Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആയുർവേദ ഉൽപന്ന നിർമാണം: ഇനി ‘പൈലറ്റ് സ്‌റ്റഡി’ മതി

Ayurveda treatment

പേറ്റന്റുള്ള ആയുർവേദ ഉൽപന്നങ്ങളുടെ നിർമാണത്തിനും വിപണനത്തിനും മുന്നോടിയായി  ‘പൈലറ്റ് സ്‌റ്റഡി’ നടത്തിയാൽ മതിയെന്നു സംസ്‌ഥാന സർക്കാർ ഉത്തരവ്. നിർമാതാക്കൾ കേരളം വിട്ട് അന്യസംസ്‌ഥാനങ്ങളിലേക്കു പോകുന്നത് ഒഴിവാക്കാൻ ഈ നടപടി സഹായകമാകും.

ആയുർവേദത്തിന്റെ അടിസ്‌ഥാന ഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടില്ലാത്ത ഔഷധക്കൂട്ടുകൾ പ്രകാരം തയാറാക്കുന്ന ഉൽപന്നങ്ങൾക്കു ‘ക്‌ളിനിക്കൽ സ്‌റ്റഡി’ക്കു പകരം ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമപ്രകാരമുള്ള ‘പൈലറ്റ് സ്‌റ്റഡി’ മതിയെന്നു കേന്ദ്ര ആയുഷ് മന്ത്രാലയം ഉത്തരവു പുറപ്പെടുവിച്ചിരുന്നെങ്കിലും കേരളം മാത്രം അനുകൂല നടപടി സ്വീകരിക്കുകയുണ്ടായില്ല. 

തന്മൂലം ഈ വിഭാഗത്തിൽപ്പെട്ട അനേകം ഉൽപന്നങ്ങൾക്കു ലൈസൻസ് നേടാൻ മറ്റു സംസ്‌ഥാനങ്ങളെ സമീപിക്കുക മാത്രമായിരുന്നു പോംവഴി. നിർമാണം തന്നെ അന്യ സംസ്‌ഥാനങ്ങളിലേക്കു മാറ്റാൻ ചില നിർമാതാക്കൾ നിർബന്ധിതരായി. അഞ്ചു വർഷമായി ഈ സ്‌ഥിതി തുടർന്നുവന്ന പശ്‌ചാത്തലത്തിലാണ് ഇപ്പോൾ സംസ്‌ഥാന സർക്കാരിന്റെ ഉത്തരവ്. 

എഴുന്നൂറിലേറെ നിർമാണ യൂണിറ്റുകളുള്ള സംസ്‌ഥാനത്തു മൂന്നു കേന്ദ്രങ്ങളിൽ മാത്രമായിരുന്നു ‘ക്ലിനിക്കൽ സ്‌റ്റഡി’ക്ക് അനുമതി. ഈ സാഹചര്യത്തിൽ ‘ക്ലിനിക്കൽ സ്‌റ്റഡി’ പ്രായോഗികമല്ലെന്ന് ആയുർവേദിക് മെഡിസിൻ മാനുഫാക്‌ചറേഴ്‌സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ പല തവണ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി. ഏറെ വൈകിയാണെങ്കിലും അനുകൂല നടപടി കേരളത്തിലെ ആയുർവേദ വ്യവസായത്തിനു വലിയ സാധ്യതകളാണു സമ്മാനിക്കുന്നതെന്ന് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഡോ. ഡി. രാമനാഥൻ അഭിപ്രായപ്പെട്ടു.