നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ജൂലൈയിൽ; മുഖ്യ പ്രഭാഷകരായി നാല് പേർ

Mail This Article
ന്യൂയോർക്ക് ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിൽ മുഖ്യ പ്രഭാഷകരായി നാല് പേർ. ജൂലൈ 9 മുതൽ 12 വരെ കണക്റ്റികട്ട് സ്റ്റാംഫോർഡ് ഹിൽട്ടൺ ഹോട്ടൽ & എക്സിക്യൂട്ടീവ് മീറ്റിങ് സെന്ററിലാണ് കോൺഫറൻസ്.
ഫാ. ഡോ. നൈനാൻ ജോർജ്, ഫാ. ഡോ. തിമോത്തി (ടെന്നി) തോമസ്, ഫാ. ജോൺ (ജോഷ്വ) വർഗീസ്, ഡീക്കൻ അന്തോണിയോസ് (റോബി) ആന്റണി എന്നിവരാണ് മുഖ്യ പ്രഭാഷകർ. ഫാ. നൈനാൻ ജോർജ് നിലവിൽ കടമാൻകുളം സെന്റ്. മേരീസ് ഓർത്തഡോക്സ് ഇടവക വികാരിയും മലങ്കര ഓർത്തഡോക്സ് സഭയുടെ സെന്റ്. തോമസ് ഓർത്തഡോക്സ് വൈദിക സംഘത്തിന്റെ ജനറൽ സെക്രട്ടറിയുമാണ്.
ടെന്നി അച്ചൻ എന്നറിയപ്പെടുന്ന ഫാ. തോമസ് ന്യൂയോർക്ക് സെന്റ്. ജോൺസ് സർവകലാശാലയിൽ തിയോളജിയിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. സെന്റ്. ടിക്കോൺസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ ഗസ്റ്റ് ലക്ചററും, റാലീ സെന്റ്. ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക വികാരിയും നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടറുമാണ് ഫാ.തോമസ്.
ഫാ. ജോൺ (ജോഷ്വ) വർഗീസ് നിലവിൽ ഓസ്റ്റിൻ (ടെക്സസ്) സെന്റ്. ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ അസിസ്റ്റന്റ് വികാരിയും ഹ്യൂസ്റ്റൺ (ടെക്സസ്) സെന്റ്. ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ യൂത്ത് മിനിസ്റ്ററും ആണ്.
ഡീക്കൻ അന്തോണിയോസ് (റോബി) ആന്റണി നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ ടാൽമീഡോ (പുരുഷന്മാരുടെ മിനിസ്ട്രി) ഡയറക്ടറാണ്. ന്യൂയോർക്ക് ഫ്ലോറൽ പാർക്ക് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകാംഗവുമാണ്.
തീർത്ഥാടകന്റെ വഴി, ഫിലിപ്പിയർ 3:20-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് - “നമ്മുടെ പൗരത്വം സ്വർഗ്ഗത്തിലാണ്. അവിടെ നിന്ന് ഒരു രക്ഷകനെ, കർത്താവായ യേശുക്രിസ്തുവിനെ, നാം ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നതാണ് കോൺഫറസിന്റെ പ്രമേയം.
കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കും പ്രായപരിധി അനുസരിച്ച് സംവേദനാത്മക സെഷനുകളും കോൺഫറൻസിൽ ഉണ്ടായിരിക്കും. ബൈബിൾ, ഓർത്തഡോക്സ് വിശ്വാസവും പാരമ്പര്യവും, പ്രസക്തമായ സമകാലിക വിഷയങ്ങൾ എന്നിവയിലാണ് സെഷനുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.fycnead.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ഫാ. അബു വർഗീസ് പീറ്റർ (കോൺഫറൻസ് കോ ഓർഡിനേറ്റർ - 914-806-4595), ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി- 917-612-8832), ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ - 917-533-3566) എന്നിവരുമായോ ബന്ധപ്പെടാം.