Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഖകർക്കടകം

clt-kizhi

കർക്കടകം. പതിവുപോലെ സുഖചികിൽസയെ കുറിച്ച് ഓർക്കാനുള്ള സമയം. നമ്മുടെ ശരീരത്തിനുള്ള റീ ചാർജാണ് കർക്കടക മാസത്തിലെ സുഖചികിൽസ. കടുത്ത വേനൽച്ചൂടിനു ശേഷം വർഷപാതവും ശീതപാതവും അളപാതവും കഴിഞ്ഞ് ശുദ്ധപാതം എത്തുന്ന കർക്കടകം സുഖചികിൽസയ്‌ക്കും ആരോഗ്യ പരിപാലനത്തിനും യോജിച്ച മാസമാണ്. ഇത്രയും കാലത്തെ അലച്ചിലും അധ്വാനവും തളർത്തിയ ശരീരത്തിന് ഉണർവും ഊർജവും നൽകും കർക്കടക ചികിൽസ.

ആരോഗ്യ കാര്യത്തിലും ആത്മീയ കാര്യത്തിലും ഏറെ പ്രാധാന്യമുള്ള മാസമാണ് കർക്കടകം. മഴക്കാലത്ത് ശരീരത്തിൽ വാതം പ്രകോപിതമാകും. ശരീരത്തിൽ അധികമുള്ള വാതദോഷത്തെ പുറത്തുകളയാൻ വേണ്ടിയാണ് കർക്കടക ചികിൽസ. മസാജ്, ധാര, പൊടിക്കിഴി, പച്ചക്കിഴി, ഉധ്വർത്തനം തുടങ്ങിയവയാണ് ഇതിൽ പ്രധാനം. സുഖ ചികിൽസയ്‌ക്കു മൂന്നു ദിവസം മുതൽ ഒരു മാസം വരെ നീളുന്ന വിവിധ പാക്കേജുകളുണ്ട്. വീട്ടിൽ വച്ചു തന്നെ ചെയ്യാവുന്ന ലഘുചികിൽസയാണ് എണ്ണതേച്ചുകുളി.

ആയുർവേദ ആശുപത്രികളിലും മർമ ചികിൽസാലയങ്ങളിലും കർക്കടക മാസ ചികിൽസകളായ ഉഴിച്ചിലും പിഴിച്ചിലും ഔഷധക്കഞ്ഞി വിതരണവും സജീവമാണിപ്പോൾ. പ്രായഭേദമെന്യേ മുതിർന്നവർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമെല്ലാം സുഖചികിൽസ നടത്താം. വിശ്രമവും പഥ്യവുമാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഓരോ ചികിൽസാവിധിക്കും ഓരോ സമയപരിധിയുണ്ട്. ഒരു ചികിൽസാ രീതി നിശ്‌ചയിച്ചു കഴിഞ്ഞാൽ ഇടയ്‌ക്കു വച്ചു നിർത്താൻ പറ്റില്ല. ശരീരത്തെ ചികിൽസയ്‌ക്കു വിധേയമാക്കി വീണ്ടും പഴയ പടിയെത്തിക്കും വരെയുള്ള ഒരു ചക്രം പൂർത്തിയാക്കുമ്പോഴേ ചികിൽസ പൂർണമാകൂ.

എണ്ണതേച്ചുള്ള കുളി

എണ്ണതേച്ചുള്ള കുളി (അഭ്യംഗസ്‌നാനം) ആണ് വീട്ടിൽ തന്നെ ചെയ്യാവുന്ന സുഖചികിൽസ. പേശികൾക്കും എല്ലുകൾക്കും സംഭവിക്കുന്ന രൂപമാറ്റങ്ങൾ, സ്‌ഥാനഭ്രംശങ്ങൾ, രക്‌തയോട്ടത്തിലുണ്ടാകുന്ന കുറവ് തുടങ്ങിയവ പരിഹരിക്കാൻ എണ്ണതേച്ചുള്ള കുളി ഉത്തമമാണ്. ശരീരപ്രകൃതി മനസ്സിലാക്കി വേണം ഏതു തരത്തിലുള്ള തൈലമാണ് ഉപയോഗിക്കേണ്ടതെന്നു തീരുമാനിക്കാൻ. ഇതിന് ആയുർവേദ വിദഗ്‌ധന്റെ സഹായം തേടണം.

