Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചികിത്സിക്കാൻ സമയം നോക്കണോ?

494739512

പാരമ്പര്യ കുടുംബവൈദ്യന്മാർ മിക്കവരും വൈദ്യം, ജ്യോതിഷം, തർക്കശാസ്ത്രം, വേദാന്തം, ഭൂതപ്രേതവിജ്ഞാനം തുടങ്ങിയവകളിൽ പ്രാവീണ്യം നേടിയവരും മന്ത്രങ്ങളും തന്ത്രങ്ങളും ഹൃദിസ്ഥമാക്കിയിട്ടുള്ളവരും ആയിരുന്നു. ദൈവഭക്തിയുള്ളവരും ഈശ്വരനെ ആരാധിക്കുന്നവരും ആയ ആ പ്രാചീന വൈദ്യന്മാർ ജ്യോതിഷപ്രകാരം കാലവും ദൂതലക്ഷണങ്ങളും ശകുനങ്ങളും നോക്കി മാത്രമേ ചികിത്സയ്ക്കു പോകാറുള്ളു. (അന്നു രോഗിയെ വൈദ്യൻ വീട്ടിൽ ചെന്നു പരിശോധിച്ചിട്ടാണ് ഔഷധം കുറിക്കുന്നത്.) മാത്രമല്ല മാനസിക രോഗങ്ങളിലും ബാലഗ്രഹം (പിഞ്ചുകുട്ടികളിലുണ്ടാകുന്ന ഗ്രഹപീഡകളിലും) വിവാഹം, ഗർഭാവസ്ഥ, ഗര്‍ഭിണീപരിചരണം, പ്രസവം, പ്രസവാനന്തരചികിത്സ തുടങ്ങിയവകളിലും ജ്യോതിഷപ്രകാരം നാളും പക്കവും രാശിചക്രവും മറ്റും ഗണിച്ചു നോക്കിയും ഗൗരിപഞ്ചാംഗപ്രകാരവും മറ്റുമാണ് ചികിത്സ നിശ്ചയിച്ചിരുന്നത്. അതിനാല്‍ രോഗങ്ങൾക്കു പെട്ടെന്നു ശമനവും ആയുരാരോഗ്യസൗഖ്യവും കിട്ടിയിരുന്നു. മാത്രമല്ല അസാധ്യമായ രോഗങ്ങളെപ്പറ്റിയും ആദ്യമേ തന്നെ പ്രവചിച്ചിരുന്നു.

ആദിമൂല ഗുരുവായ ഗണപതിയെ സ്മരിച്ചുകൊണ്ടു ലഭിച്ചിരുന്ന ആ അറിവുകൾ (അതീന്ദ്രിയജ്ഞാനം) ഒരാളും മറ്റാളുകൾക്ക് പറഞ്ഞുകൊടുക്കുകയില്ല. കാരണം യുഗയുഗാന്തരങ്ങളായി അവരുടെ പിതൃക്കളാലും പാരമ്പര്യമായും ഗുരുമുഖത്തു നിന്നും മറ്റും ദർശനത്തിൽ കിട്ടുന്ന അറിവ് അശരീരി പോലെയുള്ളതാണ്. ആ അറിവ് മറ്റുള്ളവർക്കു പകർന്നു കൊടുത്താൽ അതു നേരായ മാർഗത്തിൽ സാധുജനങ്ങൾക്ക് ഉപയോഗപ്പെടുത്തിയില്ലെങ്കിൽ അതിന്റെ ദോഷങ്ങൾ, പകര്‍ന്നു കൊടുത്ത ആളിനും കുടുംബത്തിനും വരുംതലമുറയ്ക്കും വന്നു ഭവിക്കും. അതിൽ തർക്കമില്ല. ഇപ്പോൾ വൈദ്യപഠനം സർവകലാശാലകളിലാക്കിയതോടെ ഈശ്വരവിശ്വാസവും പാരമ്പര്യവും ഗുരുശിഷ്യബന്ധവും മറ്റും നാമാവശേഷമായ ആധുനിക മനുഷ്യനിൽ എല്ലാം ‘സയന്റിഫിക്ക് മെത്തേഡ്’ ആയി.

