Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുയൂ വിജയം

youyou പ്രഫസർ യുയൂ

പാരമ്പര്യവൈദ്യത്തിന്റെ പിന്നാലെ പോയി വിജയം കൊയ്ത ചൈനക്കാരിയാണ് ഇത്തവണത്തെ നൊബേൽ പുരസ്കാരജേതാക്കളിലെ താരം. മലമ്പനിപ്രതിരോധത്തിനു പുതിയ ചികിൽസാരീതി കണ്ടെത്തിയ യുയൂ എന്ന 85 വയസ്സുകാരിയാണ് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരത്തിന്റെ ഉടമ. നിലവിലുള്ള മരുന്നുകൾ പൂർണമായും ഫലപ്രദമല്ലാതായതോടെയാണ് ചൈനയിലെ പരമ്പരാഗത ഔഷധസസ്യങ്ങളുടെ കൂട്ടുപിടിച്ചു മലമ്പനിക്കെതിരെ മരുന്നുണ്ടാക്കാൻ യുയൂ ഇറങ്ങിപ്പുറപ്പെട്ടത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ മേൽക്കോയ്മയ്ക്കിടയിൽ പാരമ്പര്യത്തിന്റെ മേൻമ ഒട്ടും താഴെയല്ലെന്നു തെളിയിക്കുന്നതാണു യുയൂവിന്റെ കണ്ടുപിടിത്തം. വൈദ്യശാസ്ത്രത്തിൽ നൊബേൽ പുരസ്കാരം നേടുന്ന ആദ്യ ചൈനക്കാരിയാണു യുയൂ.

മനുഷ്യശരീരത്തിൽ ഉരുളൻവിരകൾ (റൗണ്ട് വേം) ഉണ്ടാക്കുന്ന രോഗങ്ങൾക്കെതിരെ ഫലപ്രദമായ പുതിയ മരുന്നു കണ്ടുപിടിച്ചതിനാണ് ഐറിഷുകാരനായ വില്യം സി. കാംപ്‌ബെൽ, ജപ്പാൻകാരനായ സതോഷി ഒമൂറ എന്നിവർക്കൊപ്പം യുയൂ നൊബേൽ പങ്കിട്ടത്. ചൈനയിലെ പാരമ്പര്യരോഗ പഠനകേന്ദ്രത്തിൽ മുഖ്യ പ്രഫസറാണ് ഇപ്പോൾ അവർ.

തുടക്കം യുദ്ധത്തിൽ

വിയറ്റ്നാം യുദ്ധകാലത്താണ് മലമ്പനിക്കു കൂടുതൽ ഫലപ്രദമായ മരുന്നു കണ്ടെത്താനുള്ള ഒരുക്കങ്ങൾക്കു തുടക്കംകുറിച്ചത്. യുഎസിനെതിരെയുള്ള പോരാട്ടത്തിൽ കമ്യൂണിസ്റ്റ് സേന പിടിച്ചുനിന്നെങ്കിലും മലമ്പനിയെന്ന മറ്റൊരു ശത്രു അവരെ തളർത്തിക്കളഞ്ഞു. അനേകം പോരാളികൾ മലമ്പനി ബാധിച്ചു മരിക്കുകയും ഒട്ടേറെപ്പേർക്കു രോഗം ബാധിക്കുകയും ചെയ്തു. ക്ലോറോക്വിൻ ഔഷധങ്ങളായിരുന്നു അതുവരെ മലമ്പനിപ്രതിരോധത്തിന് ഉപയോഗിച്ചുകൊണ്ടിരുന്നത്. പക്ഷേ, ക്രമേണ ഈ മരുന്നിനെതിരെ രോഗാണുക്കൾ പ്രതിരോധശേഷി കൈവരിച്ചു. മലമ്പനിയെ തുരത്തുന്നതിൽ ഈ മരുന്ന് ഒരുവിധത്തിലും സഹായിക്കാത്ത സാഹചര്യമുണ്ടായി. രോഗം ബാധിച്ചു പട്ടാളക്കാർ ദിനംപ്രതി മരിച്ചൊടുങ്ങിക്കൊണ്ടിരുന്നു.

ഈ അവസരത്തിലാണ് ചൈനീസ് കമ്യൂണിസ്റ്റ് നേതാവ് മാവോ സെദുങ് മലമ്പനി തടയുന്നതിനായി പുതിയ മരുന്നു കണ്ടുപിടിക്കാൻ ശാസ്ത്രജ്ഞരോട് ആവശ്യപ്പെടുന്നത്. ‘523’ എന്ന രഹസ്യ സൈനിക ഓപ്പറേഷന് അന്നു തുടക്കമിട്ടു. മലമ്പനിയിൽനിന്നു തങ്ങളുടെ പോരാളികളെ രക്ഷിക്കാനുള്ള മരുന്നു കണ്ടുപിടിക്കുകയായിരുന്നു ലക്ഷ്യം. അഞ്ഞൂറോളം ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഒരു വിഭാഗം രാസവസ്തുക്കൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളിൽ മുഴുകി. നാൽപതിനായിരത്തോളം രാസവസ്തുക്കൾ പരീക്ഷണശാലകളിൽ ശാസ്ത്രജ്ഞർക്കു മുന്നിൽ വെല്ലുവിളിയുയർത്തി നിന്നു. രണ്ടാം കൂട്ടർ പരമ്പരാഗത മരുന്നുകൾ തേടി നാട്ടുവഴികളിലേക്കും നാട്ടുശാസ്ത്രത്തിലേക്കും ഇറങ്ങി. ഈ കൂട്ടത്തെ നയിക്കാനുള്ള ദൗത്യം യുയൂവിനായിരുന്നു.

പരമ്പരാഗത പാത

ആ യാത്ര അത്ര എളുപ്പമായിരുന്നില്ലെന്നു യുയൂ പറയുന്നു. രണ്ടായിരത്തോളം പച്ചമരുന്നുകൂട്ടുകൾ പരിശോധിച്ചതിൽ 640 എണ്ണത്തിനു മലമ്പനിയെ ഏതെങ്കിലും വിധത്തിൽ പ്രതിരോധിക്കാൻ കഴിയുന്ന ഔഷധമൂല്യമുണ്ടെന്നു കണ്ടെത്തി. ഇരുനൂറോളം ഔഷധച്ചെടികളിൽനിന്നെടുത്ത സത്തുക്കൾ ഉപയോഗിച്ചു മലമ്പനിപ്രതിരോധ സാധ്യതകൾ പരിശോധിച്ചു. പരീക്ഷണത്തിന്റെ മുന്നോട്ടുള്ള പ്രയാണം അത്യന്തം ദുർഘടമായിരുന്നു. മലമ്പനി തടുക്കാൻ പറ്റുന്ന മരുന്നു കണ്ടെത്താനും കഴിഞ്ഞില്ല.

എന്നാൽ, ഒരു പരമ്പരാഗത പുസ്തകത്തിന്റെ ഏടുകളിൽനിന്നു യുയൂവിന് ഇക്കാര്യത്തിൽ വിപ്ലവകരമായ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞു. 1600 വർഷം പഴക്കമുള്ള ഔഷധക്കൂട്ടിന്റെ രഹസ്യം അവർ കണ്ടെത്തി. ചൈനയിൽ ക്വിൻകോ എന്നറിയപ്പെടുന്ന സ്വീറ്റ് വേംവുഡ് എന്ന സസ്യത്തിൽനിന്നു മലമ്പനി പ്രതിരോധത്തിനു മരുന്നു നിർമിക്കാമെന്ന നിർണായക അറിവാണ് യുയൂവിനു ലഭിച്ചത്. തുടർന്ന് ആ വഴിയായി ഗവേഷണം. അഞ്ചു വർഷം കഴിഞ്ഞ് 1972ൽ ആർടിമിസിയ അനുവ എന്ന ശാസ്ത്രനാമമുള്ള സ്വീറ്റ് വേംവുഡിൽനിന്ന് ആർട്ടിമെസിനിൻ എന്ന മലമ്പനിമരുന്ന് ഉൽപാദിപ്പിക്കുന്നതിൽ യുയൂ വിജയം കണ്ടു.

