ഫാറ്റിലിവർ, പ്രഷർ, കൊളസ്ട്രോൾ എല്ലാം കുറഞ്ഞു! ജീവിതം തിരികെ തന്നത് ആ ചാലഞ്ച്

praveen
SHARE

രക്തസമ്മർദം, കൊളസ്ട്രോൾ, ഫാറ്റിലിവർ, ഇത്രയുമായിരുന്നുകുറച്ചു മാസം മുൻപു വരെ തൃശ്ശൂർ തൃപ്രയാർ സ്വദേശിയും യുഎഇയിൽ ഉദ്യോഗസ്ഥനുമായ പ്രവീണിന്റെ ജീവിതം. എന്നാൽ ഫിറ്റ്നസ് എന്ന ചിന്ത തന്റെ ജീവിതത്തിലേക്കു കടന്നുവന്നതോടെ കാര്യങ്ങൾ എല്ലാം മാറിമാറിയുകായിരുന്നെന്ന് പ്രവീൺ പറയുന്നു. ശരീരഭാരം കുറച്ചതോടെ പുതിയൊരു മനുഷ്യമായ കഥ പ്രവീൺ മനോരമ ഓൺലൈനോടു പറയുന്നു.

അധികം വണ്ണമുള്ള ആളായിരുന്നില്ല ഞാൻ. 15 വർഷത്തോളമായി യുഎയിൽ എത്തിയിട്ട്.  ഇവിടുത്തെ ജീവിതരീതിയും ജോലിയിലെ സ്ട്രസ്സും എല്ലാം പ്രകടമായത് എന്റെ ശരീരത്തിലൂടെയാണെന്നേ ഉള്ളു. പലപ്പോഴും ഇതു കുറയ്ക്കാനായി പുറപ്പെട്ടിട്ടുണ്ടെങ്കിലും നീണ്ട പരാജയങ്ങളായിരുന്നു. അങ്ങനെ ഇരുന്നപ്പോഴാണ് 2018–ല്‍ റൂട്ടിന്‍ ചെക്കപ്പ് നടത്തിയപ്പോൾ ഡോക്ടർ ആ മുന്നറിയിപ്പു നൽ‌കിയത്– 'ഇനി മരുന്നൊന്നും കഴിച്ചാൽ പോര, ഇനിയും ഇങ്ങനെതന്നെ തുടർന്നാൽ ജീവിതം വിധിക്ക് വിട്ടുകൊടുക്കേണ്ടി വരുമെന്ന്'. 2010 മുതൽ ബ്ലഡ് പ്രഷറിന് തുടർച്ചയായി മരുന്നു കഴിച്ചിട്ടും  110- 140 റേഞ്ചിൽ. ഫാറ്റി ലിവർ റേഞ്ച് നോർമൽ ലെവലിന്റെ 6 ഇരട്ടി, കൊളട്രോളിന് ഇനി ഭക്ഷണ ക്രമീകരണം പോരാ മരുന്ന് കഴിച്ച് തുടങ്ങിയേ പറ്റൂന്ന് ഡോക്ടറുടെ അന്ത്യശാസനം. 

സ്വന്തം ജീവിതം മറ്റൊരാൾക്കും, വിശേഷിച്ച് വിധിക്ക് വിട്ടു കൊടുക്കുന്ന ശീലം തീരെയില്ലാത്തതു കൊണ്ടും, ഓഗസ്റ്റിൽ വരുന്ന പുതിയ ഉണ്ണിയോട്  അച്ഛൻ ജീവിതം വിധിക്കു വിട്ടുകൊടുത്തിരിക്കുന്ന ആളാണെന്നു പറയാൻ വയ്യാത്തതുകൊണ്ടും ജീവിത ശൈലിയിൽ മാറ്റം വരുത്തണം എന്ന് തീരുമാനമങ്ങെടുത്തു. പക്ഷേ എങ്ങനെ, എന്ത് എന്നൊന്നും ഒരു തീർച്ചയില്ലായിരുന്നു.

അപ്പോഴാണ് ഹബീബ് അഞ്ജുവിന്റെ  വെയ്റ്റ്‌ലോസ് ചാലഞ്ച് പോസ്റ്റ് കാണുന്നത്. മുമ്പൊരിക്കൽ ഹബിയുടെ 10 k റണ്ണിങ്ങ് ചാലഞ്ചിൽ ചേർന്നിട്ട് മൂന്നിന്റന്ന് മുട്ടു വേദന കാരണം മുട്ടുകുത്തി പോയതാണെങ്കിലും ഇത്തവണ ഞാൻ എന്തായാലും ടാർജറ്റിൽ എത്തുമെന്നു തീരുമാനിച്ചിരുന്നു. ഗ്രൂപ്പിലെ അംഗങ്ങൾ പലരും നേരിട്ട് അറിയാവുന്നവരായതുകൊണ്ടുതന്നെ മടി പിടിച്ച് ഇരിക്കില്ലെന്നും കൂടെ നടന്നാൽ രക്ഷപ്പെടുമെന്ന ഉറപ്പും ഉണ്ടായിരുന്നു.

