യുഎസിൽ 'ഫയറാ'ണ് ഉഴുന്നുവട! വീട്ടമ്മയ്ക്ക് മില്യൻ ലൈക്ക്; സമൂഹമാധ്യമത്തിൽ താരമായി ഇന്ത്യൻ വനിത

Mail This Article
മിനസോഡ ∙ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഎസിലെ ഒരു ഇന്ത്യൻ വീട്ടമ്മ സമൂഹ മാധ്യമത്തിൽ താരമാണ്. കാരണം കേട്ടാൽ മലയാളികൾ ചോദിക്കും ഇതാണോ ഇത്ര വലിയ കാര്യം? പക്ഷേ അമേരിക്കകാർക്ക് ഇത് അത്ര ചെറിയ കാര്യമല്ല ഹേ! വീട്ടിലോ പറമ്പിൽ ജോലിക്കായി എത്തുന്ന തൊഴിലാളികൾക്ക് വീട്ടിലുണ്ടാക്കിയ ഭക്ഷണം കൊടുക്കുന്നത് നമ്മൾ മലയാളികൾക്ക് സാധാരണമാണ്. എന്നാൽ യുഎസിൽ വീട്ടിലെത്തിയ നിർമാണ തൊഴിലാളികൾക്ക് ഉഴുന്നുവട നൽകി സമൂഹമാധ്യമത്തെ കയ്യിലെടുത്തിരിക്കുകയാണ് മിനസോഡയിലെ വീട്ടമ്മ.
തന്റെ വീട്ടിൽ നിർമാണ ജോലിക്കായി എത്തിയ യുഎസിലെ തൊഴിലാളികൾക്കാണ് വീട്ടമ്മ ഉഴുന്നുവടയും തേങ്ങ ചട്നിയും നൽകിയത്. എന്താണിതെന്ന് ചോദിച്ചപ്പോൾ ഡോനട്ട് പോലെ ഒരു പലഹാരമാണെന്നും പക്ഷേ മധുരമല്ലെന്നും അല്പം എരിവുണ്ടെന്നും വീട്ടമ്മ പറയുന്നു. വട കഴിക്കുമ്പോൾ അതിനെ 'ഫയർ' എന്നാണ് ഇവർ വിശേഷിപ്പിക്കുന്നത്.
സീൽകോട്ടിങ്ഗയ്സ് എന്ന സമൂഹമാധ്യമ പേജിലൂടെയാണ് വിഡിയോ പങ്കുവച്ചത്. ഇതുവരെ 13.7 മില്യൻ ആളുകൾ കണ്ട വിഡിയോയ്ക്ക് മൂന്ന് ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. വിഡിയോയ്ക്ക് താഴെ സന്തോഷവും അനുമോദനവും നിറഞ്ഞ കമന്റുകളാണ് ആളുകൾ രേഖപ്പെടുത്തിയത്.