ADVERTISEMENT

ലൊസാഞ്ചലസ്‌ ∙ അനധികൃത കുടിയേറ്റത്തിനെതിരെ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായി യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) നടത്തിയ വ്യാപക റെയ്ഡുകളെത്തുടർന്ന് ലൊസാഞ്ചലസ് നഗരത്തിൽ വൻ പ്രതിഷേധം.  ദേശീയ ഗാർഡിന്റെ വിന്യാസവും വർധിച്ചുവരുന്ന സംഘർഷങ്ങളും നഗരത്തെ സ്തംഭിപ്പിച്ചിരിക്കുകയാണ്. രാജ്യവ്യാപകമായി നടക്കുന്ന കുടിയേറ്റ സംവാദങ്ങളുടെ പ്രധാന വേദിയായി ലൊസാഞ്ചലസ് മാറി.

ഒട്ടറെ പേരെ ഇതിനകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ മാസം ആറിന് (ഐസിഇ) ഏജന്റുമാർ ലൊസാഞ്ചലസ് മേഖലയിലുടനീളം വ്യാപക റെയ്ഡുകൾ തുടങ്ങിയത്. ജോലിസ്ഥലങ്ങളിലും വീടുകളിലും നടത്തിയ ഈ റെയ്ഡുകളിൽ 120ൽ അധികം ആളുകളെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ടുകൾ. ഈ നടപടി കുടിയേറ്റ അവകാശ സംഘടനകളെയും സാധാരണക്കാരെയും പ്രകോപിപ്പിച്ചു.

ഫെഡറൽ ഗവൺമെന്റിന്റെ നടപടികളെ ശക്തമായി അപലപിച്ച് കൊണ്ട് ഡൗൺടൗൺ ലൊസാഞ്ചലസ്, പാരാമൗണ്ട്, കോംപ്ടൺ എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ തെരുവിലിറങ്ങി. സമാധാനപരമായി ആരംഭിച്ച പ്രതിഷേധങ്ങൾ പലയിടത്തും നിയമപാലകരുമായുള്ള അക്രമാസക്തമായ ഏറ്റുമുട്ടലുകളിലേക്ക് വഴിമാറി. പാരാമൗണ്ടിൽ ഒരു വാഹനം അഗ്നിക്കിരയാക്കുകയും പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ അധികൃതർ കണ്ണീർ വാതകവും കുരുമുളക് സ്പ്രേയും പ്രയോഗിച്ചു.

ഡൗൺടൗൺ ലൊസാഞ്ചലസിലെ ഫെഡറൽ ഡിറ്റൻഷൻ സെന്ററിന് ചുറ്റും പ്രതിഷേധക്കാർ തടിച്ചുകൂടി, കസ്റ്റഡിയിലുള്ളവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ കൂടുതൽ വഷളായതോടെയാണ്, ഫെഡറൽ ഗവൺമെന്റ് ലൊസാഞ്ചലസിൽ ദേശീയ ഗാർഡിനെ വിന്യസിക്കാൻ ഉത്തരവിട്ടത്. നൂറുകണക്കിന് സൈനികർ ഇതിനകം നഗരത്തിലെത്തി പ്രധാന ഫെഡറൽ കെട്ടിടങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്.

ഫെഡറൽ സ്വത്തുക്കളും ഉദ്യോഗസ്ഥരെയും സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ ദൗത്യമെന്ന് ദേശീയ ഗാർഡ് അറിയിച്ചു. എന്നാൽ, സൈന്യത്തിന്റെ സാന്നിധ്യം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് പ്രാദേശിക, സംസ്ഥാന ഉദ്യോഗസ്ഥർ ഈ നീക്കത്തെ ശക്തമായി വിമർശിച്ചു. അറസ്റ്റുകളുടെ ഔദ്യോഗിക കണക്കുകൾ പുറത്തുവന്നിട്ടില്ല. 

സംഘർഷം ബാധിച്ച പ്രദേശങ്ങളിലെല്ലാം അതീവ ജാഗ്രത തുടരുകയാണ്. ഡൗൺടൗൺ ലൊസാഞ്ചലസിലെ റോഡുകൾ പലതവണ അടച്ചിടുകയും നിയമവിരുദ്ധമായ കൂടിച്ചേരലുകൾ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. കലാപത്തെ നേരിടാനുള്ള സജ്ജീകരണങ്ങളോടെ നിലയുറപ്പിച്ച പൊലീസിന്റെയും ദേശീയ ഗാർഡിന്റെയും സാന്നിധ്യം ജനങ്ങളിൽ ഭീതിയുളവാക്കിയിട്ടുണ്ട്. ഐസിഇ റെയ്ഡുകൾ അവസാനിപ്പിക്കണമെന്നും ദേശീയ ഗാർഡിനെ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട കമ്മ്യൂണിറ്റി നേതാക്കളും ആക്ടിവിസ്റ്റുകളും വരും ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്ന് പ്രഖ്യാപിച്ചു.

English Summary:

The city of Los Angeles is in chaos following widespread immigration raids by U.S. Immigration and Customs Enforcement (ICE).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com