ടെനിസിയിൽ സ്കൈഡൈവിങ് വിമാനം തകർന്നു; ഒട്ടറെ പേർക്ക് പരുക്ക്

Mail This Article
തുലഹോമ (ടെനിസി)∙ ടെനിസിയിലെ കോഫി കൗണ്ടിയിലുള്ള തുലഹോമ റീജനൽ വിമാനത്താവളത്തിന് സമീപം സ്കൈഡൈവിങ് വിമാനം തകർന്നു വീണു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. 20 യാത്രക്കാരും ജീവനക്കാരുമായി പോയ വിമാനമാണ് തകർന്നത്. അപകടത്തിൽ പരുക്കറ്റവർക്ക് വൈദ്യസഹായം നൽകിയതായി അധികൃതർ അറിയിച്ചു.
മൂന്ന് പേരെ തുടർചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ ഒരാളെ ഹെലികോപ്റ്റർ മാർഗ്ഗം ആശുപത്രിയിൽ എത്തിച്ചതായും നഗര വക്താവ് ലൈൽ റസ്സൽ പറഞ്ഞു.
ഹൈവേ പട്രോളിങ് വിഭാഗം പകർത്തിയ വിഡിയോയിൽ വിമാനത്തിന്റെ വാൽ ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചതായി കാണാം. വിമാനത്തിന്റെ മറ്റു ഭാഗങ്ങളും തകർന്ന നിലയിലാണ്. സംഭവസ്ഥലത്ത് ഉദ്യോഗസ്ഥർ അന്വേഷണം നടത്തുകയാണ്. വിമാനം തകർന്ന പ്രദേശം മഞ്ഞ ടേപ്പ് ഉപയോഗിച്ച് അടയാളപ്പെടുത്തിയിട്ടുണ്ട്.
ഞായറാഴ്ച പ്രാദേശിക സമയം 12.30ന് തുലഹോമ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ഡെഹാവിലാൻഡ് ഡിഎച്ച്-6 ട്വിൻ ഒട്ടർ എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും ലൈൽ റസ്സൽ അറിയിച്ചു.