ഇന്ത്യൻ സ്വപ്നങ്ങൾക്ക് നിറം പകർന്ന് ‘കെന്നഡിയുടെ സ്വപ്നം’; പ്രാർഥനയോടെ രാജ്യം

Mail This Article
ഫ്ലോറിഡ ∙ ഇന്ത്യയ്ക്ക് ശ്രീഹരിക്കോട്ട എന്താണോ അതുപോലെയാണു യുഎസിന് കെന്നഡി സ്പേസ് സെന്റർ. അനേകം മഹത്തായ ദൗത്യങ്ങളുടെ വിക്ഷേപണചരിത്രമുള്ള ഈ ബഹിരാകാശ തുറമുഖത്തുനിന്നാണ് ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല 11ന് ബഹിരാകാശത്തേക്കു യാത്ര തിരിക്കുന്നത്.
യുഎസ് സംസ്ഥാനം ഫ്ലോറിഡയിലെ മെറിറ്റ് ദ്വീപിലാണ് കെന്നഡി സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്നത്. ഒന്നരലക്ഷത്തോളം ഏക്കർ വ്യാപിച്ചുകിടക്കുന്നതാണ് ഈ സമുച്ചയം.മറ്റൊരു പ്രമുഖ യുഎസ് റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ കേപ് കാനവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷൻ ഇതിനു സമീപത്തായാണു സ്ഥിതി ചെയ്യുന്നത്. ചന്ദ്രയാത്ര ലക്ഷ്യം വച്ച് 1962ൽ നാസ ഇവിടെ സ്ഥലം ഏറ്റെടുക്കാന്‍ തുടങ്ങി.
പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ ആശയപ്രകാരമായിരുന്നു ഇത്. ലോഞ്ച് ഓപ്പറേഷൻസ് സെന്റർ എന്ന പേരിലാണ് ഈ സമുച്ചയം ആദ്യം അറിയപ്പെട്ടത്. 1963ൽ കെന്നഡി വധിക്കപ്പെട്ടു. തുടർന്ന് അദ്ദേഹത്തോടുള്ള ബഹുമാനാർഥമാണ് ഈ കേന്ദ്രത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയത്.

1967 നവംബർ 9ന് ആണ് ഇവിടെ നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം നടന്നത്. അപ്പോളോ 4 ദൗത്യത്തിനായുള്ള സാറ്റേൺ ഫൈവ് റോക്കറ്റിന്റെ വിക്ഷേപണമാണ് അന്നു നടന്നത്. പിന്നീട് 12 സാറ്റേൺ ഫൈവ് റോക്കറ്റ് വിക്ഷേപണങ്ങൾ കൂടി അവിടെ നടന്നു. ഇക്കൂട്ടത്തിലൊന്ന് ചരിത്രം രചിച്ചു.
1969ൽ നീൽ ആംസ്ട്രോങ്ങിനെയും എഡ്വിൻ ആൽഡ്രിനെയും ചന്ദ്രനിലെത്തിച്ച അപ്പോളോ 11 ദൗത്യമായിരുന്നു ഇത്.1973ൽ ഇവിടെ നിന്നുള്ള അവസാന സാറ്റേൺ ഫൈവ് ദൗത്യം നടന്നു. സ്കൈലാബ് സ്പേസ് സ്റ്റേഷനെ ബഹിരാകാശത്ത് എത്തിച്ച ദൗത്യമായിരുന്നു ഇത്. പിന്നീട് നാസയുെട പ്രശസ്തമായ സ്പേസ് ഷട്ടിൽ പ്രോഗ്രാമുകൾ 1981 മുതൽ 2011 വരെയുള്ള കാലയളവിൽ ഇവിടെ നടന്നു.

സ്പേസ് ഷട്ടിൽ പ്രോഗ്രാമുകൾ അവസാനിച്ച ശേഷം സ്പേസ് എക്സ് കെന്നഡി സ്പേസ് സെന്ററിന്റെ വിക്ഷേപണ കേന്ദ്രത്തിന്റെ പകുതിയോളം 20 വർഷത്തേക്കു പാട്ടത്തിനെടുത്തു.2017 ഫെബ്രുവരിയിലാണ് കെന്നഡി സ്പേസ് സെന്ററിൽ നിന്നുള്ള ആദ്യ സ്പേസ്എക്സ് റോക്കറ്റ് വിക്ഷേപണം നടന്നത്.മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ഉദ്ദേശവുമായി നാസ നടത്തുന്ന ആർട്ടിമീസ് പദ്ധതിയിലെ ആദ്യ ദൗത്യത്തിന്റെ വിക്ഷേപണവും കെന്നഡി സ്പേസ് സെന്ററിലാണു നടന്നത്.
ഏകദേശം 200 കോടി യുഎസ് ഡോളർ ബജറ്റിലാണ് കെന്നഡി സ്പേസ് സെന്ററിന്റെ പ്രവർത്തനം. പതിമൂവായിരത്തിലധികം ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഏകദേശം 700 കെട്ടിടങ്ങൾ ഈ സമുച്ചയത്തിലുണ്ട്. ബഹിരാകാശ മേഖലയിലെ അദ്ഭുതമായ ഈ വിക്ഷേപണകേന്ദ്രം അനേകം ഹോളിവുഡ് സിനിമകളിലൊക്കെ കാണിട്ടിച്ചുണ്ട്. അപ്പോളോ 13, ഫസ്റ്റ് മാൻ, ആർമഗെഡൻ തുടങ്ങിയവ ഉദാഹരണം.