ADVERTISEMENT

കോട്ടയം മോനിപ്പള്ളി ഊരാളിൽ വീട്ടിൽ തോരാത്ത കണ്ണീർക്കടലിന് കാരണമായ മെറിൻ ജോയിയുടെ കൊലപാതകത്തിന് ഈ മാസം 28ന് അഞ്ച് വർഷം തികയുകയാണ്. ഓർമകളിൽ തീരാനോവായി പടരുന്ന ആ ക്രൂരകൃത്യം നടത്തിയത് മെറിന്റെ ഭർത്താവാണെന്ന നടുക്കം ഇന്നും മലയാളികളിൽ നിന്ന് വിട്ടുപോയിട്ടില്ല. ചങ്ങനാശേരി വെളിയനാട് ആഞ്ഞിലിക്കാത്തറയിൽ ഫിലിപ് മാത്യുവിന്റെ (നെവിൻ) ഭാര്യയായിരുന്ന മെറിൻ വിവാഹശേഷമാണ് അമേരിക്കയിലേക്ക് പോയത്. 2016ലായിരുന്നു ഇവരുടെ വിവാഹം.

∙ 'നിന്നെയും മകളെയും കൊല്ലും, ഞാനും ചാവും'
എന്നാൽ ഇവരുടെ ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ല. ബന്ധുക്കൾ പറയുന്നതനുസരിച്ച്, മെറിനും ഫിലിപ്പും നാട്ടിൽ വെച്ചും പലപ്പോഴും വഴക്കിട്ടിട്ടുണ്ടായിരുന്നു. ഒരിക്കൽ മെറിനെയും കുഞ്ഞിനെയും കൂട്ടാതെ ഫിലിപ്പ് യുഎസിലേക്ക് തിരികെ പോയിട്ടുണ്ട്. കുഞ്ഞിനെ മെറിന്റെ മാതാപിതാക്കൾക്കൊപ്പം നാട്ടിലാക്കിയ ശേഷമാണ് മെറിൻ പിന്നീട് അമേരിക്കയിലേക്ക് പോയത്.

merin-joy-murder

മെറിനെ ഭർത്താവ് നെവിൻ ഭീഷണിപ്പെടുത്തിയിരുന്നതായി മെറിന്റെ സഹപ്രവർത്തക മിനിമോൾ ചൊറിയമ്മാക്കൽ സംഭവം നടന്ന ശേഷം വെളിപ്പെടുത്തിയിരുന്നു. 'നിന്നെയും മകളെയും കൊല്ലും, ഞാനും ചാവും' എന്നായിരുന്നു ഭീഷണി. 2019 ഡിസംബറിൽ നാട്ടിൽ വെച്ച് ഭർത്താവ് ശാരീരികമായി ഉപദ്രവിച്ചതിനെക്കുറിച്ചും മെറിൻ മിനിമോളോട് പറഞ്ഞിരുന്നതായിട്ടാണ് വെളിപ്പെടുത്തിയിരുന്നത്.

മെറിന്റെ കൊലപാതകത്തിനു ശേഷം ജീവനൊടുക്കാൻ ശ്രമം നടത്തിയ ഫിലിപ്പിനെ യുഎസിൽ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ. (യുഎസ് മാധ്യമത്തിലെ വിഡിയോ ദൃശ്യത്തിൽ നിന്ന്.)
മെറിന്റെ കൊലപാതകത്തിനു ശേഷം ജീവനൊടുക്കാൻ ശ്രമം നടത്തിയ ഫിലിപ്പിനെ യുഎസിൽ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ. (യുഎസ് മാധ്യമത്തിലെ വിഡിയോ ദൃശ്യത്തിൽ നിന്ന്.)

∙ 17 തവണ കുത്തി, കാർ ശരീരത്തിലൂടെ ഓടിച്ചു കയറ്റിയിറക്കി
2020 ജൂലൈ 28ന് അമേരിക്കൻ സമയം രാവിലെ 8.30ന് (ഇന്ത്യൻ സമയം വൈകിട്ട് 6)  ആശുപത്രിയിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മെറിൻ തന്നെ കൊലപ്പെടുത്താൻ ഫിലിപ്പ് കാത്തിരിക്കുന്നത് അറിഞ്ഞിരുന്നില്ല. കാർ പാർക്കിങ്ങിൽ കാത്തുനിന്ന ഫിലിപ്പ് മെറിനെ കണ്ടതോടെ ആക്രമിക്കുകയായിരുന്നു. 17 തവണ കുത്തി. ദൃക്സാക്ഷികൾ പറയുന്നതനുസരിച്ച്, മെറിൻ താഴെ വീണതിന് ശേഷം ഫിലിപ്പ് കാർ ദേഹത്തിലൂടെ ഓടിച്ചു കയറ്റിയിറക്കി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മെറിന്റെ ജീവൻ രക്ഷിക്കാനായില്ല. കൊലപാതകം നടക്കുമ്പോൾ മെറിനും ഫിലിപ്പും മാസങ്ങളായി പിരിഞ്ഞു താമസിക്കുകയായിരുന്നു.

