ആറുമാസം കൊണ്ട് 54 കിലോ കുറച്ചു; സിംപിൾ ഡയറ്റുമായി 23 കാരൻ

arshdeep
SHARE

ആര്‍ഷ് ദീപ് വാലിയ എന്ന  23 കാരനെ ആറുമാസം മുന്‍പ് കണ്ടവര്‍ക്ക് ഇപ്പോള്‍  മനസ്സിലാകണമെങ്കില്‍ ഒന്നുകൂടി സൂക്ഷിച്ചു നോക്കണം. അത്രയ്ക്കും മാറ്റമാണ് ആർഷിന്. 23–ാമത്തെ വയസ്സില്‍ തന്നെ  ആര്‍ഷ് ഒരു പ്രമേഹരോഗിയായി മാറിയിരുന്നു. എല്ലാത്തിനും പിന്നില്‍  തന്റെ ജീവിതചര്യ തന്നെയായിരുന്നെന്ന് ആർഷ് പറയുന്നു. 

ഫാസ്റ്റ് ഫുഡ് അടക്കം കണ്ടതെല്ലാം വാരിവലിച്ചു കഴിക്കുന്ന സ്വഭാവമായിരുന്നു. എന്തായാലും ഇനിയും ഇത് തുടര്‍ന്നാല്‍ സംഗതി ഗുരുതരമാകുമെന്നു കണ്ട്  ആര്‍ഷ് ആ കടുത്ത തീരുമാനമെടുത്തു,  വണ്ണം കുറച്ചേ മതിയാകൂ.

145  കിലോയായിരുന്നു അന്ന് അദ്ദേഹത്തിന്റെ ഭാരം. ഡയറ്റിങ്ങിനൊപ്പം ജിമ്മിലും പോകാന്‍ തുടങ്ങി. അവിടുത്തെ ട്രെയിനറുടെ നിര്‍ദേശപ്രകാരമായിരുന്നു ആഹാരം ക്രമപ്പെടുത്തിയത്. സ്മൂത്തി, പുഴുങ്ങിയ മുട്ട, പ്ലെയിന്‍ ഓട്സ് എന്നിവയായിരുന്നു പ്രധാനപ്രാതല്‍ വിഭവങ്ങള്‍. 

ഉച്ചയ്ക്ക് ബ്രൗണ്‍ റൈസ്, അല്ലെങ്കില്‍ വേവിച്ച പച്ചക്കറികള്‍ അല്ലെങ്കില്‍ ചപ്പാത്തി. ഫ്രഷ്‌ സാലഡ്, വേവിച്ച ചിക്കന്‍, മഷ്‌റും എന്നിവയാക്കി അത്താഴം. ഇടയ്ക്കിടെ  പനീര്‍ കഴിക്കാനും മറന്നില്ല. അപൂര്‍വം ദിവസങ്ങളില്‍ മാത്രം തന്റെ പ്രിയപ്പെട്ട വിഭവങ്ങള്‍ കഴിക്കാന്‍ ആര്‍ഷ് സമയം കണ്ടെത്തി. 

ഡയറ്റിനൊപ്പം കഠിനമായി വര്‍ക്ക്‌ ഔട്ട്‌  ചെയ്യാനും ആര്‍ഷ് മറന്നില്ല. ഒരുദിവസം പോലും അത് മുടക്കിയുമില്ല. ദിവസം  

30 മിനിറ്റ് വീതം നടക്കാനും ശ്രമിച്ചു. കാര്‍ഡിയോ ഹെവി വെയ്റ്റ് വ്യായാമങ്ങള്‍ ആയിരുന്നു അധികവും ചെയ്തത്. എന്തായാലും വെറും ആറുമാസം കൊണ്ട് ഏകദേശം  54 കിലോയോളം അദ്ദേഹം കുറച്ചു. 

ജീവിതശൈലി മാറിയതോടെ എല്ലാം നേരെയായി എന്നാണ് ആര്‍ഷ് പറയുന്നത്. പ്രോസസ് ചെയ്ത ആഹാരങ്ങൾ കഴിക്കുന്നതും നിര്‍ത്തി. ഉപ്പിന്റെയും മധുരത്തിന്റെയും ഉപയോഗം നന്നേ കുറച്ചു. എന്തായാലും ഈ പുതിയ രൂപം നല്‍കുന്ന ആത്മവിശ്വാസം വലുതാണ്‌ എന്നാണ് ആര്‍ഷ് പറയുന്നത്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA