Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
menstrual-pain

ആർത്തവം മൂലം സ്ത്രീകൾ അനുഭവിക്കുന്ന കഷ്ടതകളും അതിനെപ്പറ്റിയുള്ള ബോധവൽകരണവും നടക്കുന്ന സമയമാണ്. ദിനം പ്രതി ആർത്തവത്തിന്റെ  ജീവശാസ്ത്രവും ചർച്ച ചെയ്യപ്പെടുന്നു. എന്നാൽ മെൻസസ് എന്നത് നമുക്ക് മുന്നിൽ ഉയർത്തുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്. അതിൽ നിന്ന് സമൂഹം തിരിച്ചറിയേണ്ടത് എന്താണ്? ആ പ്രക്രിയ സ്ത്രീക്ക് മാത്രമല്ല എന്ന് നമ്മൾ തിരിച്ചറിയുന്നുണ്ടോ ? ആണിനും പെണ്ണിനും എല്ലാ മനുഷ്യർക്കും ആർത്തവം ഉണ്ട്.

അതെ ഉണ്ട്. പറയാം. 

ആറ്റുമണമേൽ കുഞ്ഞിരാമനും സാനിറ്ററി നാപ്കിനും
"പെണ്ണായ ഞാനും വിറയ്ക്കുന്നില്ല, ആണായ നിങ്ങൾ വിറയ്ക്കുന്നതെന്തേ " ഉണ്ണിയാർച്ച തന്റെ ഭർത്താവിനോട് പറഞ്ഞതാണ്. 

പെണ്ണിന് പീരിയഡ് ഒരു ബാധ്യതയാണ്. വിരോധാഭാസം, അത് അവളുടെ സ്ത്രീത്വത്തിന്റെ ഒഴിച്ചുകൂടാൻ ആവാത്ത കാര്യം എന്നതുമാണ്. അങ്ങനെയെങ്കിൽ ആണിനും പീരിയഡ്സ്‌ ഉണ്ട്. അതിന്റെ പേരിൽ അവനോട്  സഹതപിക്കുന്നുണ്ട്, അടക്കിപ്പിടിച്ചുള്ള ചിരികളും പരിഹാസത്തിൽ പൊതിഞ്ഞ നോട്ടങ്ങളും ഉണ്ട്. എന്താണ് ആണിന്റെ ആർത്തവം ? ആണിന്റെ ആർത്തവം അവന്റെ ആണത്തമാണ്. അതിലേക്കാണ് വരുന്നത്.

ഓർമയിൽ ഓടിയെത്തുന്നത് ഒരു കണ്ണാടിയാണ്, അതിൽ തെളിയുന്ന മീശയില്ലാത്ത മുഖവും. പൂച്ചരോമം പോലെ അവിടിവിടെ മാത്രം ആണത്തം. കൂട്ടുകാരുടെ പരിഹാസച്ചിരി, "അയ്യേ.. നീ ഒരു ആണാണോ ?" ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാൻ അറിയാതെ മാറി നിന്നപ്പോൾ, ആണത്തം ഉറപ്പുള്ള കാലിൽ ആണെന്ന് വേറെ ചിലർ. ഷർട്ട് ഇടാതെ ക്ഷേത്രത്തിൽ കയറിയ അന്ന്,  നെഞ്ചിലെ കൊഴുപ്പ് തൂങ്ങിയത് കണ്ട് ചിരിച്ച ദാവണിപ്പെണ്ണ് പറഞ്ഞു ആണത്തം ഉരുക്ക് പോലുള്ള മെയ്യിലാണെന്ന്. തെറ്റ് പറ്റിയ കാമുകിയെ തലോടിയപ്പോഴും ഇരുട്ടിൽ അബലയെ വെറുതെ വിട്ടപ്പോഴും കണ്ണ് നിറഞ്ഞപ്പോഴും സമൂഹം ഷണ്ഡൻ എന്ന് വിളിച്ചപ്പോഴും ഓർത്തു, സ്നേഹം തൊടാത്ത വിഷപ്പാമ്പിനെ പകയാകണം ആണത്തം. അരയ്ക്ക് താഴെ തളർന്ന ഭർത്താവിനെ വിഷം കൊടുത്തു കൊല്ലുന്ന സിനിമകൾ പറഞ്ഞു  അരക്കെട്ടിന്റെ ബലമാണ് ആണത്തം എന്ന്. പിന്നെയും ആരൊക്കെയോ വെല്ലുവിളിച്ചു, 

