ഡാലസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രോത്സവം

Mail This Article
ഡാലസ് ∙ ഡാലസിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പത്താമത് പ്രതിഷ്ഠാദിനവാർഷികത്തോടനുബന്ധിച്ചു ഗംഭീര ആഘോഷങ്ങളാണ് ഈ വർഷം സംഘടിപ്പിച്ചത്.. മേയ് 15ന് ഗണപതി ഹോമം, ഉദയാസ്തമന പൂജ, കലശാഭിഷേകം, നവകാഭിഷേകം, കളഭം, പറ, അൻപൊലി, ഭഗവതി സേവ, പൊങ്കാല എന്നിവയും നടന്നു.
ക്ഷേത്ര തന്ത്രി കരിയന്നൂർ ദിവാകരൻ നമ്പൂതിരിയുടെ മാർഗ നിർദേശപ്രകാരം കാരക്കാട്ടു പരമേശ്വൻ, കല്ലൂർ വാസുദേവൻ , സൂരജ്, പുളിയപടമ്പ വിനേഷ് എന്നിവരാണ് പൂജാദികർമ്മങ്ങളിൽ പങ്കാളികളായത്. മേയ് 28ന് വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടു കൂടി നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ മുകളിൽ ഉത്സവമൂർത്തിയുടെ എഴുന്നള്ളത്ത് നടന്നു. പല്ലാവൂർ ശ്രീധരൻ മാരാരുടെ നേതൃത്വത്തിലായിരുന്നു ചെണ്ടമേളവും കേളിയും പഞ്ചാരിമേളവും.
മേയ് 30ന് അമ്പലപ്പുഴ വിജയകുമാറിന്റെ നേതൃത്വത്തിൽ സോപാന സംഗീതവും അമ്പലപ്പുഴ സുരേഷ് വർമ്മയുടെ ഓട്ടൻതുള്ളൽ എന്നിവ നടന്നു. ഭരതകല തീയേറ്റേഴ്സിന്റെ 'എഴുത്തച്ഛൻ' എന്ന ചരിത്ര നാടകം ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
പ്രസിഡന്റ് വിപിൻ പിള്ള, സെക്രട്ടറി ജലേഷ് പണിക്കർ, ട്രസ്റ്റി ചെയർ സതീഷ് ചന്ദ്രൻ, ട്രസ്റ്റി വൈസ് ചെയർ രമണി കുമാർ, കൾച്ചറൽ കോർഡിനേറ്റർ ഹെന വിനോദ്, യൂത്ത് കോർഡിനേറ്റർ സുജാ മനോജ് എന്നിവരടങ്ങുന്ന 16 അംഗ ജോയിന്റ് കമ്മറ്റിയുടെയും വൊളന്റീയർമാരും ഒരുമിച്ചതോടെ പരിപാടികൾ ഗംഭീരമായി. ക്ഷേത്രത്തിലെ ബലിക്കല്പുരയുടെയും പതിനെട്ടാം പടിയുടെയും പണികൾ പൂർത്തീകരിച്ചു വരുന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
(വാർത്ത അയച്ചത് : സന്തോഷ് പിള്ള)