ഭയന്ന് വിറച്ച നിമിഷങ്ങൾ: 88 പേരുടെ ജീവൻ കവർന്നെടുത്ത വിമാന ദുരന്തത്തിന്റെ ബാക്കിപത്രം; വീണ്ടും ചർച്ചയായി കോക്ക്പിറ്റ് സംഭാഷണങ്ങൾ

Mail This Article
മെക്സിക്കോ ∙ 'ഇത് LF-261 ന്റെ ഒരു പരീക്ഷണ പറക്കലാണ്, LF-261, വീണ്ടും പറയണോ? LF-261, വീണ്ടും പറയണോ, സർ? ഞങ്ങൾ 26,000 അടി ഉയരത്തിലാണ്. ഞങ്ങളുടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു...' മെക്സിക്കോയിൽ നിന്നും ഒരു യാത്രാ വിമാനം പറന്നുയർന്നു. സിയാറ്റിൽ-ടക്കോമ രാജ്യാന്തര വിമാനത്താവളമാണ് ലക്ഷ്യം. സാധാരണ നിലയിൽ പറന്നുയർന്ന വിമാനത്തിന്റെ നിയന്ത്രണം യാത്രാമധ്യേ നഷ്ടപ്പെട്ടു. പസഫിക് സമുദ്രത്തിൽ വിമാനം തകർന്നുവീണു.
25 വർഷം മുൻപ് അതായത് 2000 ജനുവരി 31-ന് നടന്ന ഈ വിമാന ദുരന്തം വീണ്ടും ചർച്ചയാകുകയാണ്. 88 പേരുടെ ജീവൻ അപഹരിച്ച അലാസ്ക എയർലൈൻസ് ഫ്ലൈറ്റ് 261 ന്റെ ദുരന്തത്തിന് തൊട്ടുമുൻപുള്ള കോക്ക്പിറ്റ് സംഭാഷണങ്ങൾ സമൂഹമാധ്യമത്തിൽ വീണ്ടും ശ്രദ്ധനേടിയിരിക്കുകയാണ്.
ഇതിനോടകം ഏഴ് ദശലക്ഷത്തിലധികം ആളുകൾ കേട്ട ഈ ശബ്ദരേഖ, വിമാനത്തിലെ ജീവനക്കാരും എയർ ട്രാഫിക് കൺട്രോളും തമ്മിലുള്ള അവസാനത്തെ ആശയവിനിമയമാണ്. മെക്സിക്കോയിലെ പ്യൂർട്ടോ വല്ലാർട്ടയിൽ നിന്ന് പുറപ്പെട്ട മക്ഡൊണൽ ഡഗ്ലസ് എംഡി-83 വിമാനം സാൻ ഫ്രാൻസിസ്കോ രാജ്യാന്തര വിമാനത്താവളത്തിലും തുടർന്ന് സിയാറ്റിൽ-ടക്കോമ രാജ്യാന്തര വിമാനത്താവളത്തിലും ലാൻഡ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ യാത്രാമധ്യേ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു.
ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ കണ്ടെത്തൽ അനുസരിച്ച്, ഈ ദുരന്തത്തിന് കാരണം വിമാനത്തിലുണ്ടായ മെക്കാനിക്കൽ തകരാറായിരുന്നു. വിമാനത്തിന്റെ പിച്ച് നിയന്ത്രണത്തിന് നിർണായകമായ ഹൊറിസോണ്ടൽ സ്റ്റെബിലൈസറായ, ജാക്ക്സ്ക്രൂവിനുണ്ടായ തകരാറാണ് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായത്. വിമാനം നിയന്ത്രണവിധേയമാക്കാൻ ജീവനക്കാർ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ടു. ഈ സംഭാഷണമാണ് വീണ്ടും പ്രചരിക്കുന്നത്. ദുരന്തത്തിൽ രണ്ട് പൈലറ്റുമാരും മൂന്ന് കാബിൻ ക്രൂ അംഗങ്ങളും ഉൾപ്പെടെ 88 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.