എന്താണു രോഗങ്ങൾ?

ആയുർവേദ ശാസ്ത്പപ്രകാരം വായു, പിത്തം, കഫം എന്നിങ്ങനെ ദോഷങ്ങൾ മൂന്നാണ്. ഈ ത്രിദോഷങ്ങളുടെ വൃദ്ധിക്ഷയങ്ങൾ മൂലമാണു ശരീരത്തിൽ രോഗങ്ങളുണ്ടാകുന്നത്. ശരീരത്തിനെ സ്ഥൂലമെന്നും സൂക്ഷ്മമെന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു. സ്ഥൂലശരീരത്തിൽ പ്രത്യക്ഷങ്ങളായ ധാതുമലങ്ങൾ എന്നതുപോലെ അപ്രത്യക്ഷങ്ങളായ വാതപിത്തകഫങ്ങൾ സൂക്ഷ്മശരീരവുമായിരിക്കുന്നു. നാഭിയുടെ കീഴ്ഭാഗം വാതത്തിന്റെയും ഹൃദയത്തിന്റെ മേൽഭാഗം കഫത്തിന്റെയും നാഭിയുടെയും ഹൃദയത്തിന്റെയും മധ്യഭാഗം പിത്തത്തിന്റെയും ആശ്രയ കേന്ദ്രങ്ങളാണ്.

ഗർഭാരംഭസമയത്തു പുരുഷബീജത്തിലും സ്ത്രീബീജത്തിലും ഉള്ള വാതപി‌ത്തകഫങ്ങളുടെ ആധിക്യത്താൽ വാത‌പ്രകൃതി,‌‌‌ ‌പിത്തപ്രകൃതി, കഫപ്രകൃതി എന്നിങ്ങനെ മൂന്നുതരം പ്രകൃതികൾ ഉണ്ടാകുന്നു. വാതപ്രകൃതി ഹീനവും പിത്തപ്രകൃതി മധ്യമവും കഫപ്രകൃതി ഉത്തമവുമാകുന്നു. ശരീരധാതുക്കൾ ഏഴെണ്ണമാണ്. അവ രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം എന്നിവയാണ്. മലങ്ങൾ മൂത്രം, പുരിഷ്ഠം, വിയർപ്പ് എന്നിങ്ങനെ മൂന്നാണ്.

ശരീരസ്ഥിതിക്ക് ആവശ്യമില്ലാത്തതും പുറത്തു പൊയ്ക്കൊണ്ടിരിക്കുന്നവയുമാണ് മലങ്ങൾ. ശരീരം എന്നതു ദോഷങ്ങളും ധാതുക്കളും മലങ്ങളുമാകുന്നു. ഇവകൾക്ക് അതാതിനു തുല്യമായിട്ടുള്ളതുകൊണ്ടു വൃദ്ധിയും വിപരീതമായവകൊണ്ടു ക്ഷയവും ഉണ്ടാകുന്നു. രോഗങ്ങള്‍ അവയുടെ ഉൽപത്തിയെ കണക്കാക്കി നിജരോഗങ്ങളെന്നും ആഗന്തു രോഗങ്ങളെന്നും രണ്ടായി തിരിച്ചിരിക്കുന്നു. അപഥ്യാഹാരങ്ങളാൽ ‌ത്രിദോഷങ്ങൾ കോപിച്ചിട്ട് ഉണ്ടാകുന്ന രോഗങ്ങളെ നിജരോഗങ്ങളെന്നും ബാഹ്യകാരണങ്ങൾ നിമിത്തം രോഗം പുറമേ നിന്നു വന്നുചേരുന്നതിന് ആഗന്തു രോഗമെന്നും പറയുന്നു. ജ്വാരാദീരോഗങ്ങൾ ശരീരാധിഷ്ഠങ്ങളും ഉന്മാദാദികൾ മാനസാധിഷ്ഠാനങ്ങളുമാണ്. ശാരീരികരോഗങ്ങൾക്കു വാതപിത്തകഫങ്ങൾ കാരണ‌മായിരിക്കുന്നതുപോലെ മാനസിക രോഗങ്ങള്‍ക്കു കാരണമായിരിക്കുന്നതു മനസ്സിന്റെ ദോഷങ്ങളായ രജസ്തമോഗുണങ്ങളാണ്.