അപ്പോഴും ഡയറ്റും വർകൗട്ടും ഒന്നുമല്ലായിരുന്നു എന്നെ അലട്ടിയിരുന്നത്. 24 വർഷത്തോളമായി ദിനചര്യ പോലെ തുടർന്നിരുന്ന മദ്യപാനം എങ്ങനെ നിർത്തും എന്നതായിരുന്നു വലിയ ചോദ്യം. ഹെൽത്തി ഫൈ മീ ഇൻസ്റ്റാളു ചെയ്ത് ഞാൻ ആദ്യം നോക്കിയത് മദ്യത്തിന്റെ കാലറി വാല്യു ആയിരുന്നൂന്ന് പറഞ്ഞാലറിയാലോ, ആ ശീലം നിർത്താനാകുമെന്ന് ഞാൻ കരുതിയീട്ടെ ഇല്ലെന്ന്. പക്ഷേ ഡോ. ഷിംന അസീസിന്റെ ഒറ്റ ദിവസത്തെ വിരട്ടലിൽ അത് നിന്നേപോയി എന്നതാണു സത്യം. 

ഇപ്പോൾ രക്തസമ്മർദം 80-120, കഴിച്ചുകൊണ്ടിരുന്ന മരുന്നിന്റെ ഡോസ് കുറച്ചിട്ടുണ്ട്. ഫാറ്റി ലിവർ അളവുകൾ അനുവദനീയമായ റേഞ്ചിലും താഴെ,  കൊളട്രോളിന് കഴിക്കുന്ന മരുന്ന് നിർത്തി, 74 കിയോ കിലോയുണ്ടായിരുന്ന ശരീരഭാരം 64–ൽ എത്തി.  സൈറ്റിൽ മുമ്പ് 3-4 നില കയറിയെറങ്ങുമ്പോഴേക്കും കിതച്ചു തുടങ്ങുന്നത് മാറി ഇപ്പോൾ എത്രയും കയറിയിറങ്ങാം എന്നായി. സ്റ്റാമിന വളരെയധികം മെച്ചപ്പെട്ടു. ഉപയോഗിച്ചിരുന്ന മീഡിയം സൈസ് ഷർട്ട് ലൂസ് ആയി. 32 ഇഞ്ച് ട്രൗസേഴ്സ് ലൂസായി, ബെൽറ്റ് രണ്ടു ഹോൾ പൊസിഷൻ മാറി. നല്ല രീതിയിലുള്ള മാറ്റം എനിക്കുതന്നെ അറിയാൻ സാധിക്കുന്നുണ്ട്.

മസിൽ ടോണിങ് ഇനിയും ആവേണ്ടതുണ്ട്. വയറും ഇതുവരെ ഫ്ലാറ്റ് ആയിട്ടില്ല. അതുകൊണ്ടു തന്നെ ഈ ഡയറ്റിങ്ങും വർക്ക്ഔട്ടും കഴിയുന്ന അത്രയും കാലം തുടരണം.സെപ്റ്റംബറിൽ തുടങ്ങിയതിൽ പിന്നെ ഒരിക്കലും ഡയറ്റും വർക്ക്ഔട്ടും മുടക്കിയിട്ടില്ല. ഉറക്കം മാത്രം 8 മണിക്കൂർ നടക്കാറില്ല. ഒരു ആവറേജ് കഴിഞ്ഞ 3 മാസത്തെ നോക്കുമ്പോൾ 5.30 മണിക്കൂറെ വരുന്നുള്ളൂ. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ ആദ്യമായിട്ടാണ് ഇത്രയും ഏറെ കാലം മദ്യം തൊടാതെയിരിക്കുന്നത്, എന്നെക്കൊണ്ട് മദ്യം ഒഴിവാക്കാനാവും എന്ന് ഞാൻ കരുതിയിരുന്നതേയില്ല. ഈ വർക്കൗട്ട് ചാലഞ്ചിന്റെ ഏറ്റവും വലിയ നേട്ടം ആയി ഞാൻ കരുതുന്നതിതാണ്; പ്രവീൺ പറഞ്ഞു നിർത്തി.

പ്രവീൺ പിന്തുടർന്ന ഡയറ്റും വർക്ക്ഔട്ട് പ്ലാനും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA