Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതശൈലീ രോഗങ്ങൾക്കും ഒറ്റമൂലികൾ

 വെളുത്തുള്ളി. Image Courtesy : The Week Smartlife Magazine

നമ്മുടെ തന്നെ ജീവിതശൈലി കൊണ്ടു വിളിച്ചുവരുത്തുന്ന ഒരു കൂട്ടം രോഗങ്ങളാണ് ഇന്ന് ആരോഗ്യരംഗത്ത് ഭീഷണിയുയർത്തി പെരുകി വരുന്നത്. ഹൃദ്രോഗം, പ്രമേഹം, രക്താതിമർദം, കൊളസ്ട്രോൾ, കരൾ രോഗങ്ങൾ എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാണ്. പിടിപെട്ടു കഴിഞ്ഞാൽ ചികിത്സിച്ചു മാറ്റുക ഏറെ വിഷമകരമായ ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ ജീവിതശൈലിയിൽ തന്നെ ആരോഗ്യകരമായ ചിട്ടകൾ ഉൾപ്പെടുത്തുകയാണ് അഭികാമ്യം. വ്യായാമവും പ്രകൃതിഭക്ഷണ രീതിയുമെല്ലാം ഇതിൽ വിലപ്പെട്ട പങ്കാണു വഹിക്കുന്നത്. അതോടൊപ്പം, ഒറ്റമൂലികളായി ഉപയോഗിക്കാൻ പറ്റുന്ന ചില പ്രത്യേക ഔഷധങ്ങൾക്കും പ്രമുഖ സ്ഥാനമുണ്ട്.

നമ്മുടെ ദൈനംദിന ശീലങ്ങൾ മൂലം ശരീരത്തിനകത്തെ മർമപ്രധാനമായ ചില അവയവങ്ങളുടെ കാര്യക്ഷമതയ്ക്ക് കോട്ടം തട്ടുമ്പോഴാണ് രോഗങ്ങളിലേക്കു നീങ്ങുംവിധം അവയിൽ ചില മാറ്റങ്ങൾ സംഭവിക്കുന്നത്. അതുകൊണ്ടു തന്നെ, പ്രസ്തുത അവയവങ്ങളുടെ കാര്യക്ഷമത നിലനിർത്താനുതകുന്ന പ്രകൃതിദത്ത ഔഷധങ്ങൾ വഴി രോഗത്തെ ചെറുക്കാം. രോഗത്തിന്റെ ആദ്യാവസ്ഥയിലും പ്രാഥമിക ചികിത്സയെന്ന നിലയിൽ ഇത് ഉപയോഗപ്പെടുത്താം.

അമിതമായ കൊളസ്ട്രോളും കരൾ രോഗങ്ങളും പ്രധാനമായും കരളിന്റെ പ്രവർത്തമാന്ദ്യം കൊണ്ടാണുണ്ടാകുന്നത്. പ്രമേഹത്തിന് ആഗ്നേയഗ്രന്ഥി (പാൻക്രിയാസ്)യുടെ ക്ഷീണമാണു കാരണം. വൃക്കകൾക്കും ഇതിൽ പങ്കുണ്ട്. ഹൃദ്രോഗത്തിലും രക്താതിമർദ്ദത്തിലും ഹൃദയത്തിനും രക്തക്കുഴലുകൾക്കുമാണു പ്രവർത്തനമാന്ദ്യമെങ്കിലും ആദ്യത്തെ പങ്ക് വയറിനാണ്. ഈ ഭാഗങ്ങളെ ഊർജവത്താക്കുകയാണു ഒറ്റമൂലികളുടെ ധർമം.

ഒറ്റമമൂലികൾ ഒരിക്കലും ഒരു സമ്പൂർണ ചികിത്സയല്ല. പലപ്പോഴും രോഗലക്ഷണങ്ങളെ താൽക്കാലികമായി ശമിപ്പിച്ചു നിർത്താനാണിവ ഉപയോഗിച്ചു വരുന്നത്. ഇവിടെയാകട്ടെ ശാരീരിക പ്രക്രിയകൾക്ക് കരുത്തു പകരാനും.

ഒറ്റമൂലി എങ്ങനെ ഫലപ്രദമാകുന്നു?

