ഇടക്കാല തിരഞ്ഞെടുപ്പിൽ വിജയം നേടാൻ ലക്ഷ്യമിട്ട് ട്രംപ്

Mail This Article
വാഷിങ്ടൻ ∙ വളരെ സുന്ദരമായ ബിൽ എന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വയം വിശേഷിപ്പിക്കുന്ന റീകൺസീലിയേഷൻ ബിൽ ബജറ്റിൽ നിന്ന് പണം നേടുന്നതിന് കുറിച്ച് വാചാലമാണ്. എന്നാൽ ബജറ്റിലൂടെ വേണ്ടി വരുന്ന അധിക ചെലവിനെ മറച്ചു വയ്ക്കുന്നുണ്ടെന്നും വിമർശകർ ആരോപിക്കുന്നു. അടുത്ത കോൺഗ്രസ് സമ്മേളനത്തിൽ അവതരിപ്പിക്കാൻ സാധ്യതയുള്ള ബില്ലിനെ വിമർശിക്കുന്നത് ഭരണ കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയുടെ സഭാംഗങ്ങൾ തന്നെയാണ്.
ഇമിഗ്രേഷൻ നടപടികൾക്ക് ആവശ്യമുള്ള ഫണ്ട് കണ്ടെത്താൻ കഴിഞ്ഞാൽ മാത്രമേ ഈ ഇനത്തിലുള്ള അടുത്ത പത്ത് വർഷത്തെ ചെലവിൽ 4 ട്രില്യൻ ഡോളർ കുറക്കുവാൻ കഴിയൂ. ഇതോടൊപ്പം പ്രസിഡന്റും യാഥാസ്ഥിതിക അനുയായികളും ജനപ്രീതി നേടിയ പദ്ധതികളുടെ ഫണ്ടിങ് എങ്ങനെ കുറക്കാൻ കഴിയുമെന്നും ആലോചിക്കേണ്ടതുണ്ട്. സപ്ലിമെന്റൽ ന്യൂട്രിഷൻ അസ്സിസ്റ്റൻസ് പ്രോഗ്രാം (എസ് എൻ എ പി ) വളരെയധികം ജനപ്രീതി നേടിയതും സജീവവുമായ പദ്ധതിയാണ്.
ഈ പദ്ധതിയുടെ ഫണ്ടിങ് കുറക്കുന്നതിന് മുൻപ് പലകുറി ആലോചിക്കേണ്ടതുണ്ട്. പിന്നീടുള്ള പ്രധാന വിഷയം ആരോഗ്യ രക്ഷക്ക് ഫെഡറൽ ഗവൺമെന്റ് നൽകുന്ന സഹായധനങ്ങളാണ്. ഇതിലും തൊട്ടാൽ കൈ പൊള്ളും എന്ന അവസ്ഥയാണ്. കാരണം ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കുമെതിരായി വളരെയധികം വ്യാജ ആരോപണങ്ങൾ മെഡികെയർ, മെഡിക്കയിഡ് വിഷയങ്ങളിൽ ഉയരാറുണ്ട്. ഈ പദ്ധതികളിൽ വളരെ വലിയ വെട്ടിച്ചുരുക്കലുകൾ ആശ്വാസ്യമല്ല. ഈ പദ്ധതികളിൽ നിന്ന് ലഭിക്കുന്നതും ചെലവ് ചുരുക്കലുമായ മറ്റു പരിപാടികളും കൂട്ടിച്ചേർത്ത് ബജറ്റിൽ ഉണ്ടാക്കാൻ കഴിയുന്ന നാല് ട്രില്യൻ ഡോളറും ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് ട്രംപിന്റെ ഉദ്ദേശം.
