ജെ.ഡി. വാന്‍സ് ആശയക്കുഴപ്പത്തിൽ?; സമൂഹമാധ്യമത്തിൽ ചർച്ചയായി ഡോണള്‍ഡ് ട്രംപിന്റെ പ്രസംഗം

Mail This Article
ഹൂസ്റ്റൺ ∙ ഇറാനിലെ മൂന്ന് പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളായ ഫോര്‍ഡോ, നതാന്‍സ്, എസ്ഫഹാന്‍ എന്നിവിടങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് എന്നിവര്‍ ടെലിവിഷനില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹത്തോടൊപ്പമുണ്ട്.
എന്നിരുന്നാലും, ജെ.ഡി. വാന്‍സിന്റെ 'ആശയക്കുഴപ്പത്തിലായ' പ്രകടനമാണ് പെട്ടെന്ന് ഓണ്‍ലൈനില്‍ ശ്രദ്ധ ആകര്‍ഷിച്ചത്. അത് താമസിയാതെ മീമുകളുടെയും സമൂഹമാഝ്യമ അഭ്യൂഹങ്ങൾക്കും കാരണമായി.
ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണം ട്രംപ് പ്രഖ്യാപിച്ചു. ''ഫോര്‍ഡോ, നതാന്‍സ്, എസ്ഫഹാന്‍ എന്നിവയുള്‍പ്പെടെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ഞങ്ങള്‍ വളരെ വിജയകരമായി ആക്രമണം പൂര്‍ത്തിയാക്കി. എല്ലാ വിമാനങ്ങളും ഇപ്പോള്‍ ഇറാന്‍ വ്യോമാതിര്‍ത്തിക്ക് പുറത്താണ്. പ്രാഥമിക സൈറ്റായ ഫോര്‍ഡോയില്‍ ബോംബുകളുടെ പൂര്‍ണ്ണ പേലോഡ് വര്‍ഷിച്ചു. എല്ലാ വിമാനങ്ങളും സുരക്ഷിതമായി നാട്ടിലേക്കുള്ള യാത്രയിലാണ്.' - ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി.
രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തില്‍, ഇറാന്റെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളില്‍ നടത്തിയ യുഎസ് ആക്രമണത്തിൽ 'പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു' എന്ന് ട്രംപ് പറഞ്ഞു.
'ഓര്‍ക്കുക, നിരവധി ലക്ഷ്യങ്ങള്‍ അവശേഷിക്കുന്നു. ഇന്നത്തെ രാത്രിയായിരുന്നു അവയില്‍ ഏറ്റവും ബുദ്ധിമുട്ടുള്ളതും, ഒരുപക്ഷേ ഏറ്റവും മാരകവും. എന്നാല്‍ സമാധാനം വേഗത്തില്‍ വന്നില്ലെങ്കില്‍, കൃത്യതയോടെയും വേഗതയോടെയും വൈദഗ്ധ്യത്തോടെയും ഞങ്ങള്‍ മറ്റ് ലക്ഷ്യങ്ങള്‍ പിന്തുടരും.'- ട്രംപ് മുന്നറിയിപ്പ് നൽകി. ആക്രമണങ്ങളെ 'അതിശയകരമായ സൈനിക വിജയം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.