പുരാണങ്ങളില്‍ ചികിത്സ എങ്ങനെ?

വൈദ്യൻ ഈശ്വരചിന്തയുള്ളവനും രോഗനിർണയത്തിലും ചികിത്സയിലും സമര്‍ഥനും ഗുരുമുഖത്തു നിന്നും ഗ്രഹിച്ച് ശാസ്ത്രാർഥത്തോടുകൂടിയവനും പ്രാവർത്തിക പരിചയം കൂടുതലുള്ളവനും ബാഹ്യാഭ്യന്തരശുദ്ധിയുള്ളവനും ഔഷധനീപുണനും സാമ്പത്തികശേഷിയുള്ളവനും സംസ്കാരസമ്പന്നനും രോഗാവസ്ഥയ്ക്കും കാലദേശാദികൾക്കുമൊപ്പം പ്രവർത്തിക്കുവാൻ കഴിവുള്ളവനും ആയിരിക്കണം. പരിചാരകൻ രോഗിയോടു സ്നേഹമുള്ളവനും ബാഹ്യാഭ്യന്തരശുദ്ധിയുള്ളവനും രോഗിയുടെ ശുശ്രൂഷണത്തിൽ നിപുണനും ബുദ്ധിമാനും വൈദ്യന്റെ ‌നിർദേശങ്ങളും മറ്റും അനുസരിക്കുന്നവനും ആയിരിക്കണം.

രോഗിയായവൻ വൈദ്യന്റെ നിർദേശങ്ങളും മറ്റും അനുസരിക്കുവാനും ‌കൂടാതെ ‌വൈദ്യന്റെ കല്പനകളെ അനുസരിക്കുന്നവനും രോഗാവസ്ഥകളെ‌ ‌അപ്പോഴപ്പോൾ വൈദ്യനെ അറിയിക്കുന്നവനും മനോബലം ഉള്ളവനും ആയിരിക്കണം. അങ്ങനെയുള്ളവനെ ചികിത്സിച്ചാൽ മാത്രമേ രോഗശമനമുണ്ടാകൂ. സ്വയം വൈദ്യ‌നെന്നു നടിക്കുന്നവനായ രോഗിയെ വൈദ്യൻ ഉപേക്ഷിക്കണം– ‌ചികിത്സിക്കരുത് എന്നാണു പറയുന്നത്.

വൃദ്ധവൈദ്യന്മാർ മുമ്പ് ദൂതലക്ഷണം, ശകുനങ്ങൾ, വൈദ്യനും രോഗിക്കുമുണ്ടാകുന്ന സ്വപ്നങ്ങള്‍, രോഗിയുടെ നാളും പക്കവും കാലവും രാശിയും ആരോഗ്യവും മറ്റും പരിഗണിച്ചിട്ടാണ് ചികിത്സ തുടങ്ങിയിരുന്നത്. മാത്രമല്ല രോഗത്തിനു വേണ്ടതായ ഔഷധക്കൂട്ടുകൾ അപ്പോൾ തന്നെ കുറിച്ച് ഔഷധങ്ങള്‍ ശേഖരിച്ചിട്ട് പാകം ‌ചെയ്തു കൊടുത്തുവന്നിരുന്നു.

എന്നാൽ ഇക്കാലത്ത് ഔഷധം നേരത്തെ പാകം ചെയ്തുവച്ചിട്ട് എല്ലാ രോഗത്തിനും ഏകദേശം ഒരു മരുന്നുതന്നെ കൊടുത്തുവരുന്നു. അതിനാൽ രോഗത്തിനു വേണ്ടതായ ഫലപ്രാപ്തി ലഭിക്കുകയില്ല.

സമയം നോക്കി ചികിത്സിക്കാമോ?