ഈ നയ തന്ത്ര പരിപാടി മുളയിലേ നുള്ളുകയാണ് ടെക്സസിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി ചിപ്പ് റോയിയെ പോലുള്ളവർ ചെയ്യുന്നത്. ഹോബ്സ് ബജറ്റ് കമ്മിറ്റിയിൽ റോയ് ഈ ബില്ലിനെ നിശിതമായി എതിർത്തിരുന്നു. കടലാസിൽ ഒരു ട്രില്യൻ ഡോളറിൽ അധികം നേട്ടമെന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അത് നേടാൻ കഴിയുക വളരെ വൈകി ആയിരിക്കുമെന്നാണ് റോയിയുടെ വാദം. റോയ്‌ക്കൊപ്പം മറ്റുള്ളവരും എതിർത്തതോടെ സഭക്ക് പുറത്ത് ചർച്ചകൾ കൊടുമ്പിരിക്കൊണ്ടു. എങ്ങനെ എതിർപ്പുകൾ മറികടന്നു ബില്ല് പാസ്സാക്കി എടുക്കാം എന്നതാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇപ്പോഴത്തെ ചിന്ത. റോയിയെ അലട്ടുന്നത് സ്‌പീക്കറുടെ അനുകൂലമല്ലാത്ത നിലപാടല്ല, മറിച്ചു ഭരണ സിരാകുടത്തിന്റെ നിലപാട് തന്നെയാണ്.
ട്രംപിന്റെ ആദ്യ ഭരണത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നായിരുന്നു ബജറ്റിലെ 4 ട്രില്യൻ ഡോളർ ചെലവ് കുറക്കൽ. സാമൂഹിക പദ്ധതികളിലെ ചെലവ് ഇനി വെട്ടി കുറച്ചാൽ പൊതുജന രോഷം തനിക്കെതിരെ തിരിയുമെന്ന് ട്രംപിനറിയാം. ഒന്നാം ഭരണത്തിൽ ഉണ്ടായതു പോലെ ജനങ്ങളെ പിണക്കാൻ ഇത്തവണ ട്രംപ് തയാറല്ല. സെനറ്റിലും പ്രതിനിധി സഭയിലുമുള്ള നേരിയ ഭൂരിപക്ഷങ്ങൾ നഷ്ടപെടുത്താനും പ്രസിഡന്റ് തയാറാകില്ല.
കത്തോലിക്കാ സഭയുടെ പുതിയ പോപ്പ്, ലിയോ പതിനാലാമൻ, റഷ്യയും യുക്രെയ്നുമായി ഇസ്താൻബുളിൽ നടന്ന സമാധാന ചർച്ച പരാജയപെട്ടതിൽ ദുഃഖം പ്രകടിപ്പിച്ചു. സന്ധി സംഭാഷണത്തിന് മുന്നോട്ടു വന്നത് റഷ്യ ആയിരുന്നു, പക്ഷെ അവർ തന്നെ സംഭാഷണത്തിൽ നിന്ന് വിട്ടു നിന്ന് എന്നാണ് വാർത്ത. അടുത്ത സന്ധി സംഭാഷണത്തിൽ താൻ തന്നെ മധ്യസ്ഥനാകാം എന്നും പോപ്പ് പറഞ്ഞതായി വാർത്തയുണ്ട്. എന്നാൽ മുൻപിലത്തെയും ഇപ്പോഴത്തെയും പോപ്പുമാർ അമേരിക്കയോട് വലിയ താല്പര്യം കാണിക്കുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
പോപ്പിന്റെ സ്ഥാനാരോഹണ ചടങ്ങിൽ സംബന്ധിച്ച അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന് മറ്റു രാഷ്ട്രത്തലവന്മാരോടൊപ്പമുള്ള ബഹുമതി നൽകിയില്ല, വാൻസും പത്‌നി ഉഷ വാൻസും പോപ്പുമായി നടത്തിയ കൂടിക്കാഴ്ച വെറും 17 സെക്കന്റ് മാത്രം നീണ്ടതായിരുന്നു എന്ന് വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പോപ്പിന്റെ പ്രസംഗത്തിൽ പരോക്ഷമായി അമേരിക്കയെ വിമർശിച്ചെന്നും റിപോർട്ടുകളുണ്ട്.