അതിക്രൂരം, ഭയാനകം: ഇന്ത്യൻ വിദ്യാർഥിയെ നിലത്തിട്ട് ചവിട്ടി; നാടുകടത്തിയത് കൈകൾ ബന്ധിച്ചത്, ഹൃദയം തകരും കാഴ്ച

Mail This Article
നെവാർക്ക്(ന്യൂജഴ്‌സി) ∙ നെവാർക്ക് വിമാനത്താവളത്തിൽ ഒരു ഇന്ത്യൻ വിദ്യാർഥിയെ കൈകൾ ബന്ധിച്ച് നിലത്ത് കെട്ടിയിട്ട് ശേഷം നാടുകടത്തിയതായി ആരോപണം. ഇന്ത്യൻ അമേരിക്കൻ സാമൂഹിക സംരംഭകനായ കുനാൽ ജെയിൻ ആണ് ആരോപണം ഉന്നയിച്ച് സമൂഹ മാധ്യമത്തിൽ ഒരു വിഡിയോ പങ്കുവച്ചത്.
ഉദ്യോഗസ്ഥർ തറയിൽ മുഖം അമർത്തി, യുവാവിനെ വിലങ്ങണിയിക്കുന്ന ദൃശ്യങ്ങളാണ് കുനാൽ പങ്കുവച്ചത്. ഉദ്യോഗസ്ഥർ ഒരു കുറ്റവാളിയെപ്പോലെയാണ് വിദ്യാർഥിക്കു നേരെ പെരുമാറിയതെന്നാണ് ആരോപണം.
ഹരിയാനവി ഭാഷയിലായിരുന്നു വിദ്യാർഥി സംസാരിച്ചിരുന്നത്. ഹിന്ദി മനസ്സിലാകുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ടായിരുന്നു. വിദ്യാർഥി കരയുന്നുണ്ടായിരുന്നു. ഈ കാഴ്ച കണ്ട് തന്റെ ഹൃദയം തകർന്നു എന്ന് കുനാൽ പറഞ്ഞു.
2009 നും 2024 നും ഇടയിൽ 15,564 ഇന്ത്യൻ പൗരന്മാരെ യുഎസിൽ നിന്ന് നാടുകടത്തിയിട്ടുണ്ട്. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സംഭവത്തിൽ പ്രതികരിച്ചു. ഈ വിഷയത്തിൽ പ്രാദേശിക അധികാരികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.