Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല ആരോഗ്യത്തിന് കർക്കടകരുചികൾ

karkidakom

വീണ്ടുമൊരു കർക്കടകം പെയ്തുപെയ്തടുത്തു. ഇനിയുള്ള ദിനങ്ങളിൽ മലയാളത്തിന്റെ മനസ്സിൽ ശ്രീരാമനാമം പാടിവന്ന ശാരികപ്പൈതലിന്റെ കിളിക്കൊഞ്ചൽ അലയടിക്കും. ഉമ്മറപ്പടിയിൽ തെളിയുന്ന നിലവിളക്കിലെരിയുന്ന ദീപം. വടക്കോട്ടു വാലിട്ട ആവണിപ്പലകമേൽ ദശപുഷ്പങ്ങൾ ചേർത്തുകെട്ടിയ മഞ്ഞളിലയും ഓട്ടുകിണ്ടിയും. അരികത്ത‌ു രാമായണത്തിന്റെ ശീലുകൾ ഈണത്തിൽ ചൊല്ലുന്ന മുത്തശ്ശി. പടിയിറങ്ങിപ്പോയ ഭൂതകാലത്തിലെ കർക്കടകം ബാക്കിവയ്ക്കുന്ന ചില ഗൃഹാതുരതകൾ.

‘ഇടിവെട്ടിടുംവണ്ണം വിൽമുറിഞ്ഞൊച്ച കേട്ട’ ജനകപുത്രിയെപ്പോലെ ഇടവപ്പാതിയിലെ ഇടിയും മഴയും കഴിഞ്ഞ് നമ്മളങ്ങനെ പനി പിടിച്ചിരിക്കുകയാണ്. മഴക്കാലം എന്നാൽ മാറാവ്യാധിക്കാലം എന്നാണല്ലോ പണ്ടും കണക്കുകൂട്ടൽ. പനിപിടിച്ചാൽ നല്ല തണുപ്പത്ത‌ു മൂടിപ്പുതച്ചുകിടന്ന് കണ്ണുകളിറുക്കിയടച്ച് മഴയുടെ താളം കേൾക്കണം. അതുകൊണ്ടുതന്നെ വിരൽമുറിയാതെ പെയ്യുന്ന മഴയുമായെത്തുന്ന കർക്കടകത്തിന് ഒരു പേരുമിട്ടു, പഞ്ഞക്കർക്കടകം.

പ്രകൃതിയോടിണങ്ങിയ തനതു രുചികൾ കണ്ടെത്തുന്ന മാസമാണ് കർക്കടകം. മഴയത്തു വാഴയിലക്കുട ചൂടി പറമ്പിലിറങ്ങി കയ്യെത്തി പറയ്‌ക്കാവുന്ന ഇലവർഗങ്ങളാണ് ശരിക്കും കർക്കടകത്തിലെ രുചിക്കൂട്ടുകൾ. മുരിങ്ങയില ഒഴികെ എല്ലാ ഇലക്കറികളും കറിവച്ചും ഉപ്പേരി വച്ചും ചൂടോടെ കഴിക്കാം.

തുള്ളിക്കൊരുകുടം പേമാരി എത്തുന്ന കർക്കടകം എന്നു പറയാനൊരു സുഖമുണ്ടെങ്കിലും അതൊക്കെ അന്തക്കാലം. ഇപ്പോ കർക്കടകത്തിൽ മഴയെവിടെ? മഴയും തണുപ്പുമൊന്നുമില്ലെങ്കിലും പണ്ടത്തെ കർക്കടകച്ചിട്ടയുടെ ഹാങ്ങോവർ ഇപ്പോഴും ബാക്കി കിടപ്പുണ്ട്.

കർക്കടകമെന്നാൽ ഈ ന്യൂജെനറേഷൻ കാലത്തും ആദ്യം ഓർമയിലേക്കു വരുന്നത് കർക്കടകക്കഞ്ഞിയാണ്. വർഷം മുഴുവൻ പണിയെടുത്ത് ആരോഗ്യം കളഞ്ഞവർ ദേഹരക്ഷയ്ക്കു മാറ്റിവയ്ക്കുന്ന ഒരുമാസ‌ം. അതുകൊണ്ടു തന്നെ കർക്കടകത്തിലെ രുചിക്കൂട്ടുകൾ വീണ്ടും തീൻമേശയിലെ താരങ്ങളാവും. മരുന്നുകഞ്ഞിയും പത്തിലത്തോരനുമടക്കമുള്ള ചില രുചിക്കുറിപ്പുകൾ ഇതാ.