ഒറ്റമൂലികളെ ഫലപ്രദമാക്കുന്നതു പ്രധാനമായും അതിലെ പ്രകൃതിദത്ത സ്റ്റിറോയ്ഡുകളുടെ സാന്നിധ്യമാണെന്ന് ആധുനിക ഗവേഷകർ അഭിപ്രായപ്പെടുന്നു. ഉദാ: വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള അല്ലിസിൻ എന്ന അംശം കൊഴുപ്പിനെ ദ്രവീകരിച്ചു കളയാൻ പര്യാപ്തമാണെന്നു കണ്ടെത്തിയിട്ടുണ്ട്.

ആരോഗ്യരംഗത്ത് പരസ്യവിപ്ലവങ്ങൾ നടക്കുന്ന പുതിയ കാലത്തു കബളിപ്പിക്കൽ വ്യാപകമാണ്. ഒറ്റമൂലി പ്രയോഗങ്ങൾ രഹസ്യസൂത്രണങ്ങളല്ല, പഴയകാലത്തെ ജനകീയ അറിവുകളാണിവ. പ്രാഥമികചികിത്സയെന്ന നിലയിലും രോഗപ്രതിരോധൗഷധമെന്ന നിലയ്ക്കും ഇതിനു പ്രസക്തിയുണ്ട്.

ഒറ്റമൂലി പ്രയോഗങ്ങൾ ഒരിക്കലും ഒരു സമ്പൂർണ ചികിത്സയല്ല. ചിലരിൽ ഫലപ്രദമാവുന്ന ഒറ്റമൂലികൾ മറ്റുള്ളവരിൽ ഗുണം നൽകില്ല.

ഒറ്റ മരുന്നാണെങ്കിൽ പോലും അത് എത്ര അളവിൽ വേണമെന്നും എത്രകാലം തുടരണമെന്നുമെല്ലാം ചികിത്സകൻ രോഗിയെ പരിശോധിച്ചു രോഗിയുടെ അവസ്ഥയും രോഗതീവ്രതയും മറ്റും പരിഗണിച്ചശേഷമാണു തീരുമാനിക്കുന്നത്. അതിനാൽ, ഇവയുടെ കൂടുതൽ ഉപയോഗങ്ങൾ വൈദ്യനിർദേശപ്രകാരം ആകുന്നതാണ് നല്ലത്.

കൊളസ്ട്രോൾ കുറയ്്ക്കാൻ

ഇന്നത്തെ ജനങ്ങൾ ഏറ്റവും കൂടുതൽ ഭയക്കുന്ന ഒരു ഭീകരനായിട്ടുണ്ട് കൊളസ്ട്രോൾ. ഇത്രമാത്രം അപകടകാരിയല്ല കൊളസ്ട്രോൾ. പക്ഷേ, കരളിന്റെ പ്രവർത്ത വൈകല്യങ്ങൾ മൂലം ശരിയായ ഉപാപചയം നടന്നില്ലെങ്കിൽ മലിനമായി അടിയുന്ന കൊളസ്ട്രോൾ മറ്റ് രോഗങ്ങളിലേക്ക് നയിക്കും. ഹൃദയത്തിലും രക്തക്കുഴലുകളിലും മറ്റും തടസങ്ങളുണ്ടാവാൻ ഇതു കാരണമായേക്കാം.

കൊളസ്ട്രോൾ അപകടകരമാവാതിരിക്കാൻ ശീലിക്കാവുന്ന ഒറ്റമൂലികൾ പലരിലും ഏറെ ഗുണം ചെയ്യുന്നതായി കണ്ടിട്ടുണ്ട്.

കറിവേപ്പിലയും വെളുത്തുള്ളിയും

കറിവേപ്പിലയും വെളുത്തുള്ളിയും ഇഞ്ചിയും കുറച്ചെടുത്ത് അരച്ച് ഒരു ഗ്ലാസ് മോരിൽ കാച്ചിയെടുത്ത് ഇടയ്ക്കൊക്കെ കഴിക്കുന്നതു കൊളസ്ട്രോളിന്റെ ഉപാപയം ശരിയാവാൻ നല്ലതാണ്. ഇതുതന്നെ അമിതമായി കൊളസ്ട്രോൾ ഉള്ളവരിൽ എല്ലാ ദിവസവും കഴിക്കാം.

