എന്ന് സംശയം

Mail This Article
മെക്സിക്കോ സിറ്റി ∙ മെക്സിക്കോയിൽ 23 വയസ്സുകാരിയായ ബ്യൂട്ടി ഇൻഫ്ലുവൻസർ വലേറിയ മാർക്വസ് സപ്പോപാനിൽ വച്ച് വെടിയേറ്റു കൊല്ലപ്പെട്ടു. സ്വന്തം ബ്യൂട്ടി സലൂണായ ബ്ലോസത്തിൽ വച്ച് ആരാധകരുമായി ലൈവ് സ്ട്രീമിങ് നടത്തുന്നതിനിടെയാണ് സംഭവം. ആരാധകരുടെ മുന്നിലിരുന്ന് ഒരു മൃഗത്തിന്റെ രൂപം അടങ്ങിയ പാഴ്സൽ തുറക്കുന്നതിനിടെ, ആയുധധാരിയായ ഒരാൾ സലൂണിലേക്ക് അതിക്രമിച്ചു കയറി വലേറിയയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ലൈവ് സ്ട്രീമിങ്ങിനിടെ വലേറിയ വെടിയേറ്റു വീണത് കണ്ടെങ്കിലും, പല ആരാധകരും ഇതൊരു തമാശയാണെന്ന് കരുതി. പിന്നീട് അജ്ഞാതനായ ഒരാൾ വലേറിയയുടെ ഫോൺ എടുത്ത് കട്ട് ചെയ്തപ്പോഴാണ് ലൈവ് സ്ട്രീമിങ് അവസാനിച്ചു. പലരും സംഭവം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്.ജാലിസ്കോ സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഓഫിസ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. മെക്സിക്കോയിൽ സാധാരണമായ ലിംഗാധിഷ്ഠിത കൊലപാതകമായ ഫെമിസൈഡാണ് വലേറിയയുടെ മരണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
∙എന്താണ് ഫെമിസൈഡ്? മെക്സിക്കോയിൽ വർധിക്കുന്ന ലിംഗാധിഷ്ഠിത കൊലപാതകങ്ങൾ
ഒരു സ്ത്രീ കൊല്ലപ്പെടുന്നത് മാത്രമല്ല ഫെമിസൈഡ്. ഒരു സ്ത്രീയെ അവളുടെ ലിംഗഭേദം കാരണം മാത്രം കണ്ടെത്തി കൊലപ്പെടുത്തുന്നതിനെയാണ് ഫെമിസൈഡ് എന്ന് പറയുന്നത്. സ്ത്രീവിദ്വേഷമാണ് ഇത്തരം പ്രവൃത്തികൾക്ക് പിന്നിലെ പ്രധാന പ്രേരണ. 2020ൽ മെക്സിക്കോയിലെ ശരാശരി നാല് സ്ത്രീ കൊലപാതകങ്ങളിൽ ഒന്ന് ഫെമിസൈഡ് ആണെന്ന് സംശയിക്കുന്നതായി ആംനസ്റ്റി ഇന്റർനാഷനൽ ചൂണ്ടിക്കാട്ടി.
ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്ന പുരുഷന്മാർക്ക് സ്ത്രീകളുടെ ജീവിതം നിയന്ത്രിക്കാൻ അവകാശമുണ്ടെന്നും, സ്വാതന്ത്ര്യം സ്ഥാപിക്കുന്നതിനോ, താൽപര്യം നിരസിക്കുന്നതിനോ, അല്ലെങ്കിൽ വലേറിയയുടെ കാര്യത്തിലെന്നപോലെ പൊതുരംഗത്ത് കാണുന്നതിനോ വിജയിക്കുന്നതിനോ അവരെ ശിക്ഷിക്കാൻ അവർക്ക് അധികാരമുണ്ടെന്നും തോന്നലുള്ളവരാണ് ഫെമിസൈഡിന് പിന്നിൽ എന്നാണ് മനഃശാസ്ത്രം വിശദീകരിക്കുന്നത്.
ടിക് ടോക്, ബ്യൂട്ടി സംരംഭക എന്നീ നിലകളിൽ വലേറിയയ്ക്ക് ഇൻസ്റ്റഗ്രാമിൽ 149,000ൽ അധികവും ടിക് ടോക്കിൽ 114,000ൽ അധികവും ഫോളോവേഴ്സ് ഉണ്ടായിരുന്നു. മരണത്തിന് തൊട്ടുമുൻപ്, അവർ കണ്ണാടിയിൽ നിന്നുള്ള ഒരു സെൽഫിയും മറ്റ് ചിത്രങ്ങളും മോഡലിങ് ഷോട്ടുകളും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തിരുന്നു.വെറാക്രൂസിലെ വനിതാ മേയർ സ്ഥാനാർഥി ലൈവ് സ്ട്രീമിങ്ങിനിടെ കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് വലേറിയയുടെ കൊലപാതകവും. ഈ കേസും ഫെമിസൈഡായി സംശയിക്കുന്നതായി അന്വേഷണ സംഘം പറഞ്ഞു.