Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻഡോമെട്രിയോസിസിന് ആയുർവേദം പരിഹാരം

endometriosis

ഗർഭാശയത്തിന്റെ ഉൾവശത്തെ സ്തരമാണ് എൻഡോമെട്രിയം. ഗർഭധാരണം നടക്കാത്ത സാഹചര്യത്തിൽ ആർത്തവ രക്തത്തോടൊപ്പം ഇവ പൊഴിഞ്ഞു പുതിയ സ്തരം രൂപപ്പെടും. ഇൗ കോശങ്ങൾ ഗർഭപാത്രത്തിലല്ലാതെ മറ്റേതെങ്കിലും ശരീരഭാഗത്തു വളരുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ്. 

അണ്ഡാശയം, ഉദരത്തിന്റെ ഉൾഭാഗം എന്നിവിടങ്ങളിലാണ് സാധാരണയായി കാണപ്പെടുന്നത്. മൂത്രാശയം, ശ്വാസകോശം, കൈകാലുകൾ, പേശികൾ എന്നിവിടങ്ങളിലും അപൂർവമായി കാണപ്പെടാറുണ്ട്. സാധാരണയായി സിസ്റ്റ്, ചോക്‌ലേറ്റ് സിസ്റ്റ് രൂപത്തിലും ഇവ ശരീരത്തിൽ വളരുന്നു. രോഗത്തിനു വ്യക്തമായ കാരണങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. ചില നിഗമനങ്ങൾ മാത്രമാണു നിലവിലുള്ളത്. മലയാളി സ്ത്രീകളിൽ ഈ രോഗം വ്യാപകമായി വരികയാണിപ്പോൾ.ചികിൽസിച്ചു മാറ്റാനും പ്രയാസം. 

പരിഹാരം 

എൻഡോമെട്രിയോസിസ് മൂലം ഒരു സ്ത്രീ നേരിടുന്ന പ്രാഥമിക പ്രശ്നം എന്താണ് എന്നതിലാണ് ആയുർവേദം ശ്രദ്ധിക്കുന്നത്. വേദനയാണോ വന്ധ്യതയാണോ, അതോ രണ്ടും കൂടിയാണോ എന്നുള്ളതു വിലയിരുത്തി അതനുസരിച്ചു ചികിൽസയിലും മാറ്റം വരുത്തുന്നു. പൊതുവായ ആരോഗ്യപരിപാലനത്തിനും രോഗപ്രതിരോധശേഷിക്കും ഊന്നൽ നൽകുകയും ചെയ്യുന്നു. 

എൻഡോമെട്രിയോസിസ് ഉള്ളവരിൽ അടിസ്ഥാനപരമായി വാതദോഷം മുന്നിലുള്ളതിനാൽ വാതത്തെ ശമിപ്പിക്കുന്ന തരത്തിലുള്ള ഔഷധങ്ങളും വസ്തി മുതലായ ക്രിയാകർമങ്ങളും ചെയ്യാവുന്നതാണ്. രക്തധാതുവിന്റെ സ്വാധീനം ഉള്ളതിനാൽ പിത്തശമനവും ചികിൽസയിൽ പരിഗണിക്കും. 

 ഇവ ശ്രദ്ധിക്കാം

∙ 26 വയസ്സിനുള്ളിൽ ആദ്യത്തെ കുഞ്ഞിനെ പ്രസവിക്കുകയും അതിനെ പാലൂട്ടുകയും ചെയ്യുക. ഗർഭധാരണത്തോളം മികച്ച ചികിൽസ മറ്റൊന്നില്ല. 

∙ സ്ത്രീഹോർമോൺ ആയ ഇൗസ്ട്രജൻ അടങ്ങിയ ഭക്ഷണ സാധനങ്ങൾ ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക. 

∙ ജീവിതശൈലിയിലും ആഹാരത്തിലും മാറ്റങ്ങൾ വരുത്തുക – ശരിയായ വ്യായാമം, സമയത്ത് ആവശ്യാനുസരണം ഉറക്കം, മിതമായും വിശപ്പിനനുസരിച്ചും ഭക്ഷണം എന്നിവ ശീലമാക്കുക. 

∙ കുടുംബത്തിൽ രക്തബന്ധമുള്ള സ്ത്രീകളിൽ ഇതേ പ്രശ്നം ഉണ്ടെങ്കിൽ വൈദ്യപരിശോധന നടത്തുന്നതു നല്ലതാണ്. 

വിവരങ്ങൾ : 

ഡോ. മഞ്ജു ജോസഫ്

അസി. പ്രഫസർ, പ്രസൂതി തന്ത്ര ആൻഡ് സ്ത്രീരോഗ വിഭാഗം,

നങ്ങേലിൽ ആയുർവേദ കോളജ്, കോതമംഗലം

കൺസൽറ്റന്റ്, വെമ്പള്ളി ആയുർവേദ ഹോസ്പിറ്റൽ, തൊടുപുഴ.

Read More : Health and Ayurveda