യുഎസിൽ കൗമാരക്കാരിയുടെ ജീവനെടുത്തത് ‘സഡൻ സ്നിഫിങ് ഡെത്ത് സിൻഡ്രോം’; വൈറൽ ചലഞ്ചിലെ വില്ലൻ?

Mail This Article
അരിസോന ∙ സമൂഹമാധ്യമത്തിലെ വൈറൽ ട്രെൻഡ് അനുകരിച്ച പെൺകുട്ടി മരിച്ചു. യുഎസിലെ അരിസോനയിലെ റെന്ന ഓ റൂർക്ക്(19) ആണ് മരിച്ചത്. 'ഡസ്റ്റിങ്' എന്ന വൈറൽ ട്രെൻഡാണ് പെൺകുട്ടി അനുകരിച്ചത്.കംപ്യൂട്ടർ ക്ലിനിങ് സ്പ്രേ ശ്വസിച്ച് ലഹരി അനുഭവിക്കുന്നതാണ് ഈ ട്രെൻഡ്.
ട്രെൻഡിൽ പങ്കെടുത്തതിന് ശേഷം സഡൻ സ്നിഫിങ് ഡെത്ത് സിൻഡ്രോം അനുഭവപ്പെട്ട പെൺകുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചു. നാല് ദിവസത്തോളം ഐസിയുവിൽ വെന്റിലേറ്ററിൽ കഴിഞ്ഞെങ്കിലും ബോധം വീണ്ടെടുക്കാതെ മരണത്തിന് കീഴടങ്ങി.
∙ സഡൻ സ്നിഫിങ് ഡെത്ത് സിൻഡ്രോം എന്നാൽ എന്ത്?
ചില വസ്തുക്കൾ, പ്രത്യേകിച്ച് ഇൻഹാലന്റുകൾ ശ്വസിച്ചതിന് ശേഷം പെട്ടെന്നുള്ള ഹൃദയാഘാതം സംഭവിക്കുന്ന അവസ്ഥയാണ് സഡൻ സ്നിഫിങ് ഡെത്ത് സിൻഡ്രോം. പശ, പെയിന്റ് തിന്നറുകൾ, ക്ലീനിങ് ഫ്ലൂയിഡുകൾ, ചിലതരം ഗ്യാസുകൾ എന്നിവപോലുള്ള സാധാരണ ഗാർഹിക ഉൽപന്നങ്ങളിൽ കാണപ്പെടുന്ന രാസവസ്തുക്കളുടെ ആവിയാണ് ഇൻഹാലന്റുകൾ.
ഒരാൾ ഇത്തരം വസ്തുക്കൾ ശ്വസിക്കുമ്പോൾ, ഹൃദയമിടിപ്പ് ക്രമരഹിതമാകുന്നത് ഉൾപ്പെടെ വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമാവുകയും പെട്ടെന്നുള്ള ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യും. നേരത്തെ 'ബ്ലൂ വെയിൽ ചലഞ്ച്' പോലുള്ള ട്രെൻഡുകളും വൈറലായിരുന്നു. ഇത് നിരവധി കുട്ടികൾക്ക് അപകടങ്ങൾ വരുത്തിവെച്ചിരുന്നു.