"നീ ആണാണെങ്കിൽ... "

ആണിനും ആർത്തവം ഉണ്ട്
അവന്റെ ആണത്തം തന്നെയാണ് അവന്റെ ആർത്തവം. മെൻസസ് പോലെ തന്നെ അത് ആത്മവിശ്വാസമാണ്, ചിലർക്ക് അഹങ്കാരമാണ്. അതോടൊപ്പവും അല്ലാത്തവർക്കും അതൊരു ബാധ്യത തന്നെ ആണ്. ഒരേ സമയം അത് ലൈംഗികതയുടെ തടവറയാണ്, അടയാളവും ആണ്. ഒഴിച്ചു കൂടാനാവാത്ത ആ ബന്തവസ്സിനെതിരെയാണ് നമ്മൾ പാഡ് പൊക്കി പിടിക്കേണ്ടത്. ബ്ലീഡിങ്  നിർത്താൻ ഓപ്പറേഷൻ ചെയ്‌താൽ മതി, പക്ഷെ സാനിറ്ററി നാപ്കിൻ  സംസാരിക്കുന്ന രാഷ്ട്രീയം ചോരയുടേതല്ല, അതിനുമപ്പുറമാണ്. അത് ആണിന് വേണ്ടി നിലകൊള്ളേണ്ടതും അത് കൊണ്ട് തന്നെയാണ്. ജന്മം കൊണ്ട് കിട്ടിയ സവിശേഷതകൾ ബാധ്യത ആവാതെയിര‌ിക്കാനാണ്. അങ്ങനെ തന്നെ ആവട്ടെ.  അവർ... അവർ തല ഉയർത്തി പിടിക്കട്ടെ. 

ബ്ലഡി ഷിറ്റ്
ഒരു യാത്രയിലാണ്. തൊട്ടടുത്തിരിക്കുന്നത് ഒരു ഉമ്മച്ചിയാണ്. പല്ലൊക്കെ കൊഴിഞ്ഞെങ്കിലും നല്ല ജോളിയാണ്. കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും അവിടമാകെ ദുർഗന്ധം പരന്നു. ഉമ്മച്ചിയെ മരുമകൾ ചീത്ത പറഞ്ഞു." ഇവരെയും കൊണ്ട്  എവിടെയും പോകാൻ കഴിയൂല, എത്ര പറഞ്ഞാലും കേൾക്കില്ല "  

മറ്റൊരു സന്ദർഭം: ഒരു ആശുപത്രിയിലാണ് സംഭവം. എന്റെ സുഹൃത്ത് ആക്സിഡന്റ് ആയിട്ട് അഡ്മിറ്റ്‌ ആണ്. നട്ടെല്ലിനാണ് പരുക്ക്. ഞങ്ങൾ ഏറെ സമയം സംസാരിച്ചിരുന്നു. പെട്ടെന്ന് എന്റെ കയ്യിൽ എന്തോ നനവ്.  തുടർന്ന് മുറിയിൽ ദുർഗന്ധവും പടർന്നു. ചുറ്റുമുണ്ടായിരുന്നവരുടെ മുഖം മാറി. അവന്റെ കണ്ണ് നിറഞ്ഞു. കൂട്ടുകാർ താളം തെറ്റാതെ പറഞ്ഞു, "ശരിയെടാ, ഞങ്ങൾ ഇറങ്ങട്ടെ "

