ADVERTISEMENT

തിരുവനന്തപുരം ∙ അമേരിക്കയിലുള്ള സ്ത്രീയുടെ ഉടമസ്ഥതയിൽ കവടിയാർ ജവഹർ നഗറിലുണ്ടായിരുന്ന വീടും വസ്തുവും വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുത്തതിനു പിന്നിൽ ഉദ്യോഗസ്ഥർ കൂടി ഉൾപ്പെട്ട വൻ സംഘമെന്ന് പൊലീസ്. ഒന്നരക്കോടി രൂപയ്ക്ക് വസ്തു വിറ്റ കേസിൽ പിടിയിലായ രണ്ടു സ്ത്രീകളെ പണം വാഗ്ദാനം ചെയ്ത് സംഘം തട്ടിപ്പിൽ പങ്കാളികളാക്കി എന്നാണ് പൊലീസ് കരുതുന്നത്.

സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥ കൊല്ലം അലയമൺ മണക്കാട് പുതുപറമ്പിൽ വീട്ടിൽ മെറിൻ ജേക്കബ്(27) , വട്ടപ്പാറ കരകുളം മരുതൂർ ചീനിവിള പാലയ്ക്കാടു വീട്ടിൽ വസന്ത(76) എന്നിവരാണ് അറസ്റ്റിലായത്. ഡോറ അസറിയ ക്രിപ്‌സ് എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവും ഡോറയുടെ വളർത്തു മകളെന്ന വ്യാജേന മെറിന്റെ പേരിൽ റജിസ്റ്റർ ചെയ്തായിരുന്നു തട്ടിപ്പ്.

ശാസ്തമംഗലം റജിസ്ട്രാർ ഓഫിസിൽ ഡോറയായി എത്തി പ്രമാണ റജിസ്‌ട്രേഷൻ നടത്തി മെറിന് വസ്തു കൈമാറിയത് വസന്തയാണ്. ഡോറയോട് മുഖസാദൃശ്യമുള്ള വസന്തയെ കണ്ടെത്തിയത് തട്ടിപ്പിന് പിന്നിലെ സംഘമാണ്. മെറിനും വസന്തയ്ക്കും തമ്മിൽ പരിചയമുണ്ടായിരുന്നില്ല. ഈ വസ്തു ഒന്നരക്കോടി രൂപയ്ക്ക് ചന്ദ്രസേനൻ എന്നയാൾക്ക് മെറിൻ വിലയാധാരം എഴുതി കൊടുത്തു.

ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിൽ പരിചയപ്പെട്ട കുടുംബ സുഹൃത്താണ് മെറിനെ തട്ടിപ്പ് സംഘത്തിലേക്ക് എത്തിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്. മെറിന്റെ ആധാർകാർഡ് വ്യാജമായി ഉണ്ടാക്കിയിരുന്നു. ഈ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മെറിൻ പിടിയിലായത്. വസ്തുവിന്റെ മേൽനോട്ടത്തിന് ഡോറ ചുമതലപ്പെടുത്തിയിരുന്ന കെയർടേക്കർ കരം അടയ്ക്കാനെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.

English Summary:

Property fraud in Thiruvananthapuram is under investigation. The fraud involved using fake documents to illegally transfer ownership of a property in Kavadiar owned by a woman in America.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com