പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറി: ലൈവ് സ്ട്രീമിങ്ങിനിടെ സമൂഹമാധ്യമ താരത്തിനെ ഒൻപത് തവണ കുത്തി കാമുകൻ

Mail This Article
സാവോ പോളോ ∙ ബ്രസീലിൽ സമൂഹമാധ്യമ താരത്തിന് നേരെ കത്തിയാക്രമണം. ലൂണ അംബ്രോസെവിച്ചസ് അബ്രഹാവോയെ ആണ് കാമുകൻ ലൈവ് സ്ട്രീമിങ്ങിനിടെ ഒൻപത് തവണ കുത്തി പരുക്കേൽപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ ലൂണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രണയ ബന്ധത്തിൽ നിന്ന് ലൂണ പിന്മാറിയതിന് പിന്നാലെയാണ് ആക്രമണം നടന്നത്.
തിങ്കളാഴ്ച സാവോ പോളോയിലെ അപ്പാർട്മെന്റിൽ വച്ചായിരുന്നു സംഭവം. കാമുകനായ അലക്സ് ഒലിവേരയുമായി ലൂണ തർക്കത്തിലായിരുന്നു. തർക്കത്തിനിടെ അലക്സ് കത്തിയെടുത്ത് ലൂണയെ ആക്രമിക്കുകയായിരുന്നു. തലയിലും പുറകിലും കൈകാലുകളിലും ലൂണയ്ക്ക് കുത്തേറ്റു. നാല് വയസ്സുകാരിയായ മകളും ഇവർക്കുണ്ട്.
ലൈവ് സ്ട്രീമിങ്ങിനിടെയായിരുന്നു സംഭവം. ആക്രമണം നടന്നയുടൻ, ലൈവ് സ്ട്രീം കണ്ടുകൊണ്ടിരുന്ന ഉപയോക്താക്കളിൽ ചിലർ എമർജൻസി ടീമിനെ വിവരമറിയിച്ചു. തുടർന്ന് ആശുപത്രിയിലെത്തിച്ച ലൂണയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. നിലവിൽ യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.
അലക്സ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കൊലപാതകശ്രമം, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു. ആക്രമണം നടക്കുന്ന സമയത്ത് ദമ്പതികൾ വഴക്കിടുന്നത് കേട്ടതായി അയൽക്കാർ പൊലീസിനോട് പറഞ്ഞു.
അടുത്തിടെ മെക്സിക്കോയിൽ ടിക് ടോക്ക് ലൈവ് സ്ട്രീമിങ്ങിനിടെ വലേറിയ മാർക്വേസ് എന്ന ബ്യൂട്ടി ഇൻഫ്ലുവൻസർ വെടിയേറ്റ് മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലൂണയ്ക്ക് നേരെയും ആക്രമണമുണ്ടായത്.