ജിമ്മിൽ പോകുന്നതു നല്ലതോ? ബാബു ആന്റണി പറയുന്നു

SHARE

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്ത നടനാണ് ബാബു ആന്റണി. ഉയരത്തിന് ആനുപാതികമായി ശരീരഭാരം സൂക്ഷിക്കുന്നതിൽ ശ്രദ്ധാലുവാണ് അദ്ദേഹം. എങ്ങനെയാണ് താൻ ഇത്രയും ഗംഭീരമായി ഫിറ്റ്നസ് നിലനിർത്തുന്നതെന്ന് അദ്ദേഹം മനോരമ ഓൺലൈനോടു പറയുന്നു.

ഞാൻ ഒരു കായികതാരം ആയിരുന്നു. ഫിസിക്കൽ ഫിറ്റ്നസിനു വളരെ പ്രാധാന്യം കൊടുക്കുന്ന ഒരാളാണ്. ഫിസിക്കലി എപ്പോഴും ഫിറ്റ് ആയിരിക്കണമെന്ന നിർബന്ധം ഉണ്ടായിരുന്നു. ഒരു യോദ്ധാവിന്റെ ശരീരഘടന വേണം എന്ന ആഗ്രഹവും. അതിപ്പോഴും തുടർന്നു പോകുന്നുണ്ട്. ആദ്യകാലത്ത് ഫിസിക്കൽ ഫിറ്റ്നസ് ഉള്ളവരെ മലയാള സിനിമ കണ്ടിരുന്നത് വില്ലൻമാരായിട്ടാണ്. നല്ല മസിലുള്ള, ഫിറ്റായിട്ടുള്ള ആളെ നായകൻ അടിച്ചിടുമ്പോള്‍ നായകൻ അതുപോലെ ശക്തിയുള്ളവനാകുന്ന എന്ന ചിന്തയായിരുന്നു അന്നുണ്ടായിരുന്നത്. അപ്പോൾ ഫിസിക്കലി ഫിറ്റ് അല്ലെങ്കിൽ മസ്കുലാർ സ്ട്രെങ്ത് ഉള്ളവരെ വില്ലനായി കാസ്റ്റ് ചെയ്യും. 

പക്ഷേ ഇന്നത് മാറി. ഇന്ന് ഹീറോയ്ക്കും ഫിസിക്കൽ ഫിറ്റ്നസ് വേണമെന്ന ധാരണ വന്നു. ഇപ്പോഴത്തെ തലമുറയിൽ എല്ലാവരും ജിമ്മിൽ പോകുന്നവരും ഫിറ്റ്നസിനെക്കുറിച്ച് അവബോധം ഉള്ളവരുമാണ്. ഫിസിക്കൽ ഫിറ്റ്നസ് ഉണ്ടെങ്കിൽ മാത്രമേ മെന്റൽ ഫിറ്റ്നസ് ഉണ്ടാകൂ. ആരോഗ്യമുള്ള ഒരു ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ്സും ഉണ്ടാകൂ. ജിമ്മിൽ പോകുന്നതിനെക്കാൾ എന്റെ അഭിപ്രായത്തിൽ നല്ലത് മാർഷ്യൽ ആർട്സ് ആണ്. മാനസികമായ വളർച്ച, ഫോക്കസിങ്, സെൽഫ് ഡിഫൻസ്, ഫിറ്റ്നസ് തുടങ്ങി ഒരുപാട് കാര്യങ്ങൾ അതിലുണ്ട്. 

മാർഷ്യൽ ആർട്സ് ചായ്‌വുള്ള സിനിമകൾ ഞാൻ ചെയ്യുന്നതുകണ്ട് ഒരുപാടു പേരെ എനിക്ക് മോട്ടിവേറ്റ് ചെയ്യാൻ സാധിച്ചു. അതുകണ്ട് ഒരുപാടു പേർ മാർഷ്യൽ ആർട്സ് പഠിച്ചു. അങ്ങനെ അരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ ചെറിയൊരു ഭാഗമായതിൽ എനിക്കു സന്തോഷമുണ്ട്. 

ആഴ്ചയിൽ ഒരു മൂന്നു ദിവസമെങ്കിലും എല്ലാവരും എന്തെങ്കിലും വർക്ഔട്ട് ചെയ്യണം. നടപ്പ്, ഓട്ടം, സ്കിപ്പിങ്, സ്വിമ്മിങ് എന്നിവയിലേതെങ്കിലും ചെയ്യാം. ഇതിനായി ഒരു മണിക്കൂർ മാറ്റിവയ്ക്കാം. സമ്പത്ത് വളർത്തുന്നതിനൊപ്പം ആരോഗ്യം വളർത്താനും എല്ലാവരും സമയം കണ്ടെത്തണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA