എല്ലാ ഭാഗങ്ങളും ഔഷധയോഗ്യമായ സസ്യമാണ് തഴുതാമ. ഈ സസ്യം രണ്ടു തരമുണ്ട്. വെളുത്തതും ചുവന്നതും. രണ്ടും ഔഷധഗുണത്തിൽ ഏകദേശം ഏകസ്വഭാവക്കാരാണ്. പുനർനവ എന്നപേരിലും തഴുതാമ അറിയപ്പെടുന്നു. ഇന്ത്യയിലെ ഏതു കാലാവസ്ഥയിലും തഴച്ചു വളരുന്ന സസ്യം എന്ന പ്രത്യേകതയും തഴുതാമയ്ക്കുണ്ട്.
∙ ആമവാതത്തിന് ഏറ്റവും നല്ല ഔഷധങ്ങളിൽ ഒന്നാണ് തഴുതാമ. തഴുതാമയുടെ വേര്, കച്ചോലം, ചുക്ക് എന്നിവ സമാസമം എടുത്ത് കഷായമായി രാവിലെയും വൈകുന്നേരവും 25 മില്ലി ലിറ്റർ വീതം ഏഴു ദിവസം തുടർച്ചയായി കഴിച്ചാൽ ആമവാതം ശമിക്കും.
∙ തഴുതാമയുടെ ഇല കൊണ്ടുള്ള തോരൻ സ്ഥിരമായി ഭക്ഷണത്തിലുൾപ്പെടുത്തുന്നതും ഫലം നൽകും.
∙ പൊട്ടാസ്യം നൈട്രേറ്റ് ധാരാളം അടങ്ങിയിട്ടുള്ളതാണ് തഴുതാമ. വെള്ളത്തിൽ തഴുതാമയുടെ ഇല ചേർത്ത് തിളപ്പിച്ച് കുടിച്ചാൽ മൂത്ര തടസ്സം ഒഴിവായിക്കിട്ടും.
∙ പ്രാണികൾ കടിച്ചുണ്ടാകുന്ന നീര്, വിഷം എന്നവിയ്ക്കും തഴുതാമ നല്ലതാണ്. തഴുതാമ വേര്, എരുത്തിൽ വേര്, കടുക്കമൂലി വേര്. മഞ്ഞൾ, വയമ്പ് ഇവ സമാസം ചേര്‍ത്ത് ഗോമൂത്രത്തിൽ ചാലിച്ച് നീരുള്ള ഭാഗത്ത് പുരട്ടിയാൽ നീര് വറ്റും.
∙ വെളുത്ത തഴുതാമ ഇടിച്ചു പിഴിഞ്ഞെടുത്ത നീര് മുലപ്പാലിൽ ചേർത്ത് കണ്ണിലൊഴിച്ചാൽ കണ്ണിലെ ചൊറിച്ചിൽ ശമിക്കും.
∙ കഫ സംബന്ധമായ പ്രശ്നങ്ങൾക്ക് തഴുതാമ വേരും വയമ്പും ചേർത്ത് സേവിക്കുന്നത് നല്ലതാണ്.
∙ വെളുത്ത തഴുതാമ കഷായമാക്കി എള്ളെണ്ണയില്‍ ചേർത്ത് കാച്ചി തേച്ചാൽ വാത രക്തത്തിന് ശമനമുണ്ടാകും.
∙ തഴുതാമ സമൂലം അരച്ച് കുഴമ്പു രൂപത്തിലാക്കി ആറുഗ്രാം വരെ എടുത്ത് രാവിലെയും വൈകുന്നേരവും കഴിച്ചാൽ കൃമി കീടങ്ങൾ കൊണ്ട് ശരീരത്തിലേറ്റ വിഷാംശം നശിക്കും.
∙ അമിതമായി മദ്യം കഴിച്ചുണ്ടാകുന്ന ക്ഷീണം, തലകറക്കം തുടങ്ങിയവയ്ക്ക് തഴുതാമ ഗുണകരമാണ്. തഴുതാമ കഷായമായി അതേ അളവിൽ ശുദ്ധമായ പശുവിൻ പാലു ചേർത്ത് കാച്ചി നേർ പകുതിയാക്കി രാവിലെയും വൈകുന്നേരവും ഇരുപത്തിയഞ്ച് മില്ലി ലിറ്റർ വീതം കഴിച്ചാൽ മദ്യം കഴിച്ചുണ്ടാകുന്ന അസ്വസ്ഥതകൾ മാറിക്കിട്ടും.