clt-uzhichil

ഉഴിച്ചിലും തിരുമ്മലും

നാഡീ ഞരമ്പുകളെ ഉണർത്തി ഊർജസ്വലത നൽകുന്നതിനുള്ള ചികിൽസകളാണ് ഉഴിച്ചിലും തിരുമ്മലും. വാതരോഗ ശമനത്തിനും ശരീരത്തിലെ മാലിന്യം വിയർപ്പ്, മലം, മൂത്രം എന്നിവ വഴി പുറന്തള്ളുന്നതിനും ഏറെ സഹായകമാണ് ഇത്. ഉഴിച്ചിൽ നടത്തുമ്പോൾ പ്രത്യേക ചിട്ടകൾ പാലിക്കേണ്ടിവരും. ഏഴു ദിവസം മുതൽ 14 ദിവസം വരെയാണ് ഈ ചികിൽസ നടത്തേണ്ടത്. ഔഷധ ഇലകൾ നിറച്ച കിഴികൾ ഉപയോഗിച്ചു തൈലങ്ങൾ ശരീരത്തിൽ തിരുമ്മി പിടിപ്പിക്കുന്നതാണ് തിരുമ്മൽ. ചെറുചൂടുള്ള തൈലം തിരുമ്മി പിടിപ്പിക്കാം. ഇതിനു പുറമെ നവരക്കിഴി ചികിൽസ, ഇലക്കിഴി ചികിൽസ, വസ്തിനസ്യം തുടങ്ങിയവ വിദഗ്ധ വൈദ്യന്മാരുടെ മേൽനോട്ടത്തിൽ ചെയ്യാവുന്ന സുഖചികിൽസകളാണ്.

ഔഷധക്കഞ്ഞി

പൊതുവെ ദഹനശക്‌തി കുറയുന്ന സമയമായതിനാൽ ദഹനം ത്വരിതപ്പെടുത്തുന്നതിനും വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ ബുദ്ധിമുട്ടുകളിൽനിന്നു രക്ഷ തരുന്നതിനും ഒട്ടേറെ ഔഷധക്കൂട്ടുകളടങ്ങിയ കർക്കടക കഞ്ഞി ഉത്തമമാണ്. അരിയാറ്, ചെറുപയർ, നല്ല ജീരകം, കരിംജീരകം, പെരുംജീരകം, ആശാളി, ഉലുവ, കൊത്തമല്ലി, കരിങ്കുറിഞ്ഞി, അയമോദകം, കുറുന്തോട്ടി, മഞ്ഞൾ, ചുക്ക്, ശതകുപ്പ, ഏലത്തരി, ജാതി പത്രി, കരയാമ്പൂ, തക്കോലം, നറുനീണ്ടി (നന്നാറി), ഓരില, മൂവില, അടപതിയൻ, നിലപ്പന, വയൽചുള്ളി, പുത്തരിച്ചുണ്ട, തഴുതാമ, ചങ്ങലവരണ്ട തുടങ്ങിയവ ഔഷധങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന കഷായത്തിലാണ് കഞ്ഞി തയാറാക്കുന്നത്. കഷായം അരിച്ചെടുത്ത് അതിൽ നവര അരി വേവിച്ചെടുത്ത് പശുവിൻ പാലിലോ ആട്ടിൻ പാലിലോ തേങ്ങാപ്പാലിലോ ചേർത്ത് കഴിക്കാം. നവര അരി ഇല്ലെങ്കിൽ പഴയ നെല്ലിന്റെ തവിടു കളയാത്ത മട്ടപ്പച്ചരി ഉപയോഗിക്കാം. രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഉത്തമം. വൈകുന്നേരവും കഴിക്കാം. തുടർച്ചയായി ഒരു മാസം ഉപയോഗിക്കുന്നതു ഗുണം ചെയ്യുമെങ്കിലും 10, 20, 30, 40 ദിവസം എന്നിങ്ങനെ ആവശ്യം പോലെ ഔഷധക്കഞ്ഞി സേവിക്കുന്നവരുണ്ട്. ഔഷധക്കഞ്ഞിയും ച്യവനപ്രാശ്യവുമെല്ലാം നമ്മുടെ ആമാശയത്തിന്റെ പ്രവർത്തനത്തെ കൃത്യതയുള്ളതാക്കാൻ സഹായിക്കും.

