'ഞാൻ ഒരു വരവു വരും, 'വയറൻ' എന്നു കളിയാക്കിയവരുടെ മുന്നിലേക്ക്'

sharaf-1
SHARE

വയനാട് മേപ്പാടി സ്വദേശി ഷറഫുദ്ദീനെ കണ്ടാൽ പലരും ആദ്യം നോക്കുന്നത് സാമാന്യം വലിയ വയറാണ്. അടുപ്പക്കാരിൽ ചിലർ വന്ന് തൊട്ടു നോക്കും  ഒപ്പം ഒരു കമന്റും – 'വയറൻ' ! നാട്ടിലായാലും ജോലി ചെയ്യുന്ന സൗദി അറേബ്യയിലായാലും 'വയറൻ'മാരുടെ മുൻനിരയിൽ ഷറഫുദ്ദീനും ഉണ്ടായിരുന്നു. എന്നാൽ ഈ വിളിയൊന്നു മാറ്റിയിട്ടുതന്നെ കാര്യമെന്ന് ഷറഫും അങ്ങു ചിന്തിച്ചു. നല്ല പാചകക്കാരിയായ ഭാര്യ സെലീന ഇഷ്ടത്തോടെ വച്ചുനീട്ടിയ പല വിഭവങ്ങളും വേണ്ടെന്നുവച്ചും തന്നോടുതന്നെ മത്സരിച്ചും ഷറഫ് വിജയം കൊയ്തു. ഇപ്പോൾ പരിചയക്കാരൊക്കെ ഷറഫിന്റെ പിറകേയാ... എങ്ങനെയാ വയറു കുറച്ചതെന്ന് അറിയാൻ. ആദ്യമൊക്കെ അൽപ്പം വട്ടം കറക്കിയെങ്കിലും എല്ലാവരും 'ഫിറ്റ്' ആയിക്കോട്ടെ, ഞാനും കുറേ അനുഭവിച്ചതല്ലേ എന്നോർത്തപ്പോൾ ആ 'രഹസ്യം' അവർക്കായും ഞാൻ പങ്കുവച്ചു.

നാലു മാസംകൊണ്ട് ശരീരഭാരം 82–ൽ നിന്ന് 70ലേക്കും വയറ് 98–ൽ നിന്നും 82 സെന്റിമീറ്ററിലേക്കും എത്തിക്കാൻ സാധിച്ചതിന്റെ രഹസ്യം ഷറഫ് മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

ഭാര്യയുടെ ഭക്ഷണവും മാറിപ്പോയ ശരീരവും

കല്യാണത്തിനു മുമ്പുവരെ അധികം ശരീരഭാരമോ കുടവയറോ ഒന്നുമില്ലാത്ത വ്യക്തിയായിരുന്നു ഞാൻ. ഭാര്യ സെലീന നല്ലൊരു പാചകക്കാരിയാണ്. ഇടയ്ക്കിടെ പുതുവിഭവങ്ങൾ പരീക്ഷിക്കുകയും ചെയ്യും. ആഹാരത്തോട് ഒരിക്കലും ' നോ' പറയുന്ന ശീലമില്ലാത്ത ആളായിരുന്നു ഞാൻ. അപ്പോൾ പിന്നെ ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം രുചികരമായി കിട്ടിയപ്പോൾ ഞാനുമങ്ങ് കഴിച്ചു ഭാര്യയെ പ്രോത്സാഹിപ്പിച്ചു. പ്രോത്സാഹനം കൂടിയപ്പോൾ എന്റെ ശരീരവുമങ്ങ് ചീർത്തു. കൂടെ 'വയറൻ' എന്ന വിളിപ്പേരും.

