യുഎസിൽ ഒൻപത് സംസ്ഥാനങ്ങളിൽ മുട്ടകളിൽ സാൽമൊണെല്ല; ദശലക്ഷക്കണക്കിന് മുട്ടകൾ തിരിച്ചുവിളിച്ചു

Mail This Article
വാഷിങ്‌ടൻ∙ വാഷിങ്‌ടൻ ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങളിൽ വിൽക്കുന്ന പല ബ്രാൻഡുകളുടെ മുട്ടകളിൽ സാൽമൊണെല്ലയുടെ സാന്നിധ്യം കണ്ടെത്തിയതായി യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മുന്നറിയിപ്പ് നൽകി. സാൽമൊണെല്ല ബാധയെക്കുറിച്ചുള്ള ആശങ്കകളെത്തുടർന്ന് യുഎസിൽ ഏകദേശം 20 ലക്ഷം മുട്ടകൾ തിരിച്ചുവിളിച്ചു.
ഈ മുട്ടകളുമായി ബന്ധപ്പെട്ട സാൽമൊണെല്ല രോഗബാധ ഏഴ് സംസ്ഥാനങ്ങളിലായി 79 പേർക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനോടകം 21 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
എഫ്‌ഡിഎയുടെ വിവരങ്ങൾ അനുസരിച്ച്, കലിഫോർണിയ ആസ്ഥാനമായുള്ള ഹിൽലാൻഡേൽ ഫാംസിന്റെ ഓഗസ്റ്റ് എഗ്ഗ് കമ്പനി 17 ലക്ഷം ഡസൻ (ഏകദേശം 2 കോടി) തവിട്ടുനിറത്തിലുള്ളതും, കൂടുകളില്ലാത്തതും, ജൈവരീതിയിൽ ഉൽപാദിപ്പിച്ചതുമായ മുട്ടകളാണ് സാൽമൊണെല്ലയുടെ സാന്നിധ്യം സംശയിക്കുന്നതിനാൽ തിരിച്ചുവിളിച്ചത്. ഈ ഉൽപന്നങ്ങൾ കലിഫോർണിയ, വാഷിങ്‌ടൻ, നെവാഡ, അരിസോന, വയോമിങ്, ന്യൂമെക്‌സിക്കോ, നെബ്രാസ്ക, ഇൻഡ്യാന, ഇലിനോയ് എന്നിവിടങ്ങളിലെ വാൾമാർട്ട്, സേവ് മാർട്ട്, ഫുഡ്മാക്സ്, ലക്കി, സ്മാർട്ട് ആൻഡ് ഫൈനൽ, സേഫ്‌വേ, റാലീസ്, ഫുഡ് 4 ലെസ്, റാൽഫ്സ് തുടങ്ങിയ കടകളിലാണ് വിതരണം ചെയ്തിരുന്നത്.
ചെറിയ കുട്ടികൾ, ദുർബലരായ വ്യക്തികൾ, പ്രായമായവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ സാൽമൊണെല്ല ഗുരുതരവും ചിലപ്പോൾ മാരകവുമായ അണുബാധകൾക്ക് കാരണമാകാമെന്ന് എഫ്ഡിഎ മുന്നറിയിപ്പ് നൽകുന്നു. സാൽമൊണെല്ല ബാധിച്ച ആരോഗ്യമുള്ള വ്യക്തികളിൽ സാധാരണയായി പനി, ഓക്കാനം, ഛർദ്ദി, വയറുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കാണാറുണ്ട്.