ആയുർവേദവും ജ്യോതിഷവും തമ്മിൽ അഭേദ്യബന്ധമാണുള്ളത്. വേദങ്ങള്‍ നാലാണ്. അവ ഋക്, യജൂസ്, സാമം, അഥർവം എന്നിവ. ഈ വേദങ്ങളുടെ ഉപവേദങ്ങളാണ് ഇതിഹാസം, ധനുര്‍വേദം, ഗന്ധർവവേദം, ആയുർവേദം എന്നിവ. വേദങ്ങളും ഉപവേദങ്ങളും എല്ലാം ജ്യോത്യർ ഗോളങ്ങളായ നവഗ്രഹങ്ങളെ അംഗീകരിച്ചിട്ടുള്ളതാണ്. സൂര്യൻ, ചന്ദ്രന്‍, ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നിവയാണു നവഗ്രഹങ്ങൾ, നാലുവേദങ്ങളിലും ഋഗ്വേദത്തിലും അഥർവവേദത്തിലും ആരോഗ്യ രക്ഷയെക്കുറിച്ചുള്ള വിവരണങ്ങൾ ഉണ്ടെങ്കിലും ഋഗ്വേദത്തിലും അഥർവവേദത്തിലും ത്രിദോഷങ്ങളെയും രോഗങ്ങളെയും ചികിത്സാമാർഗങ്ങളെയും കുറിച്ചു കൂടുതലായി വിവരിക്കുന്നുണ്ട്. സർവചരാചരങ്ങളെയും സൂര്യചന്ദ്രന്മാരെയും നക്ഷത്രങ്ങളെയും ഋതുക്കളെയും ഗ്രഹങ്ങളെയും പ്രകൃതിയെയും അടിസ്ഥാനപ്പെടുത്തി നിർമിച്ചിട്ടുള്ളതാണ് ആയുർവേദം. ഋഗ്വേദത്തിലും അഥര്‍വവേദത്തിലും ശരീരശാസ്ത്രം, രോഗവിവരണം, രോഗകാരണങ്ങൾ, രോഗോപചാരം തുടങ്ങിയ വിഷയങ്ങളും പ്രതിപാദിക്കുന്നുണ്ട്. അഥർവവേദത്തിൽ 360 അസ്ഥികളെയും ഒരു ലക്ഷം ധമനികളെയും കുറിച്ചുള്ള വിവരങ്ങളും നൽകിയിട്ടുണ്ട്. രോഗങ്ങളിൽ ചിലതു ദൈവകോപത്താലുള്ളവയാണെന്നും അവയുടെ മോചനത്തിനായി മന്ത്രതന്ത്രങ്ങളും ക്രിയാക്രമങ്ങളും ജ്യോതിഷപ്രകാരം ചെയ്തുതീർക്കണമെന്നും ഉപദേശിച്ചിട്ടുണ്ട്.

ആയുർവേദവും ജ്യോതിഷവും

വളരെ പ്രാചീനകാലം മുതൽ നിലവിലുള്ള ഒരു ശാസ്ത്രമാണ് ജ്യോതിഷം ജോതിഷതത്വങ്ങളുടെ പശ്ചാത്തലം എന്നതു വേദങ്ങളും പുരാണങ്ങളും തന്നെയാണ്. ജ്യോതിഷം എന്നതു ചലനത്തെ കണക്കാക്കി ആവിഷ്കരിച്ചെടുത്ത ശാസ്ത്രമാണെന്നാണ് പൂർവികരുടെ അഭിപ്രായം അതായത് ചലനവും മാറ്റവുമില്ലാത്തതൊന്നും ദൈവം സൃഷ്ടിച്ചിട്ടില്ല എന്നും (സൃഷ്ടി, സ്ഥിതി, സംഹാരം) എല്ലാ വസ്തുവും മൂലഘടകമായ പരമാണുവും എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു എന്നും. ചലിക്കുമ്പോൾ അനുഭവങ്ങളിലൂടെ സമയവും ദൂരവും സൃഷ്ടിക്കുന്നു എന്നും. ഓരോ ചലനവും അതു സൃഷ്ടിക്കുന്ന ഘടകത്തിൽ മാത്രമല്ല മറ്റു ഘടകങ്ങളിലും പ്രതിബിംബിക്കുന്നു എന്നും ആ യാഥാർഥ്യം മനസ്സിലാക്കി ആവിഷ്കരിച്ചെടുത്ത ശാസ്ത്രം ആണു ജ്യോതിഷം.

