അപ്പാച്ചെ ജങ്ഷനിൽ ഡ്യൂട്ടിക്കിടെ വെടിയേറ്റ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

Mail This Article
അരിസോന∙ അപ്പാച്ചെ ജങ്ഷനിൽ ഡ്യൂട്ടിക്കിടെ വെടിയേറ്റ പൊലീസ് ഉദ്യോഗസ്ഥൻ ഗബ്രിയേൽ ഫാസിയോ (46) മരിച്ചു. റോഡിലുണ്ടായ തർക്കത്തിനിടെ ഡ്രൈവർ തോക്കുമായി ഭീഷണി മുഴുക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് 37 വയസ്സുള്ള റോജർ നുനെസ് എന്ന ഡ്രൈവറെ തടഞ്ഞു.
ആദ്യഘട്ടത്തിൽ നുനെസ് പൊലീസുമായി സഹകരിച്ചെങ്കിലും, വാഹനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ ആക്രമണ സ്വഭാവം കാണിച്ചു. തുടർന്ന്, നുനെസ് വാഹനത്തിന്റെ ഗ്ലൗസ് കംപാർട്ട്‌മെന്റിൽ നിന്ന് തോക്ക് എടുത്ത് സംഭവസ്ഥലത്തുനിന്ന് നടന്നുപോയെന്ന് അന്വേഷകർ പറയുന്നു. ഉദ്യോഗസ്ഥർ നിർദേശിച്ചിട്ടും നിർത്താൻ കൂട്ടാക്കാതിരുന്ന നുനെസിനെ തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് അയാൾ നാല് റൗണ്ട് വെടിയുതിർക്കുകയും അതിലൊരു വെടി ഫാസിയോയുടെ മുഖത്ത് ഏൽക്കുകയും ചെയ്തു.
ഈ സാഹചര്യത്തിൽ മറ്റ് ഉദ്യോഗസ്ഥർക്ക് തിരികെ വെടിവെക്കേണ്ടി വന്നു. വെടിവെപ്പിൽ നുനെസിനും പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ഇരുവരേയും ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ഗബ്രിയേൽ ഫാസിയോ മരണത്തിന് കീഴടങ്ങി.
അപ്പാച്ചെ ജങ്ഷൻ പൊലീസ് വകുപ്പിന്റെ ചരിത്രത്തിലെ ആദ്യത്തെ ഡ്യൂട്ടിക്കിടെയുള്ള മരണമാണിത്. ഇതിനുമുമ്പ് 1987ലാണ് ഒരു പരിശീലന അപകടത്തിൽ ഇവിടെ ഒരു ഉദ്യോഗസ്ഥന് ജീവൻ നഷ്ടപ്പെട്ടത്. പ്രതിയായ റോജർ നുനെസ് ഇപ്പോഴും ചികിത്സയിലാണ്. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.