‘ഇന്ത്യൻ സ്വപ്നം ആകാശം ഭേദിക്കും’; ചരിത്ര നിമിഷത്തിന് മണിക്കൂറുകൾ മാത്രം, ശുഭാംശു ശുക്ലയ്ക്കായി പ്രാർഥനയോടെ രാജ്യം

Mail This Article
ന്യൂയോർക്ക് ∙ ഇന്ത്യ കാത്തിരുന്ന നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം. ആകാശഗംഗയെന്നും വിളിപ്പേരുള്ള ആക്സിയം 4 ദൗത്യത്തിലേറി വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല നാളെ വൈകിട്ട് 5.52ന് ബഹിരാകാശത്തേക്കു പുറപ്പെടും, രാകേഷ് ശർമയ്ക്കു ശേഷം ബഹിരാകാശത്തെത്തുന്ന ഇന്ത്യക്കാരനാകാൻ.
സ്പേസ്എക്സിന്റെ ക്രൂ ഡ്രാഗൺ പേടകത്തിൽ ശുഭാംശു ഉൾപ്പെടെ 4 യാത്രികരാണു ഫ്ലോറിഡയിലെ ‘ബഹിരാകാശത്തറവാടായ’ കെന്നഡി സ്പേസ് സെന്ററിൽനിന്നു കുതിച്ചുയരുക. 41 വർഷങ്ങൾക്കു േശഷമാണ് ഒരു ഇന്ത്യൻ പൗരൻ ബഹിരാകാശത്തെത്തുന്നത്. പേടകത്തെ വഹിക്കുന്ന ഫാൽക്കൺ 9 റോക്കറ്റ് കെന്നഡി സ്പേസ് സെന്ററിലെ 39എ ലോഞ്ച്പാഡിൽ എത്തിച്ചുകഴിഞ്ഞു.

യാത്ര തുടങ്ങിയ ശേഷം 11ന് രാത്രി 10ന് ബഹിരാകാശ നിലയവുമായി പേടകം ബന്ധിക്കപ്പെടും. പിന്നീട് 14 ദിവസം ശുഭാംശുവും സംഘവും രാജ്യാന്തര ബഹിരാകാശനിലയത്തിൽ താമസിച്ച് വിവിധ പരീക്ഷണങ്ങളിൽ ഏർപ്പെടും. പ്രമേഹബാധിതർക്കു ബഹിരാകാശം സന്ദർശിക്കാൻ അവസരമൊരുക്കുന്നതിനുള്ള ഗവേഷണങ്ങളും ഇതിൽപെടും. നിലവിൽ പ്രമേഹബാധിതർക്ക് ബഹിരാകാശയാത്രയ്ക്കു വിലക്കുണ്ട്. പ്രമേഹം ബഹിരാകാശത്തു നിയന്ത്രിക്കാൻ പാടാണെന്നതാണു കാരണം.
പരിചയസമ്പന്നയായ പെഗ്ഗി വിറ്റ്സനാണു യാത്രയുടെ കമാൻഡർ. സ്ലാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നീ യാത്രികരും ഒപ്പമുണ്ട്. ശുഭാംശുവിന്റെ യാത്രയ്ക്കായി 550 കോടി രൂപയാണ് ഇന്ത്യ ചെലവഴിച്ചിരിക്കുന്നത്.

∙കരുത്തുറ്റ ചിറകുകൾ
39 വയസ്സുകാരനായ ശുഭാംശു 2006ൽ ആണ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. 2000 മണിക്കൂറിലേറെ യുദ്ധവിമാനങ്ങൾ പറപ്പിച്ചുള്ള അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. സുഖോയ് 30, മിഗ് 21, മിഗ് 29, ജാഗ്വർ, ഹോക്ക്, ഡോണിയർ, എഎൻ 32 തുടങ്ങിയ വ്യത്യസ്തങ്ങളായ വിമാനങ്ങൾ ഇക്കൂട്ടത്തിൽപെടും. ഇന്ത്യ സ്വന്തം നിലയ്ക്കു ബഹിരാകാശത്തേക്കു യാത്രികരെ അയയ്ക്കുന്ന ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട 4 യാത്രികരിലൊരാൾ ശുഭാംശുവാണ്. ആക്സിയം ദൗത്യത്തിന്റെ പൈലറ്റ് സ്ഥാനത്തും അദ്ദേഹമാണ്.
വിസ്മയകരമായ യാത്രയായിരുന്നു തന്റേതെന്നും ഇത്തരമൊരു ദൗത്യത്തിൽ ഭാഗമായത് അതീവ ഭാഗ്യമാണെന്നും ശുഭാംശു ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അദ്ദേഹത്തിന്റെ വൈദഗ്ധ്യത്തെയും അറിവിനെയും സഹയാത്രികർ ഇപ്പോൾത്തന്നെ പ്രശംസിച്ചിട്ടുണ്ട്. വളരെ സ്മാർട്ടാണു ശുഭാംശുവെന്നും ബഹിരാകാശ പേടകങ്ങളുടെ സാങ്കേതിക കാര്യങ്ങളിൽ അദ്ദേഹത്തിനു നല്ല കയ്യടക്കമുണ്ടെന്നും പെഗ്ഗി വിറ്റ്സൻ പറഞ്ഞു.