മുതിരച്ചാറും മല്ലിവെള്ളവും

മുതിര വെള്ളം ചേർത്ത് വേവിച്ച് അതിന്റെ ചാറ് ഒരു ഗ്ലാസ് വീതം തുടർച്ചയായി ഒരു മാസം സേവിക്കുന്നതും ഇഞ്ചിയും മല്ലിയും ചേർത്തു തിളപ്പിച്ച വെള്ളം ദാഹത്തിന് ഇടയ്ക്കിടയ്ക്കു കുടിക്കുന്നതും ശീലമാക്കിയാൽ കൊളസ്ട്രോൾ കുറയ്ക്കാം.

ആര്യവേപ്പില പതിവായി

അഞ്ച് ആര്യവേപ്പില വീതം കഴുകി വൃത്തിയാക്കിയെടുത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുന്നതും ഗുണം ചെയ്യും.

ഹൃദയത്തെ കാക്കാൻ നീർമരുത്

നാം ഉറങ്ങുമ്പോൾ പോലും തുടർച്ചയായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സുപ്രധാന അവയവമാണ് ഹൃദയം. ആധുനിക ജീവിതശൈലിയിലെ അനാരോഗ്യ പ്രവണതകൾ ഹൃദയത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വ്യായാമക്കുറവും ദഹനവൈകല്യങ്ങളും മാനസിക സമ്മർദ്ദങ്ങളുമൊക്കെയാണ് ഹൃദയത്തിന്റെ ശത്രുക്കൾ. ഇവ ഹൃദയപേശികളെയും രക്തക്കുഴലുകളെയും ക്ഷീണിപ്പിച്ചു കൊണ്ടു ക്രമേണ എപ്പോൾ വേണമെങ്കിലും നിലച്ചുപോകത്തക്ക വിധം ഹൃദയത്തെ രോഗഗ്രസ്തമാക്കുന്നു. ചിട്ടയായ വ്യായാമവും കൃത്യമായ ഭക്ഷണശീലങ്ങളും സംഘർഷങ്ങളില്ലാത്ത മനസുമാണ് ഹൃദയത്തിന്റെ കാവൽഭടന്മാർ. അതോടൊപ്പം പ്രകൃതിദത്തമായ ചില ഔഷധങ്ങൾ കൂടിയാവാം.

neermaruth നീർമരുത്

നീർമരുത് കൊണ്ടൊരു ദാഹശമനി

ഈ ഒറ്റമൂലി വേദഗ്രന്ഥങ്ങളിൽ പോലും ഹൃദയാരോഗ്യത്തിന് പറയപ്പെട്ട ഫലപ്രദമായൊരു ഔഷധമാണ്. ഇത് ഉണക്കിപ്പൊടിച്ചും കഷായം വച്ചു കുറുക്കിയും മറ്റു ഹൃദ്രോഗ ചികിത്സകൾക്ക് ഇന്നും ഉപയോഗിക്കുന്നുണ്ട്. വളരെ ലളിതമായി ഇതു ശീലമാക്കാൻ പറ്റിയ മാർഗം കുടിവെള്ളമായിട്ടാണ്. നീർമരുതിൻ തൊലി കഴുകി വൃത്തിയാക്കി ഉണക്കി ചെറിയ കഷണങ്ങളായി അരിഞ്ഞുവയ്ക്കുക. ഓരോ ദിവസവും ദാഹശമനി ഉണ്ടാക്കുമ്പോൾ അതിൽ ഒരുപിടി ഇട്ടു തിളപ്പിക്കുക. ദാഹത്തിന് ഈ വെള്ളം കുടിക്കാനെടുക്കുക. ഹൃദയാരോഗ്യസംരക്ഷണത്തിന് ഇതു മുതൽക്കൂട്ടാകും. ഏതെങ്കിലും തരത്തിലുള്ള ഹൃദ്രോഗം ബാധിച്ചിട്ടുള്ളവർക്കും മറ്റു മരുന്നുകളോടൊപ്പം ഇത് ഉപയോഗപ്പെടുത്താവുന്നതാണ്.

