നടി കുളിച്ച വെള്ളം ഉപയോഗിച്ച് സോപ്പ്; ‘സിഡ്നീസ് ബാത്ത്‌വാട്ടർ ബ്ലിസ്’ വൈറൽ, പിന്നാലെ വിവാദം

Mail This Article
വാഷിങ്ടൻ, ഡിസി ∙ സോപ്പ് നിർമാണത്തിൽ പലതരം വസ്തുക്കൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതാ വ്യത്യസ്തമായ ഒരു സോപ്പ് പുറത്തിറങ്ങിയിരിക്കുകയാണ്. ‘സിഡ്നീസ് ബാത്ത്‌വാട്ടർ ബ്ലിസ്’ എന്നു പേരിട്ടിരിക്കുന്ന ഈ സോപ്പിൽ ഒരു പ്രത്യേക വസ്തു ഉപയോഗിച്ചിട്ടുണ്ട്. സിഡ്നി സ്വീനി എന്ന പ്രശസ്ത ഹോളിവുഡ് നടി കുളിച്ച വെള്ളത്തിന്റെ അംശം. നടി തന്നെയാണ് ഈ സോപ്പ് പ്രമോട്ട് ചെയ്യുന്നതും പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നതും. എന്നാൽ വാർത്ത പരന്നതോടെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനവും ഉയർന്നു.
പുരുഷൻമാരുടെ കോസ്മെറ്റിക് സാമഗ്രികൾ പുറത്തിറക്കുന്ന ഒരു കമ്പനിയാണു ‘സിഡ്നീസ് ബാത്ത്‌വാട്ടർ ബ്ലിസ്’ പുറത്തിറക്കിയത്. നടിയാണ് തന്റെ സമൂഹമാധ്യമത്തിൽ ഈ സോപ്പ് പുറത്തിറങ്ങുന്നതിന്റെ പ്രഖ്യാപനം നടത്തിയത്. ലിമിറ്റഡ് എഡിഷനായിട്ടാണ് സോപ്പ് പുറത്തിറക്കുന്നത്. പൈൻമരത്തൊലിയിൽ നിന്നു വേർതിരിച്ച സുഗന്ധവസ്തുക്കളുൾപ്പെടെ ഈ സോപ്പിൽ ഉണ്ടെന്നു പറയുന്നു.
ജൂൺ 6 മുതൽ യുഎസിലെ വിപണിയിൽ ഇതെത്തും. എന്നാല്‍ സോപ്പ് കമ്പനിക്കെതിരെ വ്യാപക വിമർശനവും ഉയർന്നിട്ടുണ്ട്. ഒരാൾ കുളിച്ചശേഷമുള്ള അഴുക്കുവെള്ളം സോപ്പാക്കി ഇറക്കുന്നത് എന്തു പരിപാടിയാണെന്നാണു ചിലർ രോഷാകുലരായി ചോദിച്ചത്. 27 വയസ്സുള്ള സിഡ‍്നി സ്വീനി, യൂഫോറിയ എന്ന ടിവി സീരീസിലൂടെയാണു രാജ്യാന്തര പ്രശസ്തി നേടിയത്. സിഡ്നിക്കു സ്കൂൾകാലം മുതൽ അഭിനയിക്കാനായിരുന്നു താൽപര്യം.
ഇതു പരിഗണിച്ച് കുടുംബം വാഷിങ്ടനിലേക്കു താമസം മാറ്റി. ടിവി സീരീസുകളിലും കുറേ സിനിമകളിലും അഭിനയിച്ചിട്ടുള്ള സിഡ്നിക്ക് വിപുലമായ സമൂഹമാധ്യമ സാന്നിധ്യവുമുണ്ട്. രണ്ടരക്കോടിയിലധികം പേരാണ് ഇവരെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. ഇംഗ്ലിഷ് കൂടാതെ റഷ്യൻ, സ്പാനിഷ് ഭാഷകളും സംസാരിക്കുന്ന സിഡ്നി പഴയ കാറുകളിൽ താൽപര്യമുള്ളയാളുമാണ്. പഴയ ഫോർഡ് മസ്താങ് കാറുകൾ സ്വന്തമായുള്ള ഇവർ വിവിധ ആയോധനകലകളും അഭ്യസിച്ചിട്ടുണ്ട്. ജൊനാഥൻ ഡേവിനോ എന്ന വ്യക്തിയുമായി 3 വർഷത്തോളം സിഡ്നി പ്രണയത്തിലായിരുന്നെങ്കിലും ഈ മാർച്ചിൽ ഇവർ വേർപിരിഞ്ഞു.