ആവശ്യത്തിനു നവരയരി അല്ലെങ്കിൽ പൊടിയരിയെടുക്കുക. അഞ്ചു ഗ്രാം വീതം ജീരകം, ഉലുവ എന്നിവയും രണ്ടു ഗ്രാം കുരുമുളകും മൂന്നു ഗ്രാം ചുക്കും എടുക്കുക. കൂട്ടുകൾ എല്ലാം ചേർന്ന് 15 ഗ്രാം വരുന്ന വിധത്തിൽ എടുത്താലും മതി. ഇവ ചേർത്ത് കഞ്ഞി തയാറാക്കാം

കേരളത്തിൽ അങ്ങോളമിങ്ങോളം മരുന്നുകഞ്ഞിയുടെ കൂട്ടുകളിൽ പ്രാദേശിക വ്യത്യാസങ്ങൾ കാണാറുണ്ട്. കർക്കടകക്കഞ്ഞിയുടെ തന്നെ മൂന്നു പാചക രീതികളെങ്കിലും ഇപ്പോൾ പ്രചാരത്തിലുണ്ട്.

ഏറ്റവും എളുപ്പമാർന്ന ആദ്യ രുചിക്കുറിപ്പ് ഇതാ

കരിങ്കുറിഞ്ഞി, കുറുന്തോട്ടി എന്നിവയിട്ട വെള്ളം കുറുക്കി എടുത്ത് ഇതിൽ ഞവര അരി വേവിച്ചെടുക്കുക. ഇതിലേക്ക് ജീരകം, ശതകുപ്പ, മഞ്ഞൾ, കുരുമുളക്, ചെറിയഉള്ളി, വെളുത്തുള്ളി, ഉലുവ, അയമോദകം, നാളികേരം വറുത്തരച്ചത്, ഇന്തുപ്പ് എന്നിവ പാകത്തിന് അരച്ചു ചേർത്തു വീണ്ടും തിളപ്പിക്കുക. ഇതിലേക്ക് നെയ്യിലോ വെളിച്ചെണ്ണയിലോ ചെറിയഉള്ളി ചേർത്തു താളിച്ചാൽ മരുന്നു കഞ്ഞിയായി.

അൽപം കൂടി വീര്യമാർന്ന് മരുന്നുകഞ്ഞി കഴിക്കാൻ ആഗ്രഹിക്കുന്നവർക്കാണ് രണ്ടാമത്തെ രുചിക്കുറിപ്പ്. ചെറൂള, പൂവാംകുറുന്നില, കീഴാർനെല്ലി, ആനയടിയൻ, തഴുതാമ, മുയൽച്ചെവിയൻ, തുളസിയില, തകര, നിലംപരണ്ട, മുക്കുറ്റി, വള്ളി ഉഴിഞ്ഞ നിക്തകം, കൊല്ലി, തൊട്ടാവാടി, കുറുന്തോട്ടി, ചെറുകടലാടി ഇവയെല്ലാം പിഴിഞ്ഞു നീരെടുക്കുക. ഇതു ചേർത്തു കഞ്ഞി തിളപ്പിക്കുക

