Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേനലിനെ നേരിടാം ആയുര്‍വേദത്തിലൂടെ

summer-ayurveda

മാര്‍ച്ച് മാസാരംഭം മുതല്‍ മെയ്മാസം അവസാനം വരെയുള്ള കാലയളവാണ് കേരളത്തില്‍ ഉഷ്ണകാലമായി പറയപ്പെടുന്നത്. ഈ കാലയളവില്‍ സൂര്യന്‍ ഭൂമിയോടടുത്തു നില്‍ക്കുന്നതിനാല്‍ ചൂട് വളരെക്കൂടുതലായി അനുഭവപ്പെടുന്നു. ഭൂമിയില്‍ നിന്നും പരമാവധി ജലാംശം നഷ്ടപ്പെടുന്ന ഈ സമയത്തു സൂര്യന്റെ ശുഷ്കീകരണപ്രഭാവം മനുഷ്യശരീരത്തെയും സാരമായി ബാധിക്കുന്നു. ശരീരബലം കുറയുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. വ്യക്തിശുചിത്വത്തിലും ആരോഗ്യപരിചരണത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല, ഇപ്പോള്‍ പുതുതായി കണ്ടുവരുന്ന മഴയും ചൂടും ഇടകലര്‍ന്ന കാലാവസ്ഥ നിരവധി പേരില്‍ ശാരീരികമായ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. വിട്ടുമാറാത്ത ചുമയും നീരിളക്കവും ഉദാഹരണം. രാവിലെ 10 മണിക്കു ശേഷമുള്ള വെയില്‍ കൊള്ളാതിരിക്കുക, വിയര്‍ത്തു വന്നു കഴിഞ്ഞാലുടന്‍ കുളിക്കാതിരിക്കുക എന്നീ പ്രാഥമിക കരുതലുകള്‍ അത്യാവശ്യമാണ്.

ചിക്കന്‍പോക്സ്, മഞ്ഞപ്പിത്തം, അമീബിയാസിസ് (പ്രവാഹിക), ചെങ്കണ്ണ് തുടങ്ങിയ പകര്‍ച്ചവ്യാധികളും തൊലിപ്പുറത്തുണ്ടാക്കുന്ന ഫംഗസ്ബാധ, മൂത്രനാളിയിലെ അണുബാധ, ഫോട്ടോഡര്‍മറ്റൈറ്റിസ്, ചൂടുകുരു എന്നിവയും സാധാരണയായി കാണാറുണ്ട്. പ്രമേഹരോഗികള്‍ക്ക് ദാഹവും ക്ഷീണവും അതിയായി വര്‍ധിക്കുന്ന ഒരു കാലയളവ് കൂടിയാണിത്. അതുകൊണ്ടു തന്നെ ധാരാളം ശുദ്ധജലം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

കരിങ്ങാലി വെള്ളവും രാമച്ചവും

നറുനീണ്ടി, കരിങ്ങാലി, രക്തചന്ദനം എന്നിവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുകയോ ഷഡംഗപാനീയം (മുത്തങ്ങാക്കിഴങ്ങ്, ചന്ദനം, ചുക്ക്, ഇരുവേലി, പര്‍പ്പടകപ്പുല്ല്, രാമച്ചം) ശീലിക്കുകയോ ചെയ്യുന്നത് ദാഹവും ക്ഷീണവും മാറുന്നതിനും ഉഷ്ണകാലരോഗങ്ങള്‍ വരാതിരിക്കുന്നതിനും ഉത്തമമാണ്.

ചിക്കന്‍പോക്സ് വരാതിരിക്കുന്നതിന് ഗുളൂച്യാദി കഷായത്തിലെ മരുന്നുകള്‍ പാനീയമായി കഴിക്കുന്നതു നല്ലതാണ്. ഗുളൂച്യാദി കഷായം കുടിക്കുന്നതും വെട്ടുമാറന്‍ ഗുളിക കരിക്കിന്‍വെള്ളത്തില്‍ ചേര്‍ത്തു കഴിക്കുന്നതും ചിക്കന്‍പോക്സിനു ഫലപ്രദമാണ്.

മഞ്ഞപ്പിത്തം തടയാന്‍ ദ്രാക്ഷാദി കഷായം

വെള്ളത്തില്‍ക്കൂടി പകരുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസ് ഇക്കാലത്തു സാധാരണമാണ്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ദ്രാക്ഷ”ാദി കഷായം കുടിക്കുക എന്നിവ കൊണ്ട് ഈ അസുഖം വരാതെ നോക്കാവുന്നതാണ്. അന്നഭേദി സിന്ദൂരം 50 മി ഗ്രാം നാരങ്ങാനീരും തേനും ചേര്‍ത്ത് മാസത്തില്‍ നാലോ അഞ്ചോ ദിവസം രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതും ഹെപ്പറ്റൈറ്റിസ് (മഞ്ഞപ്പിത്തം) വരാതിരിക്കാന്‍ നല്ലതാണ്.