വെളുത്തുള്ളി പാൽക്കഷായം

പാൽക്കഷായമായി ഉപയോഗിക്കാൻ പറ്റിയ നല്ലൊരു ഒറ്റമൂലിയാണു വെളുത്തുള്ളി. തൊലി കളഞ്ഞ വെളുത്തുള്ളി 10 എണ്ണം ചതച്ച് കാൽ ഗ്ലാസ് പാലും ഒരു ഗ്ലാസ് വെള്ളവും ചേർത്തു തിളപ്പിച്ച് കാൽ ഗ്ലാസാക്കി വറ്റിച്ചു രാവിലെ പതിവായി വെറും വയറ്റിൽ കഴിക്കുന്നതു ഹൃദയത്തിൽ അനാവശ്യമായ കൊഴുപ്പടിയുന്നത് ഇല്ലാതാക്കി ഹൃദയപ്രവർത്തനം സുഗമമാക്കും. രോഗങ്ങളില്ലാത്തവരാണെങ്കിൽ മഴക്കാലത്തും തണു പ്പുകാലത്തുമൊക്കെ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം സേവിക്കാം.

പ്രമേഹത്തിനെതിരെ ചിറ്റമൃതിൻ നീര്

രണ്ടായിരമാണ്ടോടെ എല്ലാവർക്കും ആരോഗ്യം നിരർഥകമായൊരു പ്രഖ്യാപനമായിരുന്നു. എന്നാൽ രണ്ടായിരത്തിമുപ്പതോടെ എല്ലാവർക്കും പ്രമേഹം എന്നതു സംഭവിക്കാൻ സാധ്യതയുള്ള ഒന്നായി വേണം കരുതാൻ!

ഇന്നത്തെ കണക്കുകളും ജീവിതശൈലികളും അതിലേക്കാണു വിരൽ ചൂണ്ടുന്നത്. ആധുനിക ഗവേഷണങ്ങൾ വഴി നൂതന ചികിത്സകൾ പ്രമേഹത്തിനു കണ്ടെത്തുന്നുണ്ടെങ്കിലും രോഗം നിയന്ത്രണത്തിലാക്കുക അത്ര എളുപ്പമല്ല. ആഗ്നേയഗ്രന്ഥിയുടെ പ്രവർത്തന മാന്ദ്യമാണ് പ്രമേഹത്തിലേക്കു നയിക്കുന്ന പ്രധാന പ്രശ്നം. ആരോഗ്യകരമായ ഭക്ഷണശൈലിയും ആവശ്യത്തിന് വ്യായാമങ്ങളും ശീലമാക്കിയാൽ ഇതു പ്രതിരോധിക്കാം. അതോടൊപ്പം ഒറ്റ മരുന്നുകളും ഉപയോഗിക്കാം. പാരമ്പര്യമായി പ്രമേഹസാധ്യതയുള്ളവർക്ക് മുൻകരുതൽ അത്യാവശ്യമാണ്.

ചിറ്റമൃതിൻ നീരും നെല്ലിക്കയും

തൊലി കളഞ്ഞ ചിറ്റമൃതിന്റെ തണ്ടും ഇലയും കഴുകി വൃത്തിയാക്കി ചതച്ചു നീരെടുത്ത് 10 മി ലി വീതം രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ഗ്രന്ഥികളുടെ പ്രവർത്തനമികവ് നിലനിർത്തും. ആഴ്ചയിലൊരിക്കലെങ്കിലും ഇതു ശീലിക്കുന്നതു പ്രമേഹം വരാതിരിക്കാൻ ഫലപ്രദമാണ്.

nelli നെല്ലിക്ക

ഒരു പിടി പച്ചമഞ്ഞൾ കഴുകി വൃത്തിയാക്കി, ചതച്ചു രണ്ടു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ചു ഒരു ലിറ്ററാക്കുക. അതിൽ കുറച്ചു വൃത്തിയാക്കിയ നെല്ലിക്ക ഇട്ടുവയ്ക്കുക. ഇതു ദിവസവും ഒരെണ്ണം വീതം കഴിച്ചാൽ പ്രമേഹത്തെ പ്രതിരോധിക്കാം.

മുളപ്പിച്ച ഉലുവ

രണ്ടുപിടി ഉലുവ കഴുകി വൃത്തിയാക്കി വെള്ളത്തിൽ കുതിർത്തുവച്ച് എടുത്ത് അരിച്ചു തുണിയിൽ കെട്ടിവയ്ക്കുക. അടുത്ത ദിവസം മുള വന്ന ഉലുവ എടുത്തു ചൂടാക്കി തേങ്ങ ചേർത്തിളക്കി കഴിക്കാം.