∙ കൊലപാതകം ജോലി മാറാൻ തയ്യാറെടുക്കുന്നതിനിടെ
ഫിലിപ്പ് ആക്രമിക്കുമെന്ന ഭീതി മെറിനുണ്ടായിരുന്നു. ഇതു കാരണം മെറിൻ ജോലി ചെയ്തിരുന്ന കോറൽ സ്പ്രിങ്സ് ബ്രൊവാഡ്‌ ഹെൽത്ത് ഹോസ്പിറ്റലിലെ ജോലി ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് മാറാൻ തയ്യാറെടുക്കുകയായിരുന്നു. കോറൽ സ്പ്രിങ്സ് ബ്രൊവാഡ്‌ ഹെൽത്ത് ഹോസ്പിറ്റലിലെ മെറിന്റെ അവസാനത്തെ ജോലി ദിവസമാണ് ഫിലിപ്പ് കൃത്യം നടത്താൻ തിരഞ്ഞെടുത്തത്. മിഷിഗനിലെ വിക്സനിൽ ജോലി ചെയ്യുന്ന ഫിലിപ്പ്, മെറിനെ ആക്രമിക്കാൻ വേണ്ടി കോറൽ സ്പ്രിങ്ങിൽ വന്ന് ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു.

∙നൊമ്പരമായി നോറ
മെറിൻ കൊല്ലപ്പെടുമ്പോൾ മെറിന്റെയും ഫിലിപ്പിന്റെയും മകൾ നോറയ്ക്ക് രണ്ട് വയസ്സായിരുന്നു നോറയുടെ പ്രായം. കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് മെറിൻ വീട്ടിലേക്ക് വിഡിയോ കോൾ വിളിച്ചിരുന്നു. അച്ഛൻ ജോയി, അമ്മ മേഴ്സി, സഹോദരി മീര എന്നിവരോടെല്ലാം അവൾ സംസാരിച്ചു, മകൾ നോറയുടെ കുസൃതികൾ ആസ്വദിച്ചു. എന്നാൽ പിന്നീട് ആ കുടുംബം കേട്ടത് ക്രൂരകൃത്യത്തിന്റെ ഭയാനാകമായ വാർത്തയായിരുന്നു.പിറവം മരങ്ങാട്ടിൽ ജോയിയുടെയും മേഴ്സിയുടെയും മൂത്ത മകളായിരുന്നു മയാമിയിൽ നഴ്സായി ജോലി ചെയ്തിരുന്ന മെറിൻ. പഠനത്തിൽ മിടുക്കിയായിരുന്നു. കൊല്ലപ്പെടുന്നതിന് മാസങ്ങൾക്ക് മുൻപ് തന്നെ ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു.

∙ ഫിലിപ്പിനെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ
ഈ കേസിൽ ഫിലിപ്പിനെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങളായിരുന്നു. മെറിനെ ആക്രമിക്കാൻ ലക്ഷ്യമിട്ട് ഫിലിപ്പ് മാത്യു ബ്രൊവാഡ് ഹെൽത്ത് ആശുപത്രിക്ക് പുറത്ത് ഏകദേശം 45 മിനിറ്റോളം കാത്തുനിന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഒരു ദൃക്സാക്ഷിയെ ഫിലിപ്പ് ഭീഷണിപ്പെടുത്തുകയും അയാളാണ് കാറിന്റെ ഫോട്ടോ എടുത്ത് പൊലീസിന് വിവരം നൽകിയത്. കുത്തിയത് ഭർത്താവ് തന്നെയാണെന്ന് മെറിൻ പറയുന്ന ദൃശ്യങ്ങളും പൊലീസ് പകർത്തിയിരുന്നു. ഇതെല്ലാം കേസിൽ നിർണായക തെളിവുകളായി മാറി.

ഫിലിപ്പിന്റെ അഭിഭാഷകൻ ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമല്ലെന്നും , പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കത്തിയും ചുറ്റികയും വാങ്ങിയാണ് ഫിലിപ്പ് ആശുപത്രിയിൽ എത്തിയത് എന്നതും കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് കോടതിക്ക് ബോധ്യമായി. ഫിലിപ്പിനെ മാനസിക പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.

മെറിന്റെ സംസ്കാരം നടന്നത് യുഎസിലെ റ്റാംപയിലെ കത്തോലിക്കാ ദേവാലയത്തിലാണ്. മെറിന്റെ പിതാവ് ജോയിയുടെ മാതൃസഹോദരന്മാർ ഉൾപ്പെടെയുള്ള ബന്ധുക്കൾ റ്റാംപയിൽ ഉണ്ടായിരുന്നതിനാൽ അവരാണ് സംസ്കാരത്തിനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയത്. 17 കുത്തേറ്റതിനാലും വാഹനം കയറ്റിയിറക്കിയതിനാലും മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. അതുകൊണ്ട് തന്നെയാണ് റ്റാംപയിൽ വെച്ച് തന്നെ മെറിന്റെ അന്ത്യകർമ്മങ്ങൾ നടത്തിയത്.

English Summary:

Merin Joy murder case marks its 5th anniversary. Merin Joy's murder by her husband Philip Mathew continues to be a tragic reminder of domestic violence.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com