ഫൊക്കാന മെഡിക്കൽ കാർഡ് നിലവിൽ വന്നു

Mail This Article
ന്യൂയോർക്ക്∙ കേരളത്തിലെ പ്രമുഖ ആശുപത്രികളുമായി സഹകരിച്ച് ഫൊക്കാന മെഡിക്കൽ കാർഡ് സേവനങ്ങൾ ലഭ്യമാക്കുന്നു. കൊച്ചിയിലെ രാജഗിരി ഹോസ്പിറ്റൽ, പാലായിലെ മെഡ്‌സിറ്റി, തിരുവല്ലയിലെ ബിലീവേഴ്‌സ് ഹോസ്പിറ്റൽ, കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ഹോസ്‌പിറ്റൽ, തിരുവനന്തപുരത്തെ കിംസ് ഹോസ്പിറ്റൽ, കോട്ടയത്തെ കാരിത്താസ് ഹോസ്പിറ്റൽ എന്നിവയാണ് ഈ മെഡിക്കൽ കാർഡുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പ്രധാന ആശുപത്രികൾ.
ഫൊക്കാനയുടെ അംഗ സംഘടനകളിലെ എല്ലാ അംഗങ്ങൾക്കും നാട്ടിലുള്ള കുടുംബാംഗങ്ങൾക്കും ഈ കാർഡ് ഉപയോഗിക്കാം. ഒരു കുടുംബത്തിന് ഒരു കാർഡ് മതിയാകും. അടുത്ത ബന്ധുക്കൾക്ക് ആവശ്യമെങ്കിൽ അവരുടെ പേരിൽ പ്രത്യേകം കാർഡ് എടുക്കാവുന്നതാണ്. ഈ കാർഡ് ഉപയോഗിക്കുന്നതിലൂടെ അഞ്ച് മുതൽ ഇരുപത് ശതമാനം വരെ ഡിസ്കൗണ്ടുകൾ ലഭിക്കും. ഓരോ ആശുപത്രിയുടെയും കരാർ അനുസരിച്ച് ഡിസ്കൗണ്ടിൽ വ്യത്യാസമുണ്ടാകാം.
കൂടാതെ, പ്രത്യേക ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്താനും ഓൺലൈനായി അപ്പോയിന്റ്മെന്റ് എടുക്കാനും ഡോക്ടറെ കാണാനും ഈ കാർഡ് വഴി സാധിക്കും. വിവിധതരം ഹെൽത്ത് ചെക്കപ്പ് പാക്കേജുകളും ഈ കാർഡിന്റെ ഭാഗമായി ലഭ്യമാണ്. കാർഡുമായി എത്തുന്നവരെ സഹായിക്കാൻ ഓരോ ആശുപത്രിയിലും കോഓർഡിനേറ്റർമാരെ നിയമിച്ചിട്ടുണ്ട്.
അമേരിക്കയിലെ ഹെൽത്ത് ഇൻഷുറൻസ് കാർഡുകൾ എമർജൻസി സാഹചര്യങ്ങളിൽ ഒഴികെ കേരളത്തിലെ മിക്ക ആശുപത്രികളിലും ഉപയോഗിക്കാൻ അമേരിക്കൻ ഹെൽത്ത് പ്രൊവൈഡർമാർ അനുവദിക്കില്ല. എന്നാൽ, നാട്ടിലെ ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് ഡിസ്കൗണ്ടുകൾ ലഭിക്കുന്നത് അതത് ആശുപത്രികളുടെ പോളിസി അനുസരിച്ചായിരിക്കും. മിക്ക ആശുപത്രികളും ഡബിൾ ഡിസ്കൗണ്ടുകൾ അനുവദിക്കാറില്ല. ഫൊക്കാനയിൽ അംഗത്വമില്ലാത്തവർക്ക് ഈ കാർഡിന്റെ ആനുകൂല്യങ്ങൾ ലഭിക്കില്ല. എന്നാൽ, ഫൊക്കാനയുടെ ഏതെങ്കിലും മെമ്പർ സംഘടനകളിൽ അംഗമാകുന്നതിലൂടെയോ അല്ലെങ്കിൽ അവർ പ്രതിനിധീകരിക്കുന്ന സംഘടന ഫൊക്കാനയുടെ മെമ്പർ ആകുന്നതിലൂടെയോ ഈ ആനുകൂല്യത്തിന് അർഹത നേടാനാകും.
2020ൽ ജോർജി വർഗീസ് പ്രസിഡന്റും സജിമോൻ ആന്റണി സെക്രട്ടറിയുമായിരുന്ന സമയത്താണ് കൊച്ചിയിലെ രാജഗിരി ഹോസ്പിറ്റലുമായി സഹകരിച്ച് ഈ മെഡിക്കൽ കാർഡ് ആരംഭിച്ചത്. അക്കാലത്ത് 1000ൽ അധികം ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ഇപ്പോൾ കേരളത്തിലെ ആറിലധികം സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളുമായി സഹകരിച്ച് ഈ കാർഡ് കൂടുതൽ വിപുലീകരിച്ചിരിക്കുകയാണ്. ഈ കാർഡ് സൗജന്യമാണ്. കാർഡ് പ്രിന്റിങ്, വിതരണം തുടങ്ങിയ ലോജിസ്റ്റിക്സ് ചെലവുകൾ ഫൊക്കാനയും മെഡിക്കൽ ഡിസ്കൗണ്ടുകൾ അതാത് ആശുപത്രികളുമാണ് വഹിക്കുന്നത്. അഡ്മിഷൻ സമയത്ത് ഹെൽത്ത് കാർഡ് ഉടമയാണെന്ന് അറിയിക്കുക. ചില ആശുപത്രികൾ കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടേക്കാമെന്നും ഭാരവാഹികൾ അറിയിച്ചു.