ഇതൊന്നും എനിക്ക് പ്രശ്നമേ അല്ല

നാട്ടിലും സൗദി അറേബ്യയിലുമൊക്കെ 'വയറൻ' എന്നു വിളിച്ച് കൂട്ടുകാർ കളിയാക്കിയെങ്കിലും എനിക്ക് അതൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു. മക്കളും എന്റെ വയറ് നന്നായി ഉപയോഗപ്പെടുത്തുന്നുണ്ടായിരുന്നു. അവർക്ക് സുഖമായി കിടക്കാനുള്ള തലയണയായി എന്റെ വയറു മാറി. കടയിൽ പോയി വസ്ത്രം എടുക്കുന്ന സമയത്താണ് എനിക്ക് ബുദ്ധിമുട്ട് തോന്നിത്തുടങ്ങിയത്. ഈ 'വയർ' എനിക്കു യോജിച്ചതല്ലല്ലോ എന്ന ചിന്ത അതോടെ ഉണ്ടായി. ബാക്കി ഭാഗങ്ങള്‍ ഒക്കെ നല്ല പാകമായ ഡ്രസ്സ്‌ വയറിന്‍റെ അവിടെ വല്ലാതെ നെരുങ്ങി യിരിക്കും. വയറ് കൂടെ കവര്‍ ചെയ്തു വരുമ്പോള്‍ ലൂസ് ഡ്രസ്സ്‌ ആയിരിക്കും എടുക്കാന്‍ പറ്റുക. 

ആകര്‍ഷിച്ചത് ശരീരത്തിന് യോജിക്കാത്ത ആ കുടവയർ

വാര്‍ഷിക അവധിക്ക് നാട്ടില്‍ വന്നപ്പോഴാണ് വെയ്റ്റ്‌ലോസ് ചാലഞ്ചുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റ് കാണുന്നത്. പക്ഷേ എന്നെ ആ പോസ്റ്റിലേക്ക് ആകർഷിച്ചത് പോസ്റ്റിനൊപ്പം ഉണ്ടായിരുന്ന ശരീരത്തിന് യോജിക്കാത്ത ആ കുടവയറിന്റെ ചിത്രമായിരുന്നു. ഈ അവസ്ഥയിലാണല്ലോ ഞാനും എന്നു ചിന്തിക്കാൻ പിന്നെ അധികസമയം വേണ്ടിവന്നില്ല. അതിനു പുറമേ നാല്പത് വയസ്സൊക്കെ ആയതല്ലേ ഇനി കുറച്ചു ശരീരം ശ്രദ്ധിക്കണം എന്ന ഉള്‍വിളിയും ഉണ്ടായിരുന്നു. അതോടെ ആ ഗ്രൂപ്പിൽ ഞാനുമങ്ങ് ചേർന്നു. നാട്ടിൽവച്ച് ഡയറ്റും വർക്ക്ഔട്ടുമൊന്നും കാര്യമായി ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെങ്കിലും സൗദിയിൽ എത്തിയശേഷം ഗ്രൂപ്പിൽ നൽകുന്ന നിർദ്ദേശങ്ങളെല്ലാം കൃത്യമായി പാലിച്ചു മുന്നോട്ടുപോയിത്തുടങ്ങി.

sharaf-2

പ്രോത്സഹാനവുമായി വന്ന മൂന്നു വയസ്സുകാരി

സ്വതവേ അൽപ്പം മടിയുള്ള കൂട്ടത്തിലാണ് ഞാൻ. അതുകൊണ്ടുതന്നെ ഈ തീരുമാനങ്ങളൊന്നും വീടിനു പുറത്ത് ആരുമറിഞ്ഞില്ല. രാവിലെ എഴുന്നേൽതിരുന്നാൽ ഭാര്യയും മക്കളായ ലിബയും ആയിഷയും കൂടി എഴുന്നേൽപ്പിച്ചിരിക്കും. മൂന്നു വയസ്സുകാരി മകൾ ആയിഷ എനിക്കൊപ്പം അവളാൽ കഴിയുന്നവിധം വർക്ക്ഔട്ടുകളും തുടങ്ങി. ഒമ്പതു വയസ്സുകാരി ലിബ ആകട്ടെ അവൾക്കും കുറച്ചു വയറുണ്ട്, അതു കുറയ്ക്കണമെന്നു പറഞ്ഞു കൂടി. പിന്നെ ഭാര്യയായിട്ടു കുറയ്ക്കുന്നതെന്തിനെന്നു കരുതി അവളും എത്തി. പിന്നെ ഞാനെങ്ങനെ ചെയ്യാതിരിക്കും. ഗ്രൂപ്പിലൂടെ കിട്ടുന്ന മോട്ടിവേഷനും വലിയൊരു പ്രോത്സാഹനമായിരുന്നു. ഒപ്പം പാഷന്‍ ആയി കൂടെ കൊണ്ടുനടക്കുന്ന ബാഡ്മിന്റനും കൂടി ആയപ്പോള്‍ റിസള്‍ട്ട് പെട്ടെന്നുതന്നെ കിട്ടാന്‍ തുടങ്ങി.

