നാലുകാലിൽ നടക്കുന്ന മനുഷ്യൻ: 'ടാർസൻ മൂവ്മെന്റു'മായി സമൂഹമാധ്യമ താരം; യുഎസ് മുതൽ ഫിൻലൻഡ് വരെ ആരാധകർ

Mail This Article
കാട്ടിൽവളരുന്ന മനുഷ്യൻ പിന്നീട് കാടിന്റെയും അവിടത്തെ മൃഗങ്ങളുടെയും സ്വന്തമായ കഥ... ടാർസൻ എന്ന ക്ലാസിക് പറഞ്ഞത് ആ കഥയാണ്. ലോകമെമ്പാടുമുള്ള ആരാധകരെ നേടിയ ടാർസനെ അനുസ്മരിപ്പിക്കുന്ന ഒരു ജീവിതമാണ് വിക്ടർ മാനുവൽ എസ്കോബാറിന്റേത്.
ടാർസൻ മൂവ്മെന്റ് എന്നൊരു ജീവിതരീതി തന്നെയാണു വിക്ടർ മുന്നോട്ടുവയ്ക്കുന്നത്. പത്തുലക്ഷത്തോളം പേർ പിന്തുടരുന്ന തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ വിക്ടർ തന്റെ ജീവിതം അവതരിപ്പിക്കുന്നു. ലോകത്ത് എല്ലാം ഏകശിലാത്മകമല്ല. ജീവിതവും അങ്ങനെ തന്നെ. ലോകത്തെ ഭൂരിപക്ഷം പേരും പിന്തുടരുന്ന ജീവിതശൈലിയിൽ നിന്ന് മറികടക്കാൻ ആഗ്രഹിക്കുന്നവർ ധാരാളമുണ്ട്.
ആൾക്കുരങ്ങുകളും പരിണാമവഴിയിൽ നമ്മുടെ ബന്ധുക്കളുമായ ചിംപാൻസികളെയും ഗൊറില്ലകളെയും അനുകരിക്കുന്ന ശൈലിയാണു ടാർസൻ മൂവ്‌മെന്‌റ്. നാലുകാലിലും നടക്കുക, മരത്തിൽ കയറുക, ചിംപാൻസികളുടെയും ഗൊറില്ലകളുടെയും സംസാരവും ചലനവുമൊക്കെ അനുകരിക്കുക തുടങ്ങിയവയൊക്കെയാണ് ഈ രീതിയുടെ പ്രത്യേകതകൾ.


ക്യൂബയിലാണ് എസ്കോബാർ ജനിച്ചുവളർന്നത്. അക്കാലത്ത് കുടുംബവീട്ടിലേക്കു പോകുമ്പോൾ തൊട്ടടുത്തുള്ള കാട്ടിൽ മാനുവൽ പോയി സമയം ചെലവിടുമായിരുന്നു. താനൊരു റിബലാണെന്ന് 35 വയസ്സുകാരനായ അദ്ദേഹം പറയുന്നു.
മനുഷ്യരെ തിരക്കിന്‌റെ ചങ്ങലയിൽ അകപ്പെടുത്തുന്നതാണ് ഇന്നത്തെകാലത്തെ സമൂഹമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ആധുനിക ജീവിതം പ്രകൃതിയിൽ നിന്ന് നമ്മളെ അകറ്റിയെന്നും ഇതാണ് ഇന്നത്തെ മനുഷ്യരുടെ പ്രശ്നങ്ങൾക്കൊരു പ്രധാനകാരണമെന്നും എസ്കോബാർ പറയുന്നു.


ക്യൂബയിൽ നിന്നു പിൽക്കാലത്ത് എസ്കോബാർ യൂറോപ്പിലേക്കു പോയി. അവിടെ കഷ്ടതകളും ദുരിതങ്ങളും അനുഭവിച്ചു. പിന്നീട് യൂറോപ്പിലെ കാടുകളിലും അദ്ദേഹം ഇപ്രകാരം ജീവിച്ചിരുന്നു. ഇന്ന് രാജ്യാന്തര തലത്തിൽ പ്രശസ്തനാണ് എസ്കോബാർ. അദ്ദേഹത്തിന്റെ അനുയായികൾ ഇന്ന് യുഎസ് മുതൽ ഫിൻലൻഡ് വരെ വിവിധ രാജ്യങ്ങളിലുണ്ട്. ഇൻസ്റ്റഗ്രാമിൽ ഇടയ്ക്കിടെ എസ്കോബാർ വിഡിയോ അപ്ലോഡ് ചെയ്യും. ടാർസനെപ്പോലെ ജീവിക്കൂ എന്നാണ് തന്‌റെ അനുയായികളോട് മാനുവൽ ആഹ്വാനം ചെയ്യുന്നത്.