കുടിയേറ്റക്കാരുടെ നാടുകടത്തൽ: ട്രംപ് ഭരണകൂടത്തിന് മുന്നറിയിപ്പുമായി ഫെഡറൽ ജഡ്ജി

Mail This Article
ബോസ്റ്റൺ ∙ കുടിയേറ്റക്കാരെ ദക്ഷിണ സുഡാനിലേക്ക് നാടുകടത്തിയതിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടത്തിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കാമെന്ന് ഫെഡറൽ ജഡ്ജി മുന്നറിയിപ്പ് നൽകി. നാടുകടത്തലിന്റെ കാരണം അന്വേഷിക്കാൻ അവസരം നൽകാതെ യുഎസ് സർക്കാർ കുടിയേറ്റക്കാരെ മറ്റ് രാജ്യങ്ങളിലേക്ക് അയയ്ക്കുന്നത് വിലക്കി കഴിഞ്ഞ മാസം ജഡ്ജി ബ്രയാൻ മർഫി ഉത്തരവ് ഇറക്കിയരുന്നു.
ഇമിഗ്രേഷൻ അഭിഭാഷകർ ജഡ്ജിക്ക് നൽകിയ അടിയന്തര സത്യവാങ്മൂലത്തിൽ, ഒരു കൂട്ടം ആളുകളുമായി ഒരു വിമാനം ചൊവ്വാഴ്ച ദക്ഷിണ സുഡാനിൽ ഇറങ്ങിയതായി പറഞ്ഞു. കുടിയേറ്റക്കാരെ പ്രത്യേകിച്ച് മ്യാൻമറിലെയും വിയറ്റ്നാമിലെയും പൗരന്മാരെ യുഎസിൽ നിന്ന് നാടുകടത്തുന്നത് തടയാൻ അടിയന്തര ഉത്തരവ് പുറപ്പെടുവിക്കണമെന്ന് നാഷനൽ ഇമിഗ്രേഷൻ ലിറ്റിഗേഷൻ അലയൻസിലെ അഭിഭാഷകർ ചൊവ്വാഴ്ച ജഡ്ജി മർഫിയോട് ആവശ്യപ്പെട്ടു.