‘ടോം ക്രൂസിന്‍റെ മകളുടെ പാതയിൽ ഒബാമയുടെ മകളും’; പേരിനൊപ്പം ഇനി ഒബാമയില്ല, ചർച്ചയായി മലിയയുടെ നീക്കം

Mail This Article
ന്യൂയോർക്ക്∙ യുഎസ് ചരിത്രത്തിലെ കറുത്ത വർഗക്കാരനായ ആദ്യ പ്രസിഡന്റായ ബറാക് ഒബാമ ഔദ്യോഗിക കാലത്തും പിന്നീടും ലോകശ്രദ്ധ നേടുന്ന ശ്രദ്ധേയവ്യക്തിത്വമാണ്. ബറാക്–മിഷേൽ ഒബാമ ദമ്പതികൾക്ക് 2 പെൺമക്കളാണ്. മലിയയും സാഷയും.
ഇപ്പോൾ 26 വയസ്സുകാരിയായ മലിയ ഹോളിവുഡ് ഉൾപ്പെടുന്ന വിനോദവ്യവസായരംഗത്ത് കരിയർ മോഹങ്ങൾ സൂക്ഷിക്കുന്നയാളാണ്. അടുത്തിടെ മലിയ ചെയ്തത ഒരു കാര്യം വൻ ലോകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. പ്രശസ്തമായ ‘ഒബാമ’ എന്ന തന്റെ സർനെയിം മലിയ ഉപേക്ഷിച്ചു. അടുത്തിടെ മലിയ ചെയ്ത ഒരു പരസ്യഷൂട്ടിങ്ങിന്റെ ക്രെഡിറ്റിൽ മലിയ ആൻ ഒബാമ എന്ന മുഴുവൻ പേരില്ല, മറിച്ച് മലിയ ആൻ മാത്രം.
ശക്തനായ പിതാവിന്റെ മകളെന്ന ലേബലിൽ നിന്നു മാറി സ്വന്തം നിലയ്ക്കു വിജയങ്ങൾ നേടാനാണത്രേ മലിയയുടെ ശ്രമം. ഒബാമ എന്ന പേരിന്റെ സ്വാധീനത്തിലല്ലാതെ കഴിവിന്റെ അടിസ്ഥാനത്തിൽ ഉയർന്നുവരാൻ അവർ ആഗ്രഹിക്കുന്നു. അമ്മ മിഷേൽ ഒബാമയും മകളുടെ തീരുമാനത്തെക്കുറിച്ച് ദിവസങ്ങൾക്കു മുൻപ് ഒരു അഭിമുഖത്തിൽ വിശദീകരിച്ചിരുന്നു.
ഹാർവഡ് സർവകലാശാലയിൽ നിന്ന് വിഷ്വൽ ആൻഡ് എൻവയൺമെന്റൽ സ്റ്റഡീസിൽ ബിരുദം നേടിയ മലിയയ്ക്ക് ഹോളിവുഡ് സംവിധായികയാകാനാണു താൽപര്യം. 2023ൽ ദ് ഹാർട്ട് എന്ന പേരിൽ ഒരു ഷോർട്ഫിലിമും അവർ ഒരുക്കിയിരുന്നു.
എന്നാൽ വിവാദങ്ങളും മലിയയെ വിടാതെ പിന്തുടർന്നു. 18 വയസ്സുള്ളപ്പോൾ 21ൽ അധികം വയസ്സുള്ളവർക്കു മാത്രം പ്രവേശനമുള്ള നിശാക്ലബിൽ പങ്കെടുത്തതു വിവാദത്തിനിട വച്ചിരുന്നു. ഒബാമയുടെ രണ്ടാമത്തെ മകളായ സാഷ യൂണിവേഴ്സിറ്റി ഓഫ് സതേൺ കലിഫോർണിയയിൽ നിന്നാണു ബിരുദം നേടിയത്.
നേരത്തെ പ്രശസ്ത ഹോളിവുഡ് താരങ്ങളായ ടോം ക്രൂസിന്‍റെയും കാറ്റി ഹോംസിന്‍റെയും മകൾ സൂരിയും പേരിനൊപ്പമുള്ള പിതാവിന്‍റെ കുടുംബപ്പേരായ ക്രൂസ് ഉപേക്ഷിച്ചിരുന്നു. ലാഗ്വാർഡിയ ഹൈസ്‌കൂളിൽ നിന്ന് 'സൂരി നോയൽ' എന്ന പേരിലാണ് ടോം ക്രൂസിന്‍റെ മകൾ ബിരുദം നേടിയത്.