പുറത്തറിയാത്ത വിജയം

ചൈനയിൽ സാംസ്കാരിക വിപ്ലവത്തിന്റെ കാലമായിരുന്നതിനാൽ മരുന്നു പരീക്ഷണങ്ങൾ അനുവദിച്ചിരുന്നില്ല. അതിനാൽ താൻ കണ്ടുപിടിച്ച മരുന്നിന്റെ ശാസ്ത്രീയ വിജയം തെളിയിക്കാൻ യുയൂവിന് അവസരമുണ്ടായില്ല. താമസിയാതെ വിയറ്റ്നാം യുദ്ധം അവസാനിച്ചു. അതോടെ മലമ്പനിക്കു മരുന്നു കണ്ടെത്താനായി നിയോഗിച്ച 523 രഹസ്യ സംഘം പിരിച്ചുവിടുകയും ചെയ്തു.

എൺപതുകളിൽ യുയൂവിന്റെ പരീക്ഷണഫലങ്ങൾ പലയിടത്തും പ്രസിദ്ധീകരിക്കപ്പെട്ടെങ്കിലും മരുന്ന് ഉൽപാദിപ്പിക്കാനായില്ല. ലോകാരോഗ്യ സംഘടനയ്ക്ക് ഈ കണ്ടെത്തലുകൾ അംഗീകരിക്കാൻ നീണ്ട 30 വർഷം വേണ്ടിവന്നു.

ഉന്നതപഠനം ബൂർഷ്വാകളുടെ മുഖമുദ്രയാണെന്നു കരുതിയിരുന്ന മാവോയുടെ കാലത്ത് യുയൂവിന്റെ ഗവേഷണ ഫലങ്ങൾ വളരെക്കാലം മറച്ചുവയ്ക്കപ്പെട്ടതാവാം ഇതിനു കാരണം. ഗവേഷണത്തിൽ യുയൂവിന്റെ പങ്ക് അടുപ്പക്കാർപോലും അറിയുന്നത് അടുത്തകാലത്താണ്.

ലോകമെങ്ങും

യുയൂവിന്റെ കണ്ടെത്തൽ വൈകിയാണെങ്കിലും ചൈനയിലെ ഒട്ടേറെ ഗവേഷകരെ ആയുർവേദവഴിയിലേക്കു നയിച്ചു. ആയിരക്കണക്കിനു ഗവേഷകരാണ് ഇന്നു പുതിയ മരുന്നുകൾക്കായി പഴയ അറിവിന്റെ ചുരുൾക്കെട്ടുകൾ നിവർത്തുന്നത്. എന്നാൽ, ചൈനയിലെപ്പോലെതന്നെയോ അതിലേറെയോ പാരമ്പര്യ ചികിൽസാവിധികളും ആയുർവേദ അറിവുകളും ഉള്ള ഇന്ത്യയിൽ ഇത്തരത്തിലുള്ള ഗവേഷണങ്ങൾ ഇന്നും ശൈശവദശയിൽത്തന്നെ.

ചൈനയിൽ ആഴവും പരപ്പുമുള്ള പഠനങ്ങളും പരീക്ഷണങ്ങളുമാണ് ഈ വിഷയത്തിൽ നടക്കുന്നത്.

എന്നാൽ, ഇന്ത്യയിൽ അങ്ങനെയൊരു നീക്കം ഇനിയും ശക്തിപ്പെടേണ്ടയിരിക്കുന്നു. മലമ്പനി നിർമാർജനം ചെയ്യാനുള്ള ശ്രമങ്ങൾ ഇനിയും വിജയിച്ചിട്ടില്ല. കൊതുകുകൾ പരത്തുന്ന മലമ്പനി ബാധിച്ചു പ്രതിവർഷം ലോകമെങ്ങും നാലരലക്ഷത്തോളംപേർ മരിക്കുന്നുണ്ടെന്നാണു കണക്ക്. കോടിക്കണക്കിനാളുകൾക്കു രോഗഭീഷണിയുമുണ്ട്. അവിടെ പ്രതീക്ഷയുടെ പൊൻപ്രകാശം പകരുകയാണ് യുയൂ കണ്ടുപിടിച്ച മരുന്ന്.

ആഫ്രിക്കയിൽ മാത്രം പ്രതിവർഷം ഒരുലക്ഷത്തോളംപേരാണ് ഈ മരുന്ന് ഉപയോഗിച്ചു രക്ഷപ്പെടുന്നത്. ലോകമെമ്പാടും രോഗബാധിതരായ ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവിതത്തെ മാറ്റിമറിക്കുന്നതാണ് ഈ കണ്ടുപിടിത്തമെന്നു നൊബേൽ സമ്മാന സമിതി അഭിപ്രായപ്പെട്ടു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.