ആയുർവേദത്തിന്റെ തനിമ ചോരാതെ മരുന്നുകഞ്ഞി കയ്പും ചവർപ്പുമറിഞ്ഞു കഴിക്കാൻ താൽപര്യമുള്ള കഠിന ഹൃദയരുണ്ട്. അവർക്കു ചേർന്നതാണ് മൂന്നാമത്തെ രുചിക്കുറിപ്പ്. ഞെരിഞ്ഞിൽ, രാമച്ചം, വെളുത്ത ചന്ദനം, ഓരിലവേര്, മൂവിലവേര്, ചെറുവഴുതിന വേര്, ചെറു തിപ്പലി, കാട്ടുതിപ്പലി വേര്, ചുക്ക്, മുത്തങ്ങ, ഇരുവേലി, ചവർക്കാരം, ഇന്തുപ്പ്, വിഴാലരി, ചെറുപുന്നയരി, കാർകോകിലരി, കുരുമുളക്, തിപ്പലി, കുടകപ്പാലയരി, കൊത്തമ്പാലയരി, ഏലക്കായ, ജീരകം, കരിംജീരകം, പെരുംജീരകം. ഇവ ഓരോന്നും 10 ഗ്രാം വീതം എടുത്തു ചേർത്ത‌ു പൊടിക്കുക. പർപ്പടകപ്പുല്ല്, തഴുതാമയില, കാട്ടുപടവലത്തിൻ ഇല, മുക്കുറ്റി, വെറ്റില, പനികൂർക്കയില, കൃഷ്ണതുളസിയില– ഇവ 5 എണ്ണം വീതം പൊടിക്കുക. 10 ഗ്രാം പൊടി ഇലകൾ പൊടിച്ചതും ചേർത്ത് ഒരു ല‌ീറ്റർ വെള്ളത്തിൽ വേവിച്ചു വറ്റിച്ച് 250 മില്ലി ആക്കണം. അഞ്ചു ഗ്രാം ഞവരയരി, കാരെള്ള് എന്നിവ ചേർത്ത് വേവിക്കുക. പനംകൽക്കണ്ടം ചേർത്ത ശേഷം നെയ്യിൽ ഉഴുന്നുപരിപ്പ് കറുത്ത മുന്തിരിങ്ങ ഇവ വറുത്തെടുത്തതും അരമുറി തേങ്ങാപ്പാലും ചേർത്താൽ മൂന്നാമത്തെ കുറിപ്പു പ്രകാരമുള്ള കർക്കടക കഞ്ഞി റെഡി.

പയർ, തകര, മത്ത, കുമ്പളം, മുള്ളൻചീര, താൾ, കന്നിത്തൂവ, ചേന, ചേമ്പ്, നെയ്‌കൊഴുപ്പ എന്നിവയുടെ ഇലകളാണു പത്തിലത്തോരന് ഉപയോഗിക്കുന്നത്. എല്ലാ ഇലകളും കഴുകിയെടുത്ത് നന്നായരിഞ്ഞെടുക്കുന്നു. ചട്ടിയിൽ അൽപം വെളിച്ചെണ്ണയൊഴിച്ച് കടുകിനു പകരം അരിയും ഉഴുന്നുപരിപ്പും ചേർത്ത് മൂപ്പിക്കുന്നു. ഇതിനൊപ്പം ചെറിയ ഉള്ളി അരിഞ്ഞത‌ു ചേർത്തിളക്കണം. അരിഞ്ഞുവച്ച ഇലകൾ ഇതിലേക്കിട്ട്, ആവശ്യത്തിനു ഉപ്പും വെള്ളവും ചേർത്ത് നന്നായി ഇളക്കിയെടുക്കാം.

ഹെൽത് ടിപ്പ്
ശക്തമായ മഴയും ഇടിമിന്നലും അനുഭവപ്പെടുന്ന മാസമായതിനാൽ രോഗങ്ങൾ വരാൻ സാധ്യത ഏറെയാണ്. ശരീര ബലവും രോഗപ്രതിരോധ ശേഷിയും വർധിപ്പിക്കാനുതകുന്നു എന്നതിനാലാണു കർക്കടകക്കഞ്ഞിക്കു പ്രാധാന്യമേറുന്നത്.

വേഗം ദഹിക്കുന്ന ഭക്ഷണം വേണം കഴിക്കാൻ. ദഹന പ്രക്രിയയും ആഗിരണവും എളുപ്പമാകണം. ജീവകങ്ങളും ധാതുലവണങ്ങളും നാരുകളും അടങ്ങിയതാണ് ഇലകൾ. ദശപുഷ്പങ്ങൾ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും രക്ത ശുദ്ധി, നേത്ര ആരോഗ്യം എന്നിവയെ സഹായിക്കുകയും ചെയ്യും. വിറ്റാമിനുകളുടെയും സോഡിയം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളുടെയും നിക്ഷേപമാണ് ഇലകൾ. ഇരുമ്പിന്റെ അംശം ധാരാളമുള്ള മുരിങ്ങയില മഴക്കാലത്തു കഴിക്കാൻ പഴമക്കാർ സമ്മതിക്കാറില്ല.
പ്രമേഹം, വാതം, ഹൃദ്രോഗം, ഉദരരോഗം എന്നിവ ബാധിച്ചവർക്ക് കർക്കടക കഞ്ഞി വളരെ നല്ലതാണ്. അതുകൊണ്ടു കർക്കടകം കഴിഞ്ഞാലും വേനൽക്കാലം വരുന്നതു വരെ തുടരാവുന്നതാണ് ഈ രുചിക്കൂട്ട്.

Your Rating: