Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിരിയാണിക്കൊപ്പം തൈര് ചേർത്ത സാലഡ് കഴിച്ചാൽ?

biriyani-salad

വിരുദ്ധാഹാരം എന്ന അവസ്ഥ സത്യത്തിൽ ഉണ്ടോ അതോ ചില ദോഷൈക ദൃക്കുകൾ പടച്ചുവിടുന്ന അന്ധവിശ്വാസം മാത്രമാണോ ഇതെന്ന ചോദ്യം പല തീന്മേശകളിലും എന്നത്തെയും ത൪ക്ക വിഷയങ്ങളിൽ ഒന്നാണ്. എന്താണീ വിരുദ്ധാഹാരം? പ്രധാനമായും രണ്ടുകാര്യങ്ങളാണ് വിരുദ്ധാഹാരം എന്ന അവസ്ഥയുടെ അടിസ്ഥാനം. ഒന്ന്: വിവിധതരം ഭക്ഷണവിഭവങ്ങൾ മറ്റേത് ഭക്ഷണത്തിന്റെ ഒപ്പം കഴിക്കുന്നു, രണ്ട്: ഭക്ഷണം ഏതവസ്ഥയിൽ കഴിക്കുന്നു. അതായത് ചില ഭക്ഷണത്തിന്റെ സങ്കലനം (കോമ്പിനേഷൻ), ചില ഭക്ഷണങ്ങളുടെ അവസ്ഥാമാറ്റം എന്നിവ ഭക്ഷണത്തെ ശരീരത്തിനു ദോഷകരമാക്കി മാറ്റാം എന്നു സാരം.

ബിരിയാണി അല്ലെങ്കിൽ നെയ്ച്ചോറ്, കോഴിയിറച്ചി, ആട്ടിറച്ചി, ബീഫ്, മൽസ്യം, തൈര് ചേ൪ന്ന സാലഡുകൾ ഐസ്ക്രീം തുടങ്ങിയവ നമ്മുടെ സദ്യകളിലും ചിലപ്പോൾ വീടുകളിൽ തന്നെയും പ്രധാന വിഭവങ്ങളാണല്ലോ. എന്നാൽ ഇവയെല്ലാം ഒരുമിച്ചു കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന രാസമാറ്റങ്ങളെപ്പറ്റി ആലോചിച്ചിട്ടുണ്ടോ? അതു മൂലം ശരീരത്തിൽ എന്തെങ്കിലും ദോഷം ഉണ്ടാകാനിടയുണ്ടോ? ഇവയൊക്കെ കണ്ണുമടച്ച് കഴിക്കുന്നതിനു മുൻപ് ഇത്തരം കാര്യങ്ങൾ പരിശോധിക്കുന്നതു നന്നാകും. എന്നുവച്ച് ഇവയൊന്നും കഴിക്കേണ്ട എന്നല്ല. ഏതു വിഭവം ഏതിന്റെ ഒപ്പം കഴിക്കുന്നു എന്നതിലാണ് പ്രശ്നം.

ഓരോ ഭക്ഷണ സാധനങ്ങൾക്കും ഓരോ വ്യത്യസ്ത സ്വഭാവങ്ങൾ അഥവാ വീര്യം ഉണ്ടെന്ന് ആയു൪വേദം വെളിപ്പെടുത്തുന്നു. ഉദാഹരണത്തിന് പാലിനുള്ളത് ശീതവീര്യമാണ് അഥവാ തണുപ്പാണ് പാലിന്റെ പൊതുവായ സ്വഭാവം. എന്നാൽ, പാലിന്റെ ഉപോൽപന്നമായ മോരിനാകട്ടെ ഉഷ്ണവീര്യവും. അതായത് ചൂടാണു മോരിന്റെ സ്വഭാവമെന്നു സാരം. ശീതവീര്യമുള്ള പാലും ഉഷ്ണവീര്യമുള്ള മൽസ്യവും തമ്മിൽ ചേരില്ല. ഇത്തരം ‘ചേർച്ചക്കുറവുള്ള’ 18ൽ ഏറെ വിഭവങ്ങളെപ്പറ്റി ആയു൪വേദം വിശദീകരിക്കുന്നുണ്ടെങ്കിലും ചില ഭക്ഷണരീതികൾ ഇപ്പോൾ നമ്മൾ പിന്തുടരാത്തതിനാൽ ഇവിടെ ചേ൪ത്തിട്ടില്ല.

പാലും പഴവും- പാൽ മധുരരസവും പഴം പുളിരസവുമായതിനാൽ ഒരുമിച്ച് കഴിക്കുന്നത് നല്ലതല്ല. ഉദാഹരണത്തിന് വിവിധതരം ഷെയ്ക്കുകൾ. പുളിച്ച് തികട്ടൽ, ദഹനക്കേട് തുടങ്ങിയ അസ്വാസ്ഥ്യങ്ങൾക്കും ഉദരരോഗങ്ങൾക്കും ഇവ കാരണമാകും.

പാലും മൽസ്യവും- പാൽ ശീതവീര്യമുള്ളതും മൽസ്യം ഉഷ്ണവീര്യമുള്ളതുമായതിനാൽ ഇവയുടെ ഒരുമിച്ചുള്ള ഉപയോഗം ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധ൪ പറയുന്നു. മീൻകറി/മീൻ വറുത്തത് കൂട്ടിയുള്ള ഊണിനു ശേഷം പാൽപ്പായസം, പാൽ ചേ൪ത്ത സാലഡ്, ഐസ്ക്രീമുകൾ എന്നിവ കഴിക്കുന്നത് ആമാശയത്തിൽ വിഷഗുണമുണ്ടാക്കും. ത്വക്ക് രോഗങ്ങൾക്കും സാധ്യതയേറെ.