മുട്ടുവേദനയും തലവേദനയും പാടേ പോയി

ശരീരഭാരം കുറഞ്ഞു തുടങ്ങിയതോടെ എന്നെ അലട്ടിയിരുന്ന മുട്ടുവേദനയിലും തലവേദനയിലും കാര്യമായ മാറ്റങ്ങൾ കണ്ടുതുടങ്ങി. വയറു കാരണം ചമ്രം പടിഞ്ഞിരുന്ന് ആഹാരം കഴിക്കാൻ ബുദ്ധിമുട്ടിയിരുന്നു. എന്നാൽ ഇപ്പോൾ നന്നായി ചമ്രം പടിഞ്ഞ് എത്രനേരം വേണമെങ്കിലും ഇരിക്കാൻ സാധിക്കും. ബാഡ്മിന്റന്‍ കളിക്കുമ്പോള്‍ സ്ഥിരമായി ഉണ്ടായിരുന്ന മുട്ടുവേദന പമ്പ കടന്നു. സ്ഥിരമായി ഉണ്ടായിരുന്ന തലവേദന ഇപ്പോള്‍ തീരെ കാണാറില്ല. ഇപ്പോള്‍ എന്തു കാര്യത്തിലും ശുഷ്കാന്തിയോടെ ഇടപെടാന്‍ സാധിക്കുന്നു. രാവിലെ എഴുനേല്‍ക്കുന്നത് മുതല്‍ ഒരുന്മേഷം സദാ സമയവും ഉണ്ട്.

ആ 'വയയറൻ' ബാപ്പ മതിയാരുന്നു

വയറു കുറഞ്ഞതോടെ എന്നെ ഏറ്റവും പ്രോത്സാഹിപ്പിച്ച മൂന്നു വയസ്സുകാരിക്കാണ് ഏറ്റവും വലിയ പരാതിയും. അവൾ വയറിൽ തലവച്ച് സുഖമായി ഉറങ്ങിയിരുന്നതാണ്. ഇപ്പോൾ ബാപ്പയുടെ വയറിൽ തലവച്ചു കിടക്കാൻ പറ്റുന്നില്ലെന്നാ അവൾ പറയുന്നെ.

ഇനിയും ഇതേ രീതിയില്‍ തന്നെ കുറച്ചു കാലം വിട്ടു വീഴ്ചയില്ലാതെ മുന്നോട്ടു പോകണം. വയറൊക്കെ ഒന്നു കൂടെ ഫ്ലാറ്റ് ആക്കി ടൈറ്റ് ആക്കി എടുക്കണം. മസിൽസ് ഒക്കെ നല്ല രീതിയില്‍ ടോണ്‍ ചെയ്തു എടുക്കണം. അതിനുശേഷം എന്നെ കളിയാക്കിയ നാട്ടിലുള്ള സുഹൃത്തുക്കളുടെ മുന്നിലേക്ക് ഞാൻ ഒരു വരവു വരും– ആത്മവിശ്വാസത്തോടെ ഷറഫ് പറയുന്നു.

ഷറഫുദ്ദീൻ പിന്തുടർന്ന ഡയറ്റ്, വർക്ക്ഔട്ട് പ്ലാൻ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA