Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രസവാനന്തരം ചെയ്യേണ്ടത്

postnatal-care Image Courtesy : Vanitha Magazine

പ്രസവാനന്തരം ആയുർവേദ പരിചരണം മൂന്നു ഘട്ടങ്ങളിലായി ചെയ്യാം. ഈ ചികിത്സ ഭാവിയിലേക്കും ഗുണം ചെയ്യും.

ഗർഭിണിക്കു നൽകുന്ന പരിചരണം കുഞ്ഞിനും അമ്മയ്ക്കും വേണ്ടിയുള്ളതാണെന്നു നമുക്കറിയാം. എന്നാൽ പ്രസവത്തിനു ശേഷമുള്ളതോ? പ്രസവാനന്തരം അമ്മയ്ക്കു നൽകുന്ന പരിചരണം ആയുഷ്ക്കാലം അമ്മയ്ക്കു വേണ്ടിയുള്ളതാണ്. മാത്രമല്ല, വരും തലമുറകളെ വളർത്താനുള്ള ആരോഗ്യം നൽകാനുള്ളതും. പ്രസവാനന്തര പരിചരണത്തിനു മൂന്നു ഘട്ടങ്ങളാണ്.

പ്രസവശേഷം ഒരാഴ്ച ഗർഭാശയശുദ്ധിക്കുള്ള ഔഷധങ്ങൾ.

പിന്നീടുള്ള രണ്ടാഴ്ച പ്രസവത്തോട് അനുബന്ധിച്ചുള്ള വാതവികാരങ്ങൾ മാറി ഗർഭാശയത്തിനു ബലമുണ്ടാകാനുള്ള ഔഷധങ്ങൾ.

മൂന്നാം ഘട്ടം: ദേഹപുഷ്ടിക്കു വേണ്ട ഔഷധങ്ങൾ.

പ്രസവശേഷം 90 ദിവസം വരെയോ അടുത്ത ആർത്തവം തുടങ്ങുന്നതു വരെയോ സ്ത്രീയെ സൂതിക എന്ന പേരിൽ ആയുർവേദത്തിൽ പറയുന്നു. ശരിയായ ആരോഗ്യം വീണ്ടെടുക്കാൻ വേണ്ടി സൂതികയയ്ക്കു പ്രത്യേകം ആഹാരവും പരിചരണവും ശാസ്ത്രം നിർദേശിക്കുന്നു. ഇത്തരം പരിചരണം ഗർഭാശയം ചുരുങ്ങി പൂർവസ്ഥിതിയിലേക്ക് എത്താൻ സഹായിക്കുന്നതു കൂടാതെ ശരിയായി മുലപ്പാലുണ്ടാകാനും രോഗാണുബാധ ഉണ്ടാകാതിരിക്കുന്നതിനും സഹായിക്കുന്നു.

ആദ്യഘട്ടത്തിൽ വേണ്ട ഔഷധങ്ങൾ : ദീപ്യകാദികഷായം, ദീപ്യകാദിചൂർണം, പഞ്ചകലോസവം, പഞ്ചകോലപൂർണം, പുളിലേഹ്യം, അശോകാരിഷ്ടം, ഹിംഗുചാദിചൂർണം മുതലായവ കഴിക്കാം.

രണ്ടാംഘട്ടത്തിൽ : വാതഹരങ്ങളായ ഔഷധങ്ങൾ, ധാന്വന്തരം കഷായം, വിദാര്യാദി കഷായം, ദശമൂലം കഷായം, ധാന്വന്തരം ഗുളിക, ദശമൂലാരിഷ്ടം, ജീരകാദ്യാരിഷ്ടം, ധാന്വന്തരാരിഷ്ടം, മൃതസജ്ജീവനി, ദ്രാക്ഷാരിഷ്ടം ഇവയും.

മൂന്നാംഘട്ടത്തിൽ : ശരീരപുഷ്ടിക്കു വേണ്ടിയുള്ള സൗഭാഗ്യശുണ്ഠി, വിദാര്യാദി ഘൃതം, ച്യവനപ്രാശം, അശ്വഗന്ധാദി ലേഹ്യം, അമൃതപ്രാശം ഇവ വിധിപ്രകാരം സേവിക്കണം.

മേൽപറഞ്ഞ ഔഷധങ്ങൾ വൈദ്യ നിർദേശപ്രകാരം അല്ലാതെ സേവിക്കരുത്. ശാരീരികസ്ഥിതി അനുസരിച്ച് അളവിൽ വ്യത്യാസം വരുത്തണം.

എണ്ണതേച്ചു കുളിക്കുന്നതിന്

ധാന്വന്തരം തൈലം, പിണ്ഡതൈലം, ലാക്ഷാദി, ബലാശാവഗന്ധാദി, സഹചരാദി ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. പഴുത്ത പ്ലാവില ഇട്ടു തിളപ്പിച്ചാറിയ വെള്ളം കുളിക്കാൻ നല്ലതാണ്.

പ്രസവിച്ച് 12 ദിവസം കഴിയുന്നതുവരെ മത്സ്യമാംസാദികൾ ഒഴിവാക്കാം. ചുവന്നുള്ളിയും മഞ്ഞൾപ്പൊടിയും കൂടി നറുനെയ്യിൽ വറുത്തതു കഴിക്കാം. കപ്പൽ മുളക്, മരപ്പുളി, ഗുരുത്വമുള്ള ആഹാരങ്ങൾ, പച്ചവെള്ളം മുതലായവ വർജിക്കണം. തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കാം. മലബന്ധമുണ്ടാക്കുന്ന ആഹാരങ്ങൾ വർജിച്ച് ധാരാളം നാരുകൾ അടങ്ങിയവ ഉപയോഗിക്കുക. ഉദാ: ഇലക്കറികൾ, പഴങ്ങൾ എന്നിവ.

പ്രത്യേകം ശ്രദ്ധിക്കേണ്ടത്

ഇന്നത്തെക്കാലത്തു പ്രസവവും സിസേറിയനും നടന്നുവരുന്നത് അലോപ്പതി ഹോസ്പിറ്റലുകളിൽ മാത്രമാണ്. ഇവിടെ ശ്രദ്ധിക്കേണ്ട വിഷയം ഹോസ്പിറ്റലുകളിൽ കൊടുക്കുന്ന മരുന്നുകളും ടോണിക്കുകളും എല്ലാം തീർന്നതിനു ശേഷം മാത്രമേ പ്രസവരക്ഷയ്ക്കുള്ള മരുന്നിനായി ഒരു ആയുർവേദ വൈദ്യനെ സമീപിക്കുന്നുള്ളൂ. അപ്പോഴേക്കും മരുന്നു കഴിക്കേണ്ട സമയം അതിക്രമിച്ചിരിക്കും. അതിനാൽ പ്രസവിച്ച ഉടൻ തന്നെ ചികിത്സ തുടങ്ങാം.

മറ്റൊരു പ്രധാന കാര്യം പ്രസവപരിചരണത്തിനു നിൽക്കുന്ന സ്ത്രീകൾ തന്നെ മരുന്നുകൾ ഉണ്ടാക്കി കൊടുക്കുന്ന പ്രവണതയാണ്. പണ്ട് പ്രത്യേക പ്രാവീണ്യം നേടിയവരായിരുന്നു ഇവർ. എന്നാൽ ഇന്നു സ്ഥിതി അതല്ലല്ലോ. ഇപ്പോൾ പുസ്തക ശാലകളിൽ മാത്രമല്ല വൈദ്യപുസ്തകങ്ങൾ കണ്ടുവരുന്നത്, വഴിയോരങ്ങളിലും മറ്റുമുള്ള വിൽപ്പനച്ചരക്കുകൾ ആയതിനാലുള്ള ദോഷഫലങ്ങൾ ആണിത്. വിധിയാംവണ്ണവും മാത്രാനുസൃതമായും അല്ല ഔഷധങ്ങൾ നിർമിച്ചു കൊടുക്കുന്നത്. ലേഹ്യങ്ങളുടെയും ഘൃതങ്ങളുടെയും ശരിയായ പാകം നോക്കാതെയാണ് ഇവർ ഔഷധനിർമാണം നടത്തുന്നത്.

തേൻ വീണ്ടും ചൂടാക്കരുത്

തേൻ ചേർന്ന ഔഷധം ചൂടാക്കിയാൽ അതു വിഷസമാനമാകും എന്ന് ആയുർവേദം പറയുന്നു. ഔഷധ യോഗങ്ങളിൽ പറഞ്ഞിരിക്കുന്ന ഓരോ യോഗത്തിലുള്ള മരുന്നുകൾക്കും അതിന്റേതായ മാത്രയുണ്ട്. അതിന് അനുസരിച്ചു നിർമിക്കുന്നതാണ് ഉത്തമം. ഔഷധമാത്ര കൂടുന്നതോ കുറയുന്നതോ കൊണ്ടോ പ്രയോജനമില്ല. ഗർഭകാലത്തും പ്രസവസമയത്തും പ്രസവാനന്തരവും നൽകുന്ന ശ്രദ്ധയും പരിചരണവും മരണം വരെ ഗുണം ചെയ്യുമെന്നറിയുക.

തയാറാക്കിയത്: ഡോ: എസ്. ശ്രീജിത്ത്