തേനിന്റെ ഉപയോഗം- തേൻ ഒരിക്കലും ചൂടായ അവസ്ഥയിൽ കഴിക്കരുത്. തേനിൽ അടങ്ങിയിരിക്കുന്ന ചില നിർജീവ മധുരം (ഇനേർട്ട് ഷുഗർ) ചൂടാക്കുമ്പോൾ വിഷരൂപം കൈക്കൊള്ളുകയും ശരീരത്തിൽ വിപരീത ഗുണങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

നെയ്യും തണുത്തഭക്ഷണവും- സാധാരണ ശരീരോഷ്മാവിനു മുകളിൽ‌ മാത്രം ദഹിക്കുന്ന വസ്തുവാണ് നെയ്യ്. അപ്പോൾ നെയ്യ് കഴിച്ചതിനു പിന്നാലെ തണുത്ത വെള്ളമോ മറ്റു ഭക്ഷണസാധനങ്ങളോ കഴിച്ചാലോ? ദഹിക്കാതെ വരുന്ന ഇവ മറ്റു ശരീരഭാഗങ്ങളിലേക്ക് കടന്നുകൂടി ചിലയിടങ്ങളിൽ തങ്ങിനിൽക്കും. കൊളസ്ട്രോൾ, ഹൃദ്രോഗം, ഫാറ്റിലിവർ തുടങ്ങിയ രോഗങ്ങൾക്കു വരെ കാരണമായേക്കാം. ആഘോഷങ്ങളിലും മറ്റും ബിരിയാണി/നെയ്ച്ചോറ് തുടങ്ങിയവ കഴിച്ച ശേഷം ഐസ്ക്രീം, തണുത്ത വെള്ളം തുടങ്ങിയവ അകത്താക്കുന്നതു ദോഷം ചെയ്യും.

തൈരിന്റെ ഉപയോഗം- തൈരിന്റെ ഉപയോഗത്തെ സംബന്ധിച്ച് മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ആയുർവേദം നിഷ്‍കർഷിക്കുന്നു. 1. തൈര് ചൂടാക്കി ഉപയോഗിക്കരുത്. തൈര് ചൂടാകുമ്പോൾ ഘടന മാറുകയും ശരീരത്തിനു ദോഷം ചെയ്യുമെന്നുമാണ് വിദഗ്ധർ പറയുന്നത്. വ്രണ‌ം, ശ്വാസംമുട്ട്, നീർക്കെട്ട് എന്നിവയുണ്ടാകാനും സാധ്യതയുണ്ട്. 2. രാത്രിയിൽ പാടില്ല തൈര് രാത്രി ഉപയോഗിക്കാതിരിക്കുകയാണ് ഉത്തമം. 3. ചെറുപയറിന്റെ ചാറോ പഞ്ചസാരയോ ചേർത്തു വേണം തൈര് കഴിക്കാൻ. ദോഷങ്ങൾ പരമാവധി കുറയ്ക്കാനും ഗുണഫലങ്ങൾ നന്നായി കിട്ടാനും നല്ലത്.

ഫാസ്റ്റ് ഫൂഡും മയണൈസും- ഷവർമ, ഗ്രിൽഡ് ചിക്കൻ‌, സ്റ്റീക്ക് തുടങ്ങിയവയ്ക്കൊപ്പം മയണൈസ് കഴിക്കുന്നത് ഒട്ടും നല്ലതല്ല. മുട്ടയും വിനാഗിരിയും മറ്റും അടങ്ങിയ മയണൈസ് ചുട്ട ഇറച്ചിക്കൊപ്പം കഴിക്കുന്നത് ആരോഗ്യകരമല്ല എന്നാണ് വിദഗ്ധാഭിപ്രായം. ദഹനക്കുറവ് മുതൽ ഭക്ഷ്യവിഷബാധ വരെയാകാം ദോഷങ്ങൾ.

സോഫ്റ്റ് ഡ്രിങ്കും ജങ്ക് ഫൂഡും- പെപ്സി, കോള തുടങ്ങിയവ ‘സോഫ്റ്റ് ഡ്രിങ്ക്’ എന്നാണറിയപ്പെടുന്നതെങ്കിലും ഇവ ശരീരത്തിന് ഒട്ടും സോഫ്റ്റ് അല്ല. സാധാരണ ഗതിയിൽ ഒരാഴ്ച കൊണ്ടു ശരീരത്തിലെത്തേണ്ട കാലറി ഇത്തരം അര ലീറ്റർ കുപ്പിയിലെ പാനീയം ശരീരത്തിലെത്തിക്കും. ഒപ്പം ജങ്ക് ഭക്ഷണവും കൂടിയാകുമ്പോൾ ഇരട്ടിപ്രശ്നമാണ്. കാലറി ആമാശയത്തിലെത്തുന്നതിനാൽ വിശക്കില്ല. അതേസമയം പോഷകാംശം അടങ്ങിയ ഒന്നുംതന്നെ കിട്ടുന്നതുമില്ല. ഇത്തരം ന്യൂജെൻ ഭക്ഷണ വൈരുദ്ധ്യങ്ങളെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. പൊണ്ണത്തടി, ജീവിതശൈലീ രോഗങ്ങൾ, ചെറുപ്പത്തിലുള്ള പ്രമേഹം എന്നിവ ഇപ്പോൾ സാധാരണമാണെന്ന് ഡോക്ടർമാർ പറയുന്നു.

വിവരങ്ങൾക്ക് കടപ്പാട്
ഡോ. എസ്. വിനുരാജ്
അസിസ്റ്റന്റ് പ്രഫസർ, ഗവ. ആയുർവേദ കോളജ്, തിരുവനന്തപുരം.  

Your Rating: