ഹാർവഡ് വിദ്യാർഥി വീസകൾ പ്രോസസ് ചെയ്യുന്നത് പുനരാരംഭിക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉത്തരവ്

Mail This Article
വാഷിങ്ടൻ ∙ ഹാർവഡ് സർവകലാശാല വിദ്യാർഥി, എക്സ്ചേഞ്ച് വിസിറ്റർ വീസകളുടെ പ്രോസസ്സിങ് പുനരാരംഭിക്കാൻ ലോകമെമ്പാടുമുള്ള എംബസികൾക്കും കോൺസുലേറ്റുകൾക്കും നിർദ്ദേശം നൽകി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. രാജ്യാന്തര വിദ്യാർഥികൾക്കെതിരെയുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏറ്റവും പുതിയ ഉത്തരവിനെതിരെ യുഎസ് ഡിസ്ട്രിക്റ്റ ജഡ്ജി അലിസൺ ബറോസ് താൽക്കാലിക നിയന്ത്രണ ഉത്തരവിറക്കിയിരുന്നു.
ഹാർവഡ് സർവകലാശാല വിദ്യാർഥികളിൽ നാലിലൊന്നും വിദേശികളാണ്. വിദേശ വിദ്യാർഥികളെ യുഎസിൽ എത്തുന്നതിൽ നിന്നു വിലക്കിയ ട്രംപിന്റെ വിവാദ ഉത്തരവിന് പിന്നാലെ സർവകലാശാല കോടതിയെ സമീപിക്കുകയായിരുന്നു. വിദേശ വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകുന്നതിൽനിന്നു സർവകലാശാലയെ വിലക്കിയ ട്രംപിന്റെ ഉത്തരവിന് ഏർപ്പെടുത്തിയ സ്റ്റേ കോടതി നീട്ടിയിട്ടുമുണ്ട്. സർവകലാശാലയിലെ വിദ്യാർഥികളുടെ എണ്ണം നാലിലൊന്നായി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ട്രംപ് ഉത്തരവിറക്കിയത്.
ജഡ്ജി അലിസൺ ബറോസ് അനുവദിച്ച താൽക്കാലിക നിയന്ത്രണ ഉത്തരവനുസരിച്ച് ഭരണകൂടത്തിന്റെ മുൻകാല വീസ നിയന്ത്രണങ്ങൾ റദ്ദാക്കുകയും വിദ്യാർഥികൾക്ക് സ്റ്റാൻഡേർഡ് വീസ നടപടിക്രമങ്ങൾക്ക് അവസരം ലഭിക്കുകയും ചെയ്യുന്നു.