ലൊസാഞ്ചലസിൽ 3 ദിവസം പിന്നിട്ടിട്ടും ശമനമില്ലാതെ പ്രക്ഷോഭം, നിരോധനാജ്ഞയും ഫലിച്ചില്ല; ഭീഷണി വേണ്ട അറസ്റ്റാകാമെന്ന് ഗവർണർ

Mail This Article
ലൊസാഞ്ചലസ് ∙ യുഎസിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നടപടികൾക്കെതിരെ കലിഫോർണിയ സംസ്ഥാനത്ത് ആരംഭിച്ച പ്രക്ഷോഭം 3 ദിവസം പിന്നിട്ടിട്ടും ശമനമില്ലാതെ തുടരുന്നു. ലൊസാഞ്ചലസ് നഗരത്തിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ നടപ്പിലാക്കി പൊലീസ് പ്രക്ഷോഭകരോട് മടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായിട്ടില്ല.
വേയ്മോയിൽ ടെസ്‍ലയുടെ ഒട്ടേറെ ഓട്ടോപൈലറ്റ് കാറുകൾക്ക് പ്രക്ഷോഭകർ തീയിട്ടു. പൊലീസിനു നേരെ പല സ്ഥലത്തും ആക്രമണമുണ്ടായി. ലൊസാഞ്ചലസിൽ ലാറ്റിനോ വംശജർക്കു ഭൂരിപക്ഷമുള്ള പാരമൗണ്ടിലാണ് പ്രതിഷേധം ഏറ്റവും രൂക്ഷം. ഫെഡറൽ സർക്കാർ ഓഫിസുകൾക്ക് നാഷനൽ ഗാർഡ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധം അനുവദിക്കുമെങ്കിലും അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ നിർദേശിച്ചിട്ടുണ്ട്.
പ്രക്ഷോഭം നേരിടാൻ ഫെഡറൽ സർക്കാർ നിയോഗിച്ച നാഷനൽ ഗാർഡിനെ ഉടൻ പിൻവലിക്കണമെന്ന് കലിഫോർണിയയിലെ ഡെമോക്രാറ്റ് ഗവർണർ ഗവിൻ ന്യൂസം ആവശ്യപ്പെട്ടു. അക്രമം നടത്തുന്ന പ്രക്ഷോഭകർക്കെതിരെ നടപടിയെടുക്കുന്ന ഫെഡറൽ ഉദ്യോഗസ്ഥരെ തടഞ്ഞാൽ ഗവർണറെ അറസ്റ്റ് ചെയ്യുമെന്ന് ഫെഡറൽ സർക്കാരിൽ അതിർത്തികാര്യ ചുമതലയുള്ള ടോം ഹോമൻ പറഞ്ഞത് വിവാദമായി. ഭീഷണി വേണ്ടെന്നും അറസ്റ്റാകാമെന്നും ഗവർണർ പ്രതികരിച്ചു. ഇതേസമയം, നിയമവിരുദ്ധമായി യുഎസിൽ കഴിഞ്ഞിരുന്ന 37 നേപ്പാൾ പൗരന്മാരെ പ്രത്യേക വിമാനത്തിൽ കഠ്മണ്ഡുവിലേക്ക് തിരിച്ചയച്ചു.