ഉമ്മച്ചിക്കും എന്റെ സുഹൃത്തിനും സ്വയം നിയന്ത്രിക്കാൻ കഴിയാത്ത ചിലതുണ്ട്. സ്വന്തം മലവും മൂത്രവും അവർ അറിയാതെ പോകും. ന്യൂറോ രോഗങ്ങങ്ങൾക്കോ  മൂത്രാശയ/മലാശയ രോഗങ്ങളിലോ ആണ് ഇങ്ങനെ വരുന്നത്. ചില മാനസിക രോഗങ്ങളിലും. അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല. ഇൻകോണ്ടിനെൻസ് എന്നാണ് മെഡിക്കൽ സയൻസിൽ ഇതിനു പറയുക.  പാഡ്മാൻ ചലഞ്ചിനൊപ്പം നമുക്ക് ഒരു പാമ്പേഴ്സ് ചലഞ്ച്കൂടി വേണം. 

ആർത്തവ രക്തത്തിന്റെ അത്രയും എസ്തെറ്റിക് അല്ല അപ്പിയും മൂത്രവും. അതുകൊണ്ടുതന്നെ അതിന് മാർക്കറ്റിങ് വാല്യൂ ഇല്ല. ഓർത്ത് പുളകം കൊള്ളാനും കഴിയില്ല. പക്ഷേ മെൻസസ് പോലെ തന്നെ ഒരുപാട് പേരുടെ നിത്യജീവിതത്തിലെ പ്രശ്നമാണ് ഇൻകോണ്ടിനെൻസ്. രോഗികളുടെ മാത്രമല്ല, കൂട്ടിരിപ്പുകാരുടെയും. ഒരു പ്രായം കഴിഞ്ഞാൽ വളരെ കോമൺ ആയ കാര്യമാണ്. ആരോഗ്യപരമായും സാമൂഹികപരമായും പല തലങ്ങളിൽ പ്രസക്തി ഉള്ള സംഗതിയാണ്. ആ വെല്ലുവിളികളോട് ജനങ്ങൾ  റെസ്പോൺസിവ് ആകണം. ഇത് മൂലമുള്ള ഒറ്റപ്പെടലും ഉപേക്ഷിക്കപ്പെടലും അവസാനിക്കണം.

മലവും മൂത്രവും കെട്ടിക്കിടന്ന്, പുറംപൊട്ടി ചലം ഒഴുകുന്ന വ്രണങ്ങൾ ഉണ്ട്. ബെഡ്സോർ എന്ന് പറയും. ചികിത്സയുണ്ട്. പക്ഷേ തീരെ ഉണങ്ങാത്ത മുറിവുകൾ, രോഗങ്ങൾ വലിച്ചെറിഞ്ഞ നിസ്സഹായതയിൽ  ഒറ്റപ്പെട്ടു പോയ ആ പാവങ്ങളുടെ മനസ്സിലാണുള്ളത്. അതിന് പ്രതിവിധി ഉണ്ടോ ? ചലഞ്ച്.നമ്മുടെ അനുവാദത്തിന് കാത്ത് നിൽക്കാതെ നമ്മളുടെ മേൽ പ്രകൃതിയുടെ ചില വികൃതികൾ ഉണ്ട്. അത് എല്ലാ മനുഷ്യനിലും സംഭവിക്കുന്നുണ്ട്. ചിലത് ബാധ്യത ആകുന്നു. ചിലത് അവരെ തീർത്തും നിസ്സഹായരാക്കുന്നു. പീരിയഡ്‌സും. നമ്മളും അവരും സമൂഹവും അത് മനസ്സിലാക്കണം, ചേർത്ത്‌ നിൽക്കണം, ചെറുത്തുനിൽക്കണം. അടർന്ന് വീഴുന്ന ചോരക്കഷണങ്ങൾക്ക് അപ്പുറത്ത്, ഇതാണ് ആർത്തവത്തിന്റെ യഥാർഥ സന്ദേശം. 

ഡോ. അരുൺ ശ്രീ പരമേശ്വരൻ
കൺസൽറ്റന്റ് ഫിസിഷ്യൻ
ഡിപ്പാർട്ട്മെന്റ് ഒാഫ് ജനറൽ മെഡിസിൻ
മെഡിക്കൽ കോളജ്, പരിയാരം

Read More : Health News

related stories