ആകാശത്തിൽ സപ്തഗ്രഹങ്ങളുടെ സഞ്ചാരപഥം ഭൂമിയിൽ നിൽക്കുന്ന ആൾക്ക് അനുഭവപ്പെടുന്ന നക്ഷത്ര പശ്ചാത്തലത്തോടുകൂടിയ ഒരു സാങ്കല്പിക ദീർഘവൃത്തമാണ് ജ്യോതിഷത്തിലെ രാശിചക്രം. ജ്യോതിഷത്തിന്റെ ഉപശാഖകളാണ് ജാതകം. ഗോളം, നിമിത്തം, മൂഹൂർത്തം, ഗണിതം തുടങ്ങിയവ.

രാശി ചക്രത്തിൽ 27 നക്ഷത്രങ്ങള്‍ അടങ്ങിയിട്ടുണ്ട്. അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി എന്നിങ്ങനെ. ഈ 27 നക്ഷത്രങ്ങൾ മേടം തുടങ്ങി മീനം വരെയുള്ള 12 രാശികളിലായി വ്യാപിച്ചു കിടക്കുന്നു.

ചികിത്സയ്ക്കു നല്ല ദിവസങ്ങൾ

അശ്വതി, രോഹിണി, മകയിരം, തിരുവാതിര, പൂയം, ഭരണി, ചിത്തിര, ചോതി, തിരുവോണം എന്നീ നാളുകളും ഞായർ, ചൊവ്വ, ബുധൻ, വ്യാഴം എന്നീ ആഴ്ചകളും വേലിയിറക്കമുള്ള രാശികളും ലാടം. ഏകർഗളം, ദഗ്ധയോഗം, മൃത്യുയോഗം എന്നിവകളും മേടം, കർക്കടകം, തുലാം, മകരം, മിഥുനം, മീനം, വൃശ്ചികം എന്നീ രാശികളും ശുഭങ്ങളാണ്. രോഗിയുടെ ജന്മാനുജന്മനക്ഷത്രങ്ങൾ വർജിക്കണം.

ആയുസ്സിന്റെ ആരോഗ്യത്തെ പാലിക്കുന്ന ശാസ്ത്രം ആയുർവേദം എന്നാണു മതം. പ്രാചീന ആയുർവേദശാസ്ത്ര പ്രയോഗങ്ങൾ ശരിയായ രീതിയിൽ അനുഷ്ഠിച്ചാൽ രോഗങ്ങളില്ലാത്ത ആരോഗ്യമുള്ള ശരീരം നേടാം. കഴിഞ്ഞ നൂറ്റാണ്ടിന്റെ പൂർവാർദ്ധം വരെ ആയുർവേദം കുടുംബ വൈദ്യന്മാരുടെ കുലത്തൊഴിലായിരുന്നു. സാമ്പത്തികമായി നല്ലനിയിലുള്ള ആ കുടുംബ വൈദ്യന്മാർ അവർക്കു തലമുറയായി കിട്ടിയ ചികിത്സയ്ക്കു പ്രതിഫലം പറ്റിയിരുന്നില്ല.

കാലക്രമേണ ആയുർവേദം പാരമ്പര്യചികിത്സകരിൽ നിന്നും പ്രൊഫഷനൽ കോളജിലേക്കു മാറിത്തുടങ്ങി. അതോടുകൂടി ആയുര്‍വേദത്തിന്റെ ദാര്‍ശനികത്വവും രോഗനിവാരണവും ഫലസിദ്ധിയും കുറഞ്ഞുതുടങ്ങി. ആയുര്‍വേദ ചികിത്സവെറും കച്ചവട ലാക്കോടു കൂടിയതായി മാറിക്കൊണ്ടിരുന്നു.

ഡോ. എൻ. രവീന്ദ്രൻ

ചീഫ് മെഡിക്കൽ സൂപ്രണ്ട്, ശാന്തിഗിരി

ആയുർവേദ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ, പോത്തൻകോട്

തിരുവനന്തപുരം

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.