കരൾരോഗങ്ങൾക്ക് കീഴാർനെല്ലി

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണു കരൾ. മൊത്തത്തിൽ ശരീരത്തിന്റെ മെറ്റബോളിസത്തെ നിയന്ത്രിക്കുന്ന അവയവമെന്ന നിലയ്ക്ക് കരളിനെ കാത്തുസൂക്ഷിക്കേണ്ടത് ആരോഗ്യത്തിനും ആയുസിനും അത്യന്താപേക്ഷിതമാണ്. എന്നാൽ, അടുത്ത കാലത്തായി നമ്മുടെ ഇടയിൽ കണ്ടുവരുന്ന കരൾരോഗങ്ങളുടെ വർധനവ്, മാറിവരുന്ന ജീവിതശൈലിയുടെയും അശ്രദ്ധമായ ആരോ ഗ്യപരിപാലനത്തിന്റെയും ബാക്കിപത്രമാണ്.

ആയുർവേദ വീക്ഷണത്തിൽ, പിത്തത്തിന്റെയും രക്തത്തിന്റെയും പ്രഭവകേന്ദ്രമായ കരളിലെ കോശങ്ങൾക്കു സംഭവിക്കുന്ന ശക്തിക്ഷയമാണ് കരൾരോഗങ്ങൾക്കു കാരണം. അതുകൊണ്ടുതന്നെ, ഈ കോശങ്ങളെ ഊർജവത്താക്കുന്ന ആഹാരങ്ങളും ജീവിതശൈലികളും കരൾരോഗങ്ങളെ ശമിപ്പിക്കാൻ ഉത്തമമാണ്. ചില ഒറ്റമരുന്നുകളും ഫലപ്രദമാണ്.

രക്തശുദ്ധീകരണത്തിന് ഒറ്റമൂലി

കരളിന്റെ രക്തശുദ്ധീകരണ പ്രക്രിയയെ സഹായിച്ചുകൊണ്ടാണ് ഇവ പല രോഗാവസ്ഥകളിലും ഫലപ്രദമാകുന്നത്. രോഗങ്ങളായി പ്രകടമായില്ലെങ്കിൽ പോലും ലിവർ ഫങ്ഷൻ ടെസ്റ്റിൽ തകരാറുകൾ കാണുന്നവർക്ക് ഈ ഒറ്റമരുന്നുകൾ ഉപയോഗപ്പെടുത്താം.

കീഴാർനെല്ലി വേരുൾപ്പെടെ

മഞ്ഞപ്പിത്തത്തിൽ വളരെ പഴയ കാലം മുതൽ ഫലപ്രദമായി ഉപയോഗിച്ചു വരുന്ന ഒരു ഒറ്റമൂലിയാണ് കീഴാർനെല്ലി. ഈ ചെടി സമൂലം പറിച്ചെടുത്തു കഴുകി വൃത്തിയാക്കി അരച്ചുരുട്ടി ഒരു നെല്ലിക്കാവലിപ്പത്തിൽ പാലിൻവെള്ളത്തിൽ ചേർത്തു രാവിലെ വെറുംവയറ്റിൽ കഴിക്കുന്നതാണ് രീതി. കരളിലെ കോശങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ ഇവയ്ക്കു സവിശേഷമായ കഴിവാണുള്ളത്.

keezharnelli കീഴാർനെല്ലി

വെറും വയറ്റിൽ കടുകുരോഹിണി

രോഗാണുബാധ, വിഷബാധ തുടങ്ങിയ കാരണങ്ങൾകൊണ്ടു കരളിലെ കോശങ്ങളിൽ തടസം നേരിട്ടാൽ അതൊഴിവാക്കി കരളിനെ പൂർവാവസ്ഥയിലേക്കു നയിക്കാൻ പറ്റിയ നല്ലൊരു ഒറ്റമൂലിയാണ് കടുകുരോഹിണി. രാവിലെ വെറും വയറ്റിൽ അഞ്ചു ഗ്രാം കടുകുരോഹിണി ചൂർണം കാൽഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ചു കുടിക്കുക. തേൻ ചേർത്തും ഇതു കഴിക്കാവുന്നതാണ്. ഇത് ഒരാഴ്ചക്കാലം തുടർന്നാൽ മതിയാവും.