clt-seed

ലൈംഗിക ഉണർവ്

ആരോഗ്യകരമായ ലൈംഗിക ജീവിതത്തിനും കർക്കടക ചികിൽസ ഗുണം ചെയ്യും. കർക്കടക ചികിൽസ ശരീരത്തിലെ ഓരോ നാഡികളിലൂടെയുമുള്ള രക്‌തയോട്ടം വർധിക്കാൻ സഹായകമാകും. പേശികൾക്കു ബലമേറും. ലൈംഗിക സംതൃപ്‌തിയുടെ പ്രധാന ഘടകങ്ങളാണിവയെന്ന് ആരോഗ്യവിദഗ്‌ധർ പറയുന്നു.

പഥ്യം

മൽസ്യ, മാംസാഹാരങ്ങൾ ഉപേക്ഷിക്കൽ മാത്രമല്ല പഥ്യം. ആയുർവേദ വിധിപ്രകാരം രോഗത്തിനും ഔഷധത്തിനും ചേരുന്നതും ചേരാത്തതുമായവ തിരിച്ചറിഞ്ഞുകൊണ്ടുള്ള ഭക്ഷണക്രമത്തെയാണു പഥ്യം എന്നു പറയുന്നത്. ചില രോഗങ്ങൾ ഉള്ളവർക്കു ചില ഭക്ഷണപഥാർഥങ്ങൾ ചേരില്ല. ചില മരുന്നുകൾ ഉപയോഗിക്കുമ്പോഴും ചില ഭക്ഷണങ്ങൾ ഉപേക്ഷിക്കേണ്ടി വരും. ഇവ ഒഴിവാക്കി, ഡോക്‌ടർ നിർദേശിക്കുന്ന ഭക്ഷണക്രമം പിന്തുടരുന്നതിനെയാണ് പഥ്യം എന്നു പറയുന്നത്. മിതമായ ഭക്ഷണമാണ് അഭികാമ്യം. കർക്കടകത്തിലെ സുഖചികിൽസാ കാലത്ത്, ദഹിക്കാൻ വിഷമമുള്ള ഭക്ഷണപഥാർഥങ്ങൾ ഒഴിവാക്കാനാണു ഡോക്‌ടർമാർ പറയുക. എരിവ്, ചവർപ്പ്, കയ്‌പ് തുടങ്ങിയ രുചികൾ ഒഴിവാക്കണമെന്നു പറയുന്നതും പഥ്യത്തിന്റെ ഭാഗമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ പഴകിയ അരി കൊണ്ടുള്ള ആഹാരം കഴിക്കുക.

∙ മാംസരസം (സൂപ്പ്) ഉപയോഗിക്കുക.

∙ ചെറുപയർ കൊണ്ടുള്ള സൂപ്പ് കഴിക്കുക.

∙ നാട്ടിൽ കിട്ടുന്ന പത്ത് ഇലക്കറികൾ കഴിക്കുക.

∙ ആയാസമുള്ള ജോലികൾ ഒഴിവാക്കുക.

∙ മധുര രസം, എരിവ് എന്നിവ ഒഴിവാക്കാം.

∙ തൈര് ഒഴിവാക്കാം. മോര് ധാരാളമായി ഉപയോഗിക്കാം.

∙ കുളിക്കുന്നതിനു മുൻപ് ധന്വന്തരം, ബലാശ്വഗന്ധാദി തൈലങ്ങൾ ദേഹത്തു പുരട്ടാം.

∙ മൽസ്യം മാംസം, മുട്ട എന്നിവയൊക്കെ ഒഴിവാക്കണം.

∙ പകലുറക്കം, വ്യായാമം എന്നിവ കുറയ്ക്കണം.

∙ മദ്യം, പുകവലി, മറ്റ് ലഹരി പദാർഥങ്ങൾ എന്നിവ വർജിക്കണം.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. പി. കൃഷ്‌ണദാസ്, ചീഫ് ഫിസിഷ്യൻ, അമൃതം ആയുർവേദിക് ഹോസ്‌പിറ്റൽ ആൻഡ് റിസർച് സെന്റർ പെരിന്തൽമണ്ണ.

ഡോ. പി. വിജേഷ്, ഫിസിഷ്യൻ, ആര്യവൈദ്യശാല, കോട്ടയ്ക്കൽ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.