ഹെപ്പറ്റൈറ്റിസിന് പ്രതിവിധിയായി ദ്രാക്ഷാദികഷായമാണ് ഉത്തമം. മഞ്ഞപ്പിത്തം മൂലമുണ്ടാക്കുന്ന താല്‍ക്കാലികമായ കരള്‍വീക്കത്തിന് ദ്രാക്ഷാദികഷായവും പുനര്‍നവാദി കഷായവും മാറിമാറി ഉപയോഗിക്കാവുന്നതാണ്. ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടുന്നതിനനുസരിച്ചു വെള്ളം കുടിച്ചില്ലെങ്കില്‍ മൂത്രാശയക്കല്ല്, മൂത്രനാളിയില്‍ അണുബാധ, സ്ത്രീകള്‍ക്ക് അണുബാധ മൂലം വെള്ളപോക്ക് എന്നീ രോഗങ്ങള്‍ പിടിപെടുന്നതാണ്.

മൂത്രാശയക്കല്ലിന് ബൃഹത്യാദി കഷായം

ബൃഹത്യാദി കഷായം കുടിക്കുകയും ഗോക്ഷുരാദി ഗുഗ്ഗുലു ഓരോന്നുവീതം രണ്ടുനേരം കഷായത്തില്‍ ചേര്‍ത്തു കഴിക്കുന്നതും മൂത്രാശയക്കല്ലും മൂത്രനാളിയിലെ അണുബാധയും മാറുന്നതിന് ഫലപ്രദമാണ്. വെള്ളപോക്കിന് മുസലീഖദിരാദി കഷായവും ഗോക്ഷുരാദി ഗുഗ്ഗുലുവും കഴിക്കാവുന്നതാണ്.

ഉഷ്ണകാലത്ത് അതിയായി വിയര്‍ക്കുന്നതുമൂലം ഫംഗസ് ബാധയുണ്ടാവാന്‍ സാധ്യത കൂടുതലാണ്. ഉശീരാസവം, ശാരിബാസവം ഇവയിലേതെങ്കിലും കഴിക്കുന്നതും വജ്രകതൈലം പുറമെ പുരട്ടുന്നതും രോഗം മാറാന്‍ സഹായിക്കും. രണ്ടുനേരം കുളിക്കുന്നതും വൃത്തിയായി കഴുകിയുണക്കിയ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതും മുമ്പു പറഞ്ഞ ഷഡംഗപാനീയം കഴിക്കുന്നതും തൊലിപ്പുറത്തുണ്ടാക്കുന്ന ഫംഗസ്ബാധ തടയാന്‍ ശീലിക്കേണ്ടതാണ്.

ചെങ്കണ്ണ് തടയാന്‍ വാളമ്പുളിയില ധാര

ചെങ്കണ്ണ് മഴക്കാലത്താണധികം ഉണ്ടാകുന്നതെങ്കിലും ഉഷ്ണകാലത്തും സാധാരണയായി കണ്ടുവരുന്നുണ്ട്. ഗുളൂച്യാദി കഷായം കണ്ണില്‍ ധാര ചെയ്യുന്നതും വാളന്‍പുളിയില മണ്‍ചട്ടിയില്‍ തിളപ്പിച്ചു തണുത്തതിനുശേഷം ധാര ചെയ്യുന്നതും ചെങ്കണ്ണ് വരാതിരിക്കാന്‍ ഉപകരിക്കും. ധാരയോടൊപ്പം സുദര്‍ശനാരിഷ്ടം രണ്ടുനേരം കഴിക്കുന്നതും സുദര്‍ശനം ഗുളിക ഒന്നുവീതം മൂന്നുനേരം കഴിക്കുന്നും ചെങ്കണ്ണ് മാറാന്‍ സഹായിക്കും.

അമീബിക് ഡിസന്‍ട്രിയക്ക് (പ്രവാഹിക) കൈഡര്യാദി കഷായം, അന്നഭേദിസിന്ദൂരം എന്നിവ ഗുണം ചെയ്യും. ചൂടുകാലത്തുണ്ടാകുന്ന ഫോട്ടോഡര്‍മറ്റൈറ്റിസ്, സണ്‍ബേണ്‍ എന്നിവയ്ക്കു വജ്രകതൈലം പുറമെ പുരട്ടിയാല്‍ മതിയാകും.

ചൂടുകാലത്തും തണുപ്പുകാലത്തും ഒരുപോലെ കണ്ടുവരുന്നതാണ് തലനീരിറക്കം. സുദര്‍ശനം ഗുളിക രണ്ടുവീതം മൂന്നുനേരം കഴിച്ചാല്‍ തലനീരിളക്കം മാത്രമല്ല അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന തലവേദനയും ഫലപ്രദമായി തടയാം.

അല്‍പം ശ്രദ്ധിച്ചാല്‍ ഉഷ്ണകാലരോഗങ്ങളെല്ലാം ഒഴിവാക്കാവുന്നതേയുള്ളൂ. രോഗം വരുകയാണെങ്കില്‍ മുമ്പു പറഞ്ഞ മരുന്നുകള്‍ എല്ലാം ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കാം.

_ഡോ സി ഡി സഹദേവന്‍ ആയുര്‍വേദ ചികിത്സാ വിദഗ്ധന്‍, തൊടുപുഴ_

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.