നീർക്കെട്ടകറ്റാൻ ചിറ്റമൃത്

കരളിലെ നീർക്കെട്ടുകളെ ശമിപ്പിക്കാൻ പറ്റിയ ഏറ്റവും നല്ല ഒറ്റമൂലി ചിറ്റമൃതാണ്. കൃത്യമായ രോഗനിർണയത്തിനു ശേഷം ചിറ്റമൃതിന്റെ തൊലി കളഞ്ഞ തണ്ടും ഇലയും കഴുകി ചതച്ചു നീരെടുത്തോ കഷായം വച്ചോ കഴിക്കുന്നതു പലരിലും അത്ഭുതകരമായ ഫലമാണു കാണിച്ചിട്ടുള്ളത്.

ബി പി കുറയ്ക്കാൻ മുരിങ്ങയില

കേരളത്തിലെ കണക്കുകൾ പ്രകാരം നൂറിൽ മുപ്പതു പേരെങ്കിലും ഉയർന്ന രക്തസമ്മർദ്ദക്കാരാണ്.

അനാരോഗ്യകരമായ ജീവിതശൈലിയും സ്ഥിരമായ മാനസിക പിരിമുറുക്കവും പാരമ്പര്യവുമാണ് ഉയർന്ന രക്തസമ്മർദ്ദത്തിന് പ്രധാന കാരണക്കാർ. ഇവ തന്നെ വ്യത്യസ്ത മാർഗങ്ങളിലൂടെയാണ് ബി പി ഉയർത്തുന്നതെങ്കിലും പൊതുവെ രക്തക്കുഴലുകളുടെ ഇലാസ്തികത കുറയുന്നതും ഹൃദയത്തിന്റെ സമ്മർദ്ദം വർധിക്കുന്നതും ഇതിൽ പ്രധാനപ്പെട്ട രണ്ടു മാറ്റങ്ങളാണ്. ഇതു പരിഹരിക്കാൻ ചില ഒറ്റമൂലികളുണ്ട്.

മുരിങ്ങയില തോരൻ

drumstick-leaf മുരിങ്ങയില

മുരിങ്ങയിലയ്ക്ക് ബി പി കുറയ്ക്കാൻ പ്രത്യേകം പ്രഭാവമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും ലളിതമായി മുരിങ്ങയില തോരൻ വച്ച് ഇടയ്ക്കിടെ കഴിക്കുക.

കൂവളത്തിലനീര് വെറുംവയറ്റിൽ

ഒരു പിടി കൂവളത്തില ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് രാവിലെ വെറുംവയറ്റിൽ തുടർച്ചയായി ഒരു മാസം സേവിക്കുക. മാംസ—മത്സ്യഭക്ഷണങ്ങൾ ഒഴിവാക്കി പഥ്യനിഷ്ഠ പാലിച്ചാൽ നല്ല ഫലം കിട്ടും.

പച്ചനെല്ലിക്കാനീരും തേനും

രണ്ടു സ്പൂൺ പച്ചനെല്ലിക്കാനീര് ഒരു സ്പൂൺ തേൻ ചേർത്ത് ഇളക്കി വയ്ക്കുക. അൽപം മഞ്ഞൾപ്പൊടി ചേർത്ത് ഓരോ ടീസ്പൂൺ വീതം മൂന്നു നേരം ഭക്ഷണത്തിനുമുമ്പ് തുടർച്ചയായി രണ്ടുമാസം കഴിക്കുക. മറ്റു ചികിത്സകൾക്കൊപ്പവും ചെയ്യാം.

ഡോ: പി. എം. മധു, ലക്ചറർ, രോഗനിദാനവിഭാഗം, ഗവ ആയുർവേദ കോളജ്, പരിയാരം, കണ്ണൂർ.

ഡോ: ബി. ഹരികുമാർ, മെഡിക്കൽ സൂപ്രണ്ട്, എൻ. എസ്. എസ്.ആയുർവേദ ഹോസ്പിറ്റൽ, വള്ളംകുളം, തിരുവല്ല.