'അമ്മാവനെപ്പോലെ തോന്നി': യുഎസിൽ ഇന്ത്യക്കാരനെ മറ്റൊരു ഇന്ത്യക്കാരന് കുത്തി കൊലപ്പെടുത്തി

Mail This Article
ടെക്സസ് ∙ ടെക്സസിലെ ഓസ്റ്റിനിൽ ഓടുന്ന ബസില്‍ ഇന്ത്യൻ വംശജനെ മറ്റൊരു ഇന്ത്യക്കാരൻ കുത്തിക്കൊലപ്പെടുത്തി. 30 വയസ്സുള്ള അക്ഷയ് ഗുപ്തയെ ദീപക് കണ്ടേൽ(31) എന്ന യുവാവാണ് കൊലപ്പെടുത്തിയത്.
മേയ് 14 നായിരുന്നു സംഭവം. ബസിൽ അക്ഷയ് ഗുപ്തയുടെ അടുത്തിരുന്ന പ്രതി ദീപക് കണ്ടേൽ യാതൊരു പ്രകോപനവുമില്ലാതെ യുവാവിനെ ആക്രമിക്കുകയായിരുന്നു. ബസ് നിർത്തിയ ഉടൻ തന്നെ പ്രതിയായ ദീപക് മറ്റ് യാത്രക്കാര്‍ക്കൊപ്പം ഇറങ്ങി രക്ഷപ്പെട്ടു.
അക്രമത്തെ കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് അടിയന്തര ജീവൻ രക്ഷാ നടപടികള്‍ സ്വീകരിച്ചെങ്കിലും രാത്രി 7:30 ഓടെ അക്ഷയ് മരിച്ചതായി സ്ഥിരീകരിച്ചു. ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
അൽപ്പസമയത്തിനകം ഓസ്റ്റിൻ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. അക്ഷയ് ഗുപ്തയെ കാണാൻ തന്റെ അമ്മാവനെപ്പോലെ തോന്നിയതിനാലാണ് കുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. യുവാവിനെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.
ആരോഗ്യ-സാങ്കേതിക സ്റ്റാർട്ടപ്പ് മേഖലയിലെ ഒരു സംരംഭകനായ അക്ഷയ് ഗുപ്ത ഓസ്റ്റിനിലെ ഫുട്ബിറ്റ് എന്ന കമ്പനിയുടെ സഹസ്